ജില്ലാ പഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷന്‍ 200 ഉയരവിളക്കുകളിലേക്ക് കൊഴുവനാല്‍ പഞ്ചായത്തില്‍ പുതുതായി 32 ഉയരവിളക്കുകള്‍


ജില്ലാ പഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷന്റെ പരിധിയിലുള്ള കിടങ്ങൂര്‍, മുത്തോലി, കൊഴുവനാല്‍, എലിക്കുളം, അകലക്കുന്നം, മീനച്ചില്‍ പഞ്ചായത്തുകളിലെ 200 ജംഗ്ഷനുകളില്‍ ഉയരവിളക്കിനാല്‍ പ്രകാശപൂരിതമാകുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അറിയിച്ചു. 2022-23, 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച 120 മിനിമാസ്റ്റ് ലൈറ്റുകള്‍ക്ക് പുറമെ 2024-25-ല്‍ അനുവദിച്ചിരിക്കുന്ന 80 ലൈറ്റുകള്‍കൂടി സ്ഥാപിച്ചുകൊണ്ടാണ് 200 ഉയരവിളക്കുകള്‍ സ്ഥാപിച്ച കോട്ടയം ജില്ലയിലെ ഏക ജില്ലാ പഞ്ചായത്ത് ഡിവിഷനായി കിടങ്ങൂര്‍ ഡിവിഷന്‍ മാറുന്നത്. 
2024-25-ല്‍ അനുവദിച്ച 80 ഉയരവിളക്കുകളില്‍ 32 ലൈറ്റുകള്‍ കൊഴുവനാല്‍ പഞ്ചായത്തിലും 48 ലൈറ്റുകള്‍ അകലക്കുന്നം, കിടങ്ങൂര്‍, മുത്തോലി, എലിക്കുളം പഞ്ചായത്തുകളിലുമായി സ്ഥാപിക്കുന്നതാണ്. സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളാണ് എല്ലാ പഞ്ചായത്തിലും ലൈറ്റുകള്‍ സ്ഥാപിക്കുന്നത്. ഗ്രാമപഞ്ചായത്തുകള്‍ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. 2023-ല്‍ കൊഴുവനാല്‍ പഞ്ചായത്തിലേക്ക് 20 ലൈറ്റുകള്‍ അനുവദിച്ചിരുന്നുവെങ്കിലും ഗ്രാമപഞ്ചായത്ത് സംയുക്ത പ്രോജക്ട് ഏറ്റെടുക്കാന്‍ തയ്യാറാകാത്തതിനാല്‍ പദ്ധതി നടപ്പിലാക്കുവാന്‍ സാധിച്ചില്ല. നിലവിലുള്ള കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജുവിന്റെ നേതൃത്വത്തില്‍ പദ്ധതി നടപ്പിലാക്കുവാന്‍ തീരുമാനിച്ചതോടെയാണ് കൊഴുവനാല്‍ പഞ്ചായത്തിലെ 32 ജംഗ്ഷനുകള്‍ പ്രകാശപൂരിതമാകുന്നതിന് സാഹചര്യമുണ്ടായത്. കൊഴുവനാല്‍ പഞ്ചായത്തില്‍ 2022-23 ല്‍ സ്ഥാപിച്ച 10 മിനിമാസ്റ്റ് ലൈറ്റുകള്‍ക്ക് പുറമേയാണ് ഇപ്പോള്‍ 32 ലൈറ്റുകള്‍ കൂടി അനുവദിച്ചിരിക്കുന്നത്. ലൈറ്റുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഫെബ്രുവരി രണ്ടാം വാരത്തോടുകൂടി ആരംഭിക്കുന്നതും മാര്‍ച്ച് മാസത്തില്‍ പൂര്‍ത്തീകരിക്കുന്നതുമാണ്. 
കൊഴുവനാല്‍ പഞ്ചായത്തിലെ ചേര്‍പ്പുങ്കല്‍ പള്ളി ജംഗ്ഷന്‍, ചേര്‍പ്പുങ്കല്‍ പാലം ജംഗ്ഷന്‍, മെഡിസിറ്റി ഹോസ്പിറ്റല്‍ ജംഗ്ഷന്‍, കെഴുവംകുളം കോളനി, ആലുത്തറപ്പാറ ക്ഷേത്രം, കോട്ടയില്‍ വൈദ്യശാല, കെഴുവംകുളം എസ്.എന്‍.ഡി.പി., പല്ലാട്ടുപടി ജംഗ്ഷന്‍, ഇളപ്പുങ്കല്‍ ജംഗ്ഷന്‍, മൃഗാശുപത്രി ജംഗ്ഷന്‍, മേവട പുറയ്ക്കാട്ടുകാവ് ക്ഷേത്രം, മേവട പള്ളി ജംഗ്ഷന്‍, പഞ്ചായത്ത് ഓഫീസ് ജംഗ്ഷന്‍, കൊഴുവനാല്‍ നെഫുംമല ജംഗ്ഷന്‍, കൊഴുവനാല്‍ ടൗണ്‍, കളപ്പുരയ്ക്കല്‍ ജംഗ്ഷന്‍, കൊഴുവനാല്‍ എസ്.ബി.റ്റി. ജംഗ്ഷന്‍, കൊഴുവനാല്‍ ആശുപത്രി പടി, വാക്കപ്പുലം ജംഗ്ഷന്‍, മനക്കുന്ന് ക്ഷേത്രം ജംഗ്ഷന്‍, തണ്ണീറാമറ്റം, മേവട ലൈബ്രറി ജംഗ്ഷന്‍, മേവട പി.എച്ച്.സി. ജംഗ്ഷന്‍, പുറയ്ക്കാട്, കൂട്ടുങ്കല്‍, മണ്ണാനി ജംഗ്ഷന്‍, മൂലേത്തുണ്ടി ജംഗ്ഷന്‍, മൂലേത്തുണ്ടി കോളനി, വലിയകുന്ന് ക്ഷേത്രം, വടയാര്‍ ജംഗ്ഷന്‍, പൂതക്കുഴി ജംഗ്ഷന്‍ എന്നീ സ്ഥലങ്ങളിലാണ് മിനിമാസ്റ്റ് ലൈറ്റുകള്‍ പുതുതായി സ്ഥാപിക്കുന്നത്. 
150 വാട്ടിന്റെ 3 ലൈറ്റോടുകൂടിയ മിനിമാസ്റ്റ് ലൈറ്റുകളാണ് ഓരോ ജംഗ്ഷനിലും സ്ഥാപിക്കുന്നത്. ലൈറ്റുകള്‍ സ്ഥാപിക്കുന്ന മുഴുവന്‍ ചെലവും വൈദ്യുതി കണക്ഷന്‍ ചാര്‍ജ്ജും ജില്ലാപഞ്ചായത്തുതന്നെ പൂര്‍ണ്ണമായും വഹിക്കുന്നതാണ്. ലൈറ്റുകള്‍ സ്ഥാപിച്ചതിനുശേഷം  മാസംതോറുമുള്ള വൈദ്യുതി ചാര്‍ജ്ജ് ഗ്രാമപഞ്ചായത്തുകള്‍ വഹിക്കേണ്ടതാണ്. ഓരോ ജംഗ്ഷനിലും മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുമ്പോള്‍ നിലവില്‍ ഈ ജംഗ്ഷനുകളില്‍ ഗ്രാമപഞ്ചായത്ത് സ്ഥാപിച്ചിട്ടുള്ള ചെറിയ ബള്‍ബുകള്‍ ഒഴിവാക്കാവുന്നതും ആ ബള്‍ബുകള്‍ ഒഴിവാകുമ്പോള്‍ പഞ്ചായത്തുകള്‍ക്ക് വൈദ്യുതി ചാര്‍ജ്ജിനത്തില്‍ വലിയ തുക കുറവ് വരുന്നതാണ്. ഇങ്ങനെ കണ്ടെത്തുന്ന തുകയ്ക്കു പുറമേ ചെറിയ തുക കൂടി ഓരോ ലൈറ്റുകള്‍ക്കും പഞ്ചായത്ത് വഹിച്ചാല്‍വൈദ്യുതി ചാര്‍ജ്ജ് അടയ്ക്കുന്നതിന് യാതൊരു പ്രതിസന്ധിയുമില്ലാതെ പണം കണ്ടെത്തുവാന്‍ പഞ്ചായത്തുകള്‍ക്ക് സാധിക്കുന്നതാണ്. ഗ്രാമപഞ്ചായത്തുകള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്താതെയും എന്നാല്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകത്തക്കവിധത്തിലുമാണ് ഉയരവിളക്ക് പദ്ധതി നടപ്പിലാക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ പറഞ്ഞു.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments