സര്‍ക്കാര്‍ നല്‍കിയ പെന്‍ഷന്‍പോലും വേണ്ടെന്നുവച്ച് അനീതിക്കെതിരേ പോരാടിയ സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയനുമായ പാലക്കീല്‍ ജോര്‍ജ് (പാപ്പച്ചന്‍ – 97) വിടവാങ്ങി. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തെങ്കിലും അതിന്റെ പേരില്‍ സര്‍ക്കാര്‍ നല്‍കിയ ഒരാനുകൂല്യവും പാലക്കീല്‍ പാപ്പച്ചന്‍ ചേട്ടന്‍ െൈകപ്പറ്റിയിട്ടില്ല. നഗ്‌നപാദനായി നാട്ടിലുടനീളം നടന്ന അദ്ദേഹം ആദര്‍ശ രാഷ്ട്രീയത്തിന്റെ ആള്‍ രൂപമായിരുന്നു.
ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം വിദ്യാര്‍ത്ഥി സംഘടനയിലൂടെയാണ് ദേശീയ സമര രംഗത്ത് നിലയുറപ്പിച്ചത്. ആചാര്യ വിനോബ ഭാവേയുടെ ഭൂദാന പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഭാരതത്തിലുടനീളം കാല്‍നട യാത്ര നടത്തിയിട്ടുണ്ട്. കേരള സംസ്ഥാനം രൂപം കൊള്ളുന്നതിനുമുമ്പ് തിരുക്കൊച്ചിയില്‍ അക്കാമ്മ ചെറിയാന്‍, ആര്‍.വി. തോമസ്, പി.എം. വര്‍ഗീസ് തുടങ്ങിയവരോടൊപ്പം പ്രവര്‍ത്തിച്ചു. കുറച്ചുകാലം ബേബി ജോണിനോടൊപ്പം ചേര്‍ന്ന് ആര്‍എസ്പി പ്രവര്‍ത്തകനായി.
പിന്നീട് തിരുക്കൊച്ചി പ്രധാന മന്ത്രിയായിരുന്ന ഇക്കണ്ട വാര്യരുമായുള്ള പരിചയമാണ് സര്‍വോദയ പ്രസ്ഥാനത്തിലേയ്ക്ക് കടന്നു വരാന്‍ പ്രേരകമായത്. എം.പി. മന്മഥന്‍, കെ.കെ. കുമാരന്‍ മാസ്റ്റര്‍ തുടങ്ങിയവരുമായും ഒന്നിച്ച് പ്രവര്‍ത്തിച്ചു. മുട്ടം സ്വദേശിയായ ഇദ്ദേഹം തുടങ്ങനാട് സഹകരണ ബാങ്ക് ഡയറക്ടര്‍, കൃഷിഭവന്‍ ഉപദേശക സമിതിയംഗം, പ്രൈമറി ഹെല്‍ത്ത് സെന്റര്‍ അഡൈ്വസറി കമ്മിറ്റിയംഗം, ബ്ലോക്ക് ഉപദേശക സമിതിയംഗം,
താലൂക്ക് വികസന സമിതിയംഗം, താലൂക്ക് ഹൗസിംഗ് സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍, ചള്ളാവയല്‍ ക്ഷീരകര്‍ഷക സംഘം സ്ഥാപകാംഗം എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മാനവ അവകാശ സംരക്ഷണ വേദിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു.
0 Comments