കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം (ഉല്ലാസ്) ഇടുക്കി ജില്ലയിലെ 20 പഞ്ചായത്തുകളില്‍ നടപ്പാക്കാനൊരുങ്ങുന്നു. തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ പദ്ധതിയുടെ മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷം നടപ്പാക്കുന്നത്. പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലെ അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുക എന്നതാണ് ലക്ഷ്യം.
6000 പേരെയാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സാമ്പത്തിക സഹായത്തോടെയാകും പദ്ധതി പ്രവര്‍ത്തനങ്ങള്‍. നിരക്ഷരരെ കണ്ടെത്താനായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളില്‍ സര്‍വേ നടത്തും. ഇതിനായി വോളണ്ടിയര്‍മാരെ കണ്ടെത്തി പരിശീലനം നല്‍കും.
എസ്.സി- 900, എസ്.ടി- 300, ന്യൂനപക്ഷ വിഭാഗങ്ങള്‍- 1860, പൊതുവിഭാഗം- 2940 പേര്‍ എന്നിങ്ങനെ നിരക്ഷരരായ 4740 സ്ത്രീകളെയും 1260 പുരുഷന്മാരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹകരണത്തോടെയാകും പദ്ധതി നടത്തിപ്പ്.
മുന്‍ വര്‍ഷങ്ങളില്‍ ജില്ലയില്‍ ‘പഠ്‌ന ലിഖ്‌ന അഭിയാന്‍’ പദ്ധതിയില്‍ 23840 പേരെയും എന്‍ഐഎല്‍പി പദ്ധതിയില്‍ 5245 പേരെയും ഉള്‍പ്പെടുത്തിയിരുന്നു. തമിഴ് തോട്ടം തൊഴിലാളി മേഖലകള്‍ക്കും നിരക്ഷര്‍ കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങള്‍ക്കും മുന്‍ഗണന നല്‍കിയാണ് പദ്ധതി നടപ്പാക്കുക.
തമിഴ് തോട്ടം മേഖലകള്‍ കേന്ദ്രീകരിച്ചുള്ള ഇടങ്ങളിലും സര്‍വേ നടത്തി നിരക്ഷരരെ കണ്ടെത്തും. നിലവില്‍ മലയാള ഭാഷ പാഠാവലി തര്‍ജ്ജമ ചെയ്ത് ഇവര്‍ക്ക് നല്‍കും. ഇതിനായി പ്രത്യേക വോളണ്ടിയര്‍മാരെ തെരഞ്ഞെടുക്കും.
0 Comments