കുടിവെള്ള പദ്ധതി പ്രവർത്തനരഹിതമായി.... വാർഡിലെ ജനങ്ങൾക്ക് സ്വന്തമായി കുടിവെള്ളം എത്തിച്ചു നൽകി വാർഡ് മെമ്പർ..
തലപ്പലം പഞ്ചായത്തിലെ 3ആം വാർഡിലെ കുടിവെള്ള പദ്ധതി പ്രവർത്തനരഹിതമായതോടെയാണ്, വാർഡ് സമിതിയുടെ നേതൃത്വത്തിൽ വാർഡ് മെമ്പർ സതീഷ് കെ ബി നേരിട്ട് ജനങ്ങൾക്ക് കുടിവെള്ളം എത്തിച്ചു നൽകിയത്.
പത്തു വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച ജലനിധി പദ്ധതി വെള്ളം മോശമായതിനാലും ശക്തമായ ജനകീയ സമിതി ഇല്ലാത്തതിനാലും വർഷങ്ങളായി മുടങ്ങി കിടക്കുകയാണ്, ഈ പ്രശ്നം പരിഹരിക്കക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിൽ പലതവണ സമരപരിപാടികൾ നടത്തിയതാണെന്ന് മെമ്പർ പറഞ്ഞു.
മൂന്ന് വാർഡുകളിൽ കുടിവെള്ളം എത്തിക്കുന്ന ഈ പദ്ധതി ഈ വേനൽകാലത്തും പുനരാരംഭിക്കുവാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും , കമ്മിറ്റിക്കാരുടെ പിന്തുണയില്ലാത്തതിനാലും മോട്ടോർ കമ്പ്ലൈന്റ് ആയതിനാലും പ്രവർത്തനം ആരംഭിക്കുവാൻ സാധിച്ചിരുന്നില്ല, ഈ സമയത്താണ് ഈ പദ്ധതിയുടെ കിണർ സ്ഥിതി ചെയ്യുന്ന
സ്ഥലത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഫാക്ടറിയുടെ മാലിന്യ ടാങ്ക് പൊട്ടി മാലിന്യം പരന്നത്, ഈ അവസ്ഥയിലാണ് കുടിവെള്ളം ടാങ്കുകളിൽ വിതരണം ചെയ്യാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ ജൽ ജീവ് പദ്ധതിയിൽപ്പെടുത്തി ഒരു പുതിയ കുടിവെള്ള പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും അതിനാവശ്യമായ ടാങ്കിന്റെ നിർമ്മാണം കഴിഞ്ഞെന്നും പുതിയതായി കിണർ നിർമ്മിക്കാനുള്ള പ്രവർത്തികൾ ആരംഭിച്ചു എന്നും, നാലു മാസങ്ങൾക്കുള്ളിൽ പദ്ധതി പ്രവർത്തനം ആരംഭിക്കും എന്നും അദ്ദേഹം പറഞ്ഞു .
കുടിവെള്ളക്ഷാമം രൂക്ഷമായ ഈ സാഹചര്യത്തിൽ ഇത്തരത്തിൽ വെള്ളം ലഭിക്കുന്നത് വലിയ ആശ്വാസകരമാണെന്ന് വാർഡിലെ ജനങ്ങളും അറിയിച്ചു.
0 Comments