ജില്ലാ പഞ്ചായത്ത് വികസന കരട് പദ്ധതികൾക്ക് അംഗീകാരം: കാർഷിക, സാമൂഹികക്ഷേമ, ആരോഗ്യ മേഖലകൾക്ക് ഊന്നൽ



ജില്ലാ പഞ്ചായത്ത് വികസന കരട് പദ്ധതികൾക്ക് അംഗീകാരം:
കാർഷിക, സാമൂഹികക്ഷേമ, ആരോഗ്യ മേഖലകൾക്ക് ഊന്നൽ

കാർഷിക, സാമൂഹികക്ഷേമ, ആരോഗ്യ മേഖലകൾക്ക് ഊന്നൽ നൽകിയുള്ള വിവിധ പദ്ധതി നിർദേശങ്ങൾക്ക് ജില്ലാ പഞ്ചായത്ത് വികസനസമിതി യോഗത്തിന്റെ അംഗീകാരം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തുഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ കരട് പദ്ധതിരേഖ പ്രകാശനം ചെയ്തു.
പട്ടികവർഗ വികസനത്തിനായി ഊരുകൂട്ട വോളണ്ടിയർമാരെ നിയോഗിക്കുക, സിവിൽ സർവീസ് പരിശീലനം നൽകുക, ഉപാധിരഹിത പട്ടയം അനുവദിക്കുക തുടങ്ങിയവ കരട് പദ്ധതി നിർദേശത്തിലുണ്ട്.


  കാർഷികമേഖലയിൽ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം, പുറംബണ്ട് ബലപ്പെടുത്തൽ, സോളാർ പമ്പ് സ്ഥാപിക്കൽ, ഫാമുകളുടെ അടിസ്ഥാന വികസനം, വാഴ-പച്ചക്കറി കൃഷികൾക്ക് ധനസഹായം, കോഴാ ഫാമിൽ ഫാം ടൂറിസം തുടങ്ങിയ പദ്ധതികൾ നിർദേശിക്കുന്നു.
 ജില്ലാ ആശുപത്രിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടപ്പാക്കൽ, സൗര തെരുവുവിളക്കുകൾ സ്ഥാപിക്കൽ, ജില്ലാ പഞ്ചായത്തിന്റെ ആസ്തികളിൽ ഉൾപ്പെട്ടിട്ടുള്ള റോഡുകളുടെ നവീകരണം, കെട്ടിടങ്ങളുടെ പുനരുദ്ധാരണം എന്നിവയും നിർദേശങ്ങളിൽപ്പെടുന്നു. ഭിന്നശേഷിക്കാർ, വയോജനങ്ങൾ, ട്രാൻസ്ജെൻഡർ വ്യക്തികൾ എന്നിവർക്കായി വിവിധ പദ്ധതികളുണ്ട്.


ക്ഷീരകർഷകർക്ക് പാലിന് ഇൻസെന്റീവ് നൽകുന്നതിന് ഒരുകോടി രൂപ, കാലിത്തീറ്റ സബ്ഡിഡിക്ക് 50 ലക്ഷം രൂപ, ക്ഷീരകർഷകർക്ക് ഇൻഷുറൻസിന് 20 ലക്ഷം രൂപ, ക്ഷീരവർധിനി റിവോൾവിങ് ഫണ്ടിന് 10 ലക്ഷം രൂപ എന്നിങ്ങനെ ക്ഷീരവികസനത്തിന് മുന്തിയ പരിഗണന നൽകിയിട്ടുണ്ട്.
അസാപ്, ആർ.ഐ.ടി. തുടങ്ങിയ നൈപുണ്യ പരിശീലന കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തി പട്ടികജാതി, വർഗ യുവതീയുവാക്കൾക്ക് പരിശീലന പരിപാടികൾ , എസ്.സി. നഗറുകളിൽ മിനി മാസ്റ്റ് വിളക്കുകൾ സ്ഥാപിക്കൽ, വിദേശ സർവകലാ ശാലകളിൽ പഠിക്കുന്നതിന് സ്‌കോളർഷിപ്പ്, കലാ സാഹിത്യ പ്രതിഭകൾക്ക് കഴിവുകൾ മെച്ചപ്പെടുത്തുന്നതിന് പിന്തുണ നൽകൽ തുടങ്ങി പട്ടികജാതി വികസനത്തിനും വിവിധ പദ്ധതികൾ മുന്നോട്ടുവെക്കുന്നു.


മരുന്നു വാങ്ങുന്നതിനും അടിസ്ഥാനസൗകര്യവികസനത്തിനും ഉൾപ്പെടെ   ആരോഗ്യമേഖലയ്ക്കും പദ്ധതിനിർദേശങ്ങളിൽ പരിഗണന നൽകിയിട്ടുണ്ട്. ലഹരിക്കെതിരേ മാരത്തൺ, സ്‌കൂളുകളിലും പൊതു ഇടങ്ങളിലും പെൺകുട്ടികൾക്കുവേണ്ടി പ്രത്യേക ഇടങ്ങൾ സജ്ജീകരിക്കൽ, വിവിധ മേഖലകളിൽ മണിക്കൂർ അടിസ്ഥാനത്തിൽ തൊഴിൽ ആവശ്യമുള്ള വനിതകളെയും തൊഴിൽദാതാക്കളെയും കണ്ടെത്തുന്നതിന് പോർട്ടൽ സംവിധാനമൊരുക്കൽ, കെട്ടിടമില്ലാത്ത അങ്കണവാടികൾക്ക് കെട്ടിടം നിർമിക്കൽ തുടങ്ങിയ പദ്ധതികളും വിഭാവനം ചെയ്തിട്ടുണ്ട്.


 ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, സ്ഥിരംസമിതി അധ്യക്ഷരായ മഞ്ജു സുജിത്ത്, പി.എം. മാത്യു, പി.എസ്. പുഷ്പമണി, ജെസി ഷാജൻ, അംഗങ്ങളായ കെ.വി. ബിന്ദു, നിർമല ജിമ്മി, രാധാ വി. നായർ, ടി.എസ്. ശരത്, ശുഭേഷ് സുധാകർ, രാജേഷ് വാളിപ്ലാക്കൽ, അഡ്വ. ഷോൺ ജോർജ്, പി.ആർ. അനുപമ, ടി.എൻ. ഗിരീഷ് കുമാർ, റെജി എം. ഫിലിപ്പോസ്, നിബു ജോൺ, സുധാ കുര്യൻ, പി.കെ. വൈശാഖ്, ഡോ. റോസമ്മ സോണി, ജോസ് മോൻ മുണ്ടയ്ക്കൽ, ഹൈമി ബോബി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഗിരീഷ് എസ്. നായർ, ജില്ലാ പ്ലാനിങ് ഓഫീസർ എം.പി. അനിൽ കുമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ എന്നിവർ പങ്കെടുത്തു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments