ശുചിത്വ നിലവാര പരിശോധനകൾ കർശനമാക്കി പാലാ നഗരസഭ പൊതുജന ആരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം.
കേരള സർക്കാരിൻറെ മാലിന്യമുക്ത നവ കേരള പ്രവർത്തനങ്ങളുടെ ഭാഗമായി പാലാ നഗരസഭ പ്രദേശത്തെ ഹോട്ടലുകൾ, ഭക്ഷണനിർമ്മാണ കേന്ദ്രങ്ങൾ, തട്ടുകടകൾ, വഴിയോരക്കച്ചവട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശോധനകൾ കർശനമാക്കി പാലാ നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം. ചൊവ്വാഴ്ച നഗരസഭയിലെ 15 ഓളം സ്ഥാപനങ്ങളിലാണ് പരിശോധന സംഘടിപ്പിച്ചത്.
ന്യൂനതകൾ കണ്ടെത്തിയ 9 സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. മൂന്ന് സ്ഥാപനങ്ങളിൽ നിന്നും പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു.
പരിശോധനയിൽ 10 കിലോയോളം നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകൾ പിടിച്ചെടുത്ത് കണ്ടുകെട്ടി. ഭക്ഷണശാലകളിലും ഭക്ഷണ നിർമ്മാണ കേന്ദ്രങ്ങളിലും ഹെൽത്ത് കാർഡ് ഇല്ലാത്ത തൊഴിലാളികളെയും കണ്ടെത്തി.
തരം തിരിക്കാത്ത മാലിന്യങ്ങൾ സംഭരിക്കുന്നത്, മലിനജലം പൊതു ഓടയിലേക്ക് തോടുകളിലേക്കും നിക്ഷേപിക്കുന്നത് തുടങ്ങിയവയും ശ്രദ്ധയിൽപ്പെട്ടതായി പൊതുജന ആരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം അറിയിച്ചു.
പാലാ നഗരസഭ പ്രദേശത്തും സമീപ പഞ്ചായത്തുകളിലും മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ സൂക്ഷ്മവും വിശദവുമായ പരിശോധനയാണ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയത്.
പൊതുവഴിയിൽ മാലിന്യം നിക്ഷേപിച്ച വഴിയോര കച്ചവടക്കാർക്കെതിരെയും നിയമലംഘനങ്ങൾ നടത്തിയ ഭക്ഷ്യവിതരണ, ഭക്ഷണ ഉത്പന്ന നിർമ്മാണ കേന്ദ്രങ്ങൾക്കെതിരെയും കർശന നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ പൊതുജന ആരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി പി ജോൺ അറിയിച്ചു.
ഭക്ഷ്യ ഉല്പാദന കേന്ദ്രങ്ങളിൽ നിന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന കളറുകൾ നീക്കം ചെയ്യുന്നതിന് നിർദ്ദേശം നൽകി. കൂടാതെ ഷുഗർ ബോളുകളുടെയും രാസപദാർത്ഥങ്ങളുടെയും ഉപയോഗത്തിൽനിന്ന് ഭക്ഷണ നിർമ്മാണ കേന്ദ്രങ്ങൾ ഒഴിവാക്കണമെന്ന് നിർദ്ദേശങ്ങൾ നൽകി. വിവിധ സ്ഥാപനങ്ങളുടെ കുടിവെള്ള സ്രോതസ്സുകൾ സംഭരണികൾ എന്നിവ സംഘം പരിശോധിച്ചു.
സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സോണി വി, അനീഷ് സി ജി, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിനു പൗലോസ്, രഞ്ജിത്ത് ആർ ചന്ദ്രൻ, മഞ്ജുത മോഹൻ, മഞ്ജു മോഹൻ, സോണി ബാബു എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി. വരുംദിവസങ്ങളിലും കർശന പരിശോധനയും നിയമനടപടികളും തുടരുമെന്ന് ക്ളീൻ സിറ്റി മാനേജർ ആറ്റ്ലി പി ജോൺ അറിയിച്ചു.
0 Comments