സ്‌നേഹഗിരി മിഷനറി സന്യാസിനി സമൂഹത്തിന്റെ സ്ഥാപക പിതാവായ കൈപ്പന്‍പ്ലാക്കല്‍ അബ്രാഹം അച്ചന്റെ പുണ്യ സ്മരണകള്‍ക്ക് മുന്‍പില്‍ കൂപ്പു കരങ്ങളുമായി ആഫ്രിക്കയിലെ സിംബാബയുടെ മന്ത്രിയും സംഘവും എത്തി.
അച്ചന്റെ ഭൗതികശരീരം കുടികൊള്ളുന്ന പാലാ ളാലം പള്ളിയില്‍ 12 മണിയോടെ എത്തിച്ചേര്‍ന്ന സംഘത്തെ ളാലം പള്ളി വികാരി റവ ഫാ. ജോസഫ് തടത്തില്‍, സഹ വൈദികര്‍, പാലാ എം എല്‍ എ ശ്രീ മാണി സി കാപ്പന്‍, മറ്റ് ജനപ്രതിനിധികള്‍ മുന്‍സിപ്പല്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ ശ്രീമതി ബിജി ജോജോ, മുന്‍സിപ്പല്‍ കൗണ്‍സിലേഴ്സ്, സ്‌നേഹഗിരി സന്യാസിനി സമൂഹത്തിന്റെ അധികാരികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ബഹുമാനപ്പെട്ട അബ്രഹാം അച്ച ന്റെ കല്ലറയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിനു ശേഷം നിത്യസഹായ മാതാവിന്റെ പള്ളിയില്‍ കയറി പ്രാര്‍ത്ഥിച്ച് പ്രസ്തുത സംഘം പാലാ അരമനയില്‍ എത്തി അഭിവന്ദ്യ പിതാവിനെ സന്ദര്‍ശിച്ചു. തുടര്‍ന്ന് ചെത്തിമറ്റം ദേവദാന്‍ സെന്ററില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ സ്‌നേഹാരം സ്‌പെഷ്യല്‍ സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച ബാന്‍ഡ് മേളത്തോടെ അതിഥികളെ സ്വീകരിച്ചു. കൈപ്പന്‍പ്ലാ ക്കല്‍ അച്ച ന്‍ ജീവിച്ചു മരിച്ച മുറിയും മ്യൂസിയവും സന്ദര്‍ശിച്ച ശേഷം ദേവദന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ സ്‌നേഹഗിരി സന്യാസിനി സമൂഹത്തിന്റെ മദര്‍ ജനറല്‍ റവ. സി.പിയൂഷ സ്വാഗതം ആശംസിച്ചു. വിശിഷ്ട അതിഥികളായ സിംബാവെ വ്യവസായ മന്ത്രി രാജേഷ് കുമാര്‍ ഇന്തുകാന്ത് മോദി, സിംബാവെ അംബാസിഡര്‍ സ്റ്റെ ല്ലാ എന്‍കോമോ, സിംബാവേ ട്രേഡ് കമ്മീഷണര്‍ ബിജു എം കുമാര്‍ നമീബിയ ട്രേഡ് കമ്മീഷണര്‍ രമേഷ് കുമാര്‍, സ്വീഡന്‍ ട്രേഡ് കമ്മീഷണര്‍ രാഹുല്‍ സുരേഷ് എന്നിവര്‍ സംസാരിച്ചു. മദര്‍ ജനറല്‍ സിസ്റ്റര്‍ പിയൂഷ അതിഥികള്‍ക്ക് മെമന്റോ നല്‍കി ആദരിച്ചു. സ്‌നേഹഗിരി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ കാര്‍മല്‍ ജിയോ കൃതജ്ഞത പ്രകാശനം നടത്തി. തുടര്‍ന്ന് അതിഥികള്‍ ദേവദന്‍ സെന്ററിലെ അന്തേവാസികള്‍ക്ക് ഉച്ചഭക്ഷണം വിളമ്പുകയും തുടര്‍ന്ന് അവരോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തതിനുശേഷം മടങ്ങി. വ്യവസായ മന്ത്രി ശ്രീ രാജേഷ് മോദിയുടെ കുടുംബാംഗങ്ങളും കോണ്‍സുലേറ്റിലെ മറ്റ് ഉദ്യോഗസ്ഥരും സ്‌നേഹഗിരി മിഷനറി സന്യാസിനി സമൂഹത്തിന്റെയും ദേവദാന്‍ സെന്ററിന്റെയും ഉപകാരികളും അഭ്യുദയകാംക്ഷികളും പ്രസ്തുത സമ്മേളനത്തില്‍ സംബന്ധിച്ചു. ദേവദാന്‍ മദര്‍ സുപ്പീരിയര്‍ റവ. സി സൗമ്യത, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജോസ്മിത, ശ്രീ ജോഷി വട്ടക്കുന്നേല്‍, ജനറല്‍ പ്രൊവിന്‍ഷ്യല്‍ ടീം അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
0 Comments