പാലാ ഏഴാച്ചേരി കാവിന്‍പുറം ക്ഷേത്രത്തില്‍ ആലങ്ങാട്ട് സംഘത്തിന്റെ കാണിക്കിഴി സമര്‍പ്പണം നാളെ.... ആലങ്ങാട്ടു സംഘം കൊണ്ടുവരുന്ന അയ്യപ്പ ചൈതന്യത്തിനു മുന്നിൽ ഭക്തർക്ക് നേരിട്ട് നീരാജനം വഴിപാട് നടത്താം......
സ്വന്തം ലേഖകൻ
മലയാത്രയ്ക്ക് മുന്നോടിയായി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ കാണിക്കിഴി സമര്‍പ്പിക്കാന്‍ പ്രസിദ്ധമായ ആലങ്ങാട്ട് സംഘം നാളെ രാവിലെ 7.30 എത്തും. സമൂഹ പെരിയോന്‍ വിജയകുമാര്‍, രാജേഷ് കുറുപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള 20 അംഗ ആലങ്ങാട്ട് സംഘമാണ് ഉമാമഹേശ്വരന്‍മാര്‍ക്ക് കാണിക്കിഴി സമര്‍പ്പിക്കാന്‍ എത്തുന്നത്.
രാവിലെ 7.30 ന് കാവിന്‍പുറത്ത് എത്തുന്ന ആലങ്ങാട്ട് സംഘത്തെ കാവിന്‍പുറം ദേവസ്വം ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിക്കും.
ശബരിമലയാത്രയ്ക്ക് പോകുന്ന ആലങ്ങാട്ട് സംഘം വഴിമദ്ധ്യേ കാണിക്കിഴി സമര്‍പ്പിക്കുന്ന ഏക ക്ഷേത്രമാണ് കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രം. ആലങ്ങാട്ടുകാര്‍ പതിറ്റാണ്ടുകളായി തുടരുന്ന അനുഷ്ഠാനമാണിത്. ഇവിടെ കാണിക്കിഴി സമര്‍പ്പണത്തിന് ശേഷം അയ്യപ്പന്റെ ചൈതന്യവുമായി വരുന്ന ഗോളകയില്‍ ഭക്തര്‍ക്ക് നേരിട്ട് നീരാജനം നടത്തുന്ന വഴിപാടുമുണ്ട്. ആലങ്ങാട്ട് സംഘം ചൈതന്യമായി കൊണ്ടുവരുന്ന ഗോളകയില്‍ കാവിന്‍പുറം ക്ഷേത്രത്തിലെത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും നേരിട്ട് നീരാജനം ഉഴിയാന്‍ കഴിയും.
ആലങ്ങാട്ട് സംഘത്തിന്റെ യാത്രയില്‍ മറ്റൊരിടത്തും ഭക്തര്‍ക്ക് നേരിട്ട് അയ്യപ്പവിഗ്രഹത്തില്‍ നീരാജനം നടത്താനുള്ള അവസരമില്ല. അതുകൊണ്ടുതന്നെ ആലങ്ങാട്ട് സംഘമെത്തുന്ന ദിവസം ഇവര്‍ക്കൊപ്പം കാണിക്കിഴി സമര്‍പ്പിക്കാനും അയ്യപ്പന് സ്വയം നിരാജനം ഉഴിയാനും കാവിന്‍പുറത്ത് ദൂരെദിക്കുകളില്‍ നിന്നുപോലും ഭക്തര്‍ എത്തിച്ചേരാറുണ്ട്.
കാവിന്‍പുറം ക്ഷേത്രത്തില്‍ എത്തുന്ന ആലങ്ങാട്ട് സംഘം പട്ടില്‍ പൊതിഞ്ഞ കാണിക്കിഴി ഉമാമഹേശ്വരന്‍മാര്‍ക്ക് സമര്‍പ്പിച്ച ശേഷം ഗണപതി, ശാസ്താവ്, രക്ഷസ്സ്, സര്‍പ്പദേവതകള്‍, നവഗ്രഹങ്ങള്‍ എന്നിവയും വലംവച്ചാണ് അനുഷ്ഠാനം പൂര്‍ത്തിയാക്കുന്നത്. തുടര്‍ന്ന് സമൂഹ നീരാജനം നടക്കും. തുടര്‍ന്ന് ആലങ്ങാട്ട് പ്രാതലും നടക്കും.
0 Comments