ഏഴാച്ചേരി സെന്റ് ജോണ്‍സ് പള്ളിയിലെ വിശുദ്ധ സ്‌നാപകയോഹന്നാന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിലേക്ക് ക്ഷേത്രം ഭാരവാഹികളെ സ്വാഗതം ചെയ്തുകൊണ്ട് വികാരിയച്ചന്റെ കത്ത്.
കത്തിനോട് പ്രതികരിച്ച ക്ഷേത്രം ഭാരവാഹികള്‍ പെരുന്നാളിന് കമാനമൊരുക്കിയാണ് ആശംസകള്‍ നേര്‍ന്നത്. നാടിന്റെ മൈത്രിയുടെ ഈ നേര്‍ക്കാഴ്ച നടാടെയാണ്.
സെന്റ് ജോണ്‍സ് പള്ളി വികാരി ഫാ. ലൂക്കോസ് കൊട്ടുകാപ്പള്ളിയാണ് ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രം ഭരണസമിതിക്ക് കത്ത് നല്‍കിയത്. ക്ഷേത്രാധികാരികള്‍ പള്ളിക്ക് നല്‍കിക്കൊണ്ടിരിക്കുന്ന എല്ലാ സഹകരണങ്ങള്‍ക്കും നന്ദി പറഞ്ഞ വികാരിയച്ചന്‍ തിരുനാളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും കത്തില്‍ കുറിച്ചു.
തിരുനാളിന്റെ നോട്ടീസുകള്‍ സഹിതമാണ് വികാരിയച്ചന്‍ കാവിന്‍പുറം ക്ഷേത്രം ഭാരവാഹികള്‍ക്ക് കത്ത് കൊടുത്തത്. അങ്ങേയറ്റം ആദരവോടെയും സ്‌നേഹത്തോടെയും ഈ കത്ത് കൈപ്പറ്റിയ കാവിന്‍പുറം ദേവസ്വം ഭാരവാഹികള്‍ അടിയന്തിര യോഗം ചേരുകയും തിരുനാള്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് വിവിധ ഭാഗങ്ങളില്‍ ആശംസാ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തു.
ഏഴാച്ചേരി പള്ളിയിലെ വിശുദ്ധ സ്‌നാപകയോഹന്നാന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള വലിയ ബോര്‍ഡുകള്‍ ക്ഷേത്ര കവാടത്തിലും കാവിന്‍പുറം ജംഗ്ഷനിലുമാണ് സ്ഥാപിച്ചത്.
നാളെ നടക്കുന്ന പ്രദക്ഷിണ സംഗമത്തിലും മറ്റ് ചടങ്ങുകളിലും കരയോഗം ഭാരവാഹികളുള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുമെന്ന് ദേവസ്വം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായര്‍ പറഞ്ഞു.
നാളെ വൈകിട്ട് 7.30 ന് കുരിശുപള്ളി കവലയില്‍ ചതുര്‍ദിശ പ്രദക്ഷിണ സംഗമം നടക്കും. ചെറുനിലം, ഏരിമറ്റം, ഗാന്ധിപുരം, ഏഴാച്ചേരി ബാങ്ക് ഭാഗം എന്നീ നാല് ഭാഗങ്ങളില്‍ നിന്ന് എത്തുന്ന പ്രദക്ഷിണങ്ങള്‍ കുരിശുപള്ളി കവലയില്‍ സംഗമിക്കും.
തുടര്‍ന്ന് ലദീഞ്ഞ്. റവ. ഫാ. ജോസഫ് ആലഞ്ചേരി പ്രസംഗിക്കും. 8 ന് പള്ളിയിലേക്ക് തിരുനാള്‍ പ്രദക്ഷിണം, 8.45 ന് പ്രദക്ഷിണ വരവേല്പ്, 9 ന് ആകാശവിസ്മയം എന്നിവയാണ് പ്രധാന പരിപാടികള്‍.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments