ഭരണങ്ങാനത്തപ്പന് മുന്നില്‍ നാല്പതടിയില്‍ നാടിനൊരു അലങ്കാര ഗോപുരം....



സുനില്‍ പാലാ


പഞ്ചപാണ്ഡവരും ഗണപതിയും അയ്യപ്പനും ഭഗവതിയും നാരദരും സാക്ഷി. ഭരണങ്ങാനത്തപ്പന് മനോഹരമായ അലങ്കാരഗോപുരമൊരുങ്ങി. 
 
സുപ്രസിദ്ധമായ ഭരണങ്ങാനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കുദിക്കിലെ കവാടമായ വിലങ്ങുപാറ റോഡിന് അഭിമുഖമായാണ് കൂറ്റന്‍ അലങ്കാര ഗോപുരം പണിതുയര്‍ത്തിയിട്ടുള്ളത്. പ്രസിദ്ധ ക്ഷേത്ര ശില്പി ചേര്‍ത്തല ജെയ്‌മോന്‍ ആചാരിയുടെ കരവിരുതുകൊണ്ട് ക്ഷേത്രസന്നിധിപോലെ ഭക്തിസാന്ദ്രമാണീ അലങ്കാര ഗോപുരവും. നാല്പത് അടിയോളം ഉയരത്തില്‍ തീര്‍ത്തിരിക്കുന്ന അലങ്കാര മണ്ഡപത്തിന്റെ ഒത്ത നടുക്ക് ചതുര്‍ബാഹുവായ ഭഗവാന്‍ ശ്രീകൃഷ്ണന്റെ ശില്പമാണുള്ളത്; ഭരണങ്ങാനം ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ അതേ മാതൃകയിലുള്ള ശില്പം. ഭരണങ്ങാനത്തപ്പനെ പ്രതിഷ്ഠിച്ച പഞ്ചപാണ്ഡവരായ യുധിഷ്ഠിരന്‍, ഭീമന്‍, അര്‍ജുനന്‍, നകുലന്‍, സഹദേവന്‍ എന്നിവരുടെ കൂറ്റന്‍ രൂപങ്ങള്‍ അലങ്കാര ഗോപുരത്തിലുണ്ട്. ഇതോടൊപ്പം നാരദരും അയ്യപ്പനും ഭഗവതിയും ഗണപതിയും ശില്പങ്ങളായി ഗോപുരത്തില്‍ പ്രശോഭിക്കുന്നു. സുന്ദരനായ ഒരു കൊച്ചുകൃഷ്ണനും ഗോപുരത്തിന്റെ വലതുവശത്തുണ്ട്.



ചേര്‍ത്തല ജെയ്‌മോന്‍ ആചാരിയുടെ 151-ാമത് ക്ഷേത്ര ശില്പ നിര്‍മ്മാണം

ശില്പി ചേര്‍ത്തല ജെയ്‌മോന്‍ ആചാരിക്കും ഇത് സുകൃത നിമിഷമാണ്. വിവിധ ക്ഷേത്രങ്ങളും അലങ്കാര ഗോപുരങ്ങളുമൊക്കെയായി ഇതിനോടകം 150 ദേവാലയ നിര്‍മ്മിതികള്‍ പൂര്‍ത്തീകരിച്ച് 151-ാമത് അലങ്കാര ഗോപുര നിര്‍മ്മാണത്തിന്റെ നിര്‍വൃതിയിലാണ് ഇദ്ദേഹം. ചോറ്റാനിക്കര കീഴ്ക്കാവ് ചുറ്റമ്പലം, ചിത്രപ്പണികള്‍, ആലപ്പുഴ പുന്നപ്ര അറവുകാട് ദേവീക്ഷേത്രം, ചേര്‍ത്തല വളവനാട് ലക്ഷ്മീ നാരായണസ്വാമി ക്ഷേത്രം, കിടങ്ങൂര്‍ മഹാഗണപതി ക്ഷേത്രം, മുംബൈ പനവേല്‍ അയ്യപ്പക്ഷേത്രം, പൂനെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം... ജെയ്‌മോന്റെ ശില്പഭംഗിയില്‍ ഉയിര്‍ക്കൊണ്ട ക്ഷേത്രവിതാനങ്ങള്‍ നിരവധി. സ്‌കൂള്‍ തലത്തില്‍ ചെളിയില്‍ വിവിധ ശില്പങ്ങള്‍ നിര്‍മ്മിച്ച് പുരസ്‌കാര ജേതാവായ ജെയ്‌മോന്‍ പിന്നീട് സ്വസമുദായത്തിന്റെ കൈവേഗം ഉള്‍ക്കൊണ്ട് ക്ഷേത്ര നിര്‍മ്മാണത്തിലേക്ക് കടക്കുകയായിരുന്നു. ഇതിനോടകം ശ്രീനാരായണ ഗുരുദേവ ക്ഷേത്രങ്ങളുള്‍പ്പെടെ പലതും നിര്‍മ്മിച്ചു. സുനിതയാണ് ഭാര്യ. കാവ്യ, ആര്യ എന്നിവര്‍ മക്കളും, അനന്ദു മരുമകനും ധ്യാന്‍ദേവ് കൊച്ചുമകനുമാണ്. 



ഗോപുരസമര്‍പ്പണം 18 ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നിര്‍വ്വഹിക്കും

ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര കവാടത്തില്‍ പുതുതായി നിര്‍മ്മിച്ച അലങ്കാര ഗോപുരത്തിന്റെ സമര്‍പ്പണം 18-ാം തീയതി രാവിലെ 12.00 ന് കേന്ദ്രമന്ത്രി ഭരത് സുരേഷ് ഗോപി നിര്‍വ്വഹിക്കും. ക്ഷേത്രകവാടത്തില്‍ എത്തിച്ചേരുന്ന സുരേഷ് ഗോപിയെ ഗജരാജന്റെ അകമ്പടിയോടെ സ്വീകരിച്ചാനയിക്കും.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments