പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു…ശരണം വിളികളോടെ ദർശന സായൂജ്യത്തിൽ ഭക്തർ…



  പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു. ഭക്തിസാന്ദ്രമായി കൈകള്‍ കൂപ്പി ശരണം വിളികളോടെ പതിനായിരകണക്കിന് അയ്യപ്പ ഭക്തര്‍ മകരവിളക്ക് ദര്‍ശനം നടത്തി. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പന് ദീപാരാധന നടത്തിയശേഷം 6.42ന് നട തുറന്നതിന് തൊട്ടുപിന്നാലെയാണ് 6.44നായിരുന്നു പൊമ്പലമേട്ടിൽ മകരവിളക്ക് ദര്‍ശിച്ചത്. പൊന്നമ്പലമേട്ടിൽ മൂന്നു തവണയാണ് മകരവിളക്ക് തെളിഞ്ഞത്. ഒരേമനസോടെ ശരംവിളികളുമായി കാത്തിരുന്ന അയ്യപ്പഭക്തരാണ് ദര്‍ശന പുണ്യം നേടി ഇനി മലയിറങ്ങുക. മകരവിളക്കിന് മുന്നോടിയായി നേരത്തെ തന്നെ ശബരമല സന്നിധാനവും വ്യൂ പോയന്‍റുകളും തീര്‍ത്ഥാടകരാൽ നിറഞ്ഞിരുന്നു.  ഇന്ന് പുലര്‍ച്ചെ 2.30ന് മകരസംക്രമ പൂജയോടെയാണ് മകരവിളക്ക് ചടങ്ങുകള്‍ തുടങ്ങിയത്.


 വൈകിട്ട് 6.25ഓടെയാണ് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തിയത്. തുടര്‍ന്ന് 6.30ഓടെ തിരുവാഭരണ ഘോഷയാത്ര പതിനെട്ടാം പടി കയറി. തുടര്‍ന്ന് സന്നിധാനത്തെ ശ്രീകോവിലിൽ സര്‍വാഭരണ വിഭൂഷിതനായ അയ്യപ്പന് ദീപാരാധന നടന്നു. ദീപാരാധനയ്ക്കുശേഷം നട തുറന്നതിന് തൊട്ടുപിന്നാലെ പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു.ഇതോടെ സന്നിധാനത്ത് ശരണ മന്ത്രങ്ങള്‍ ഉയര്‍ന്നു മുഴങ്ങി . മകരസംക്രമസന്ധ്യയിൽ അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളത്തുനിന്നെത്തിയ ഘോഷയാത്ര വൈകിട്ട് അഞ്ചരയോടെയാണ് ശരംകുത്തിയിലെത്തിയത്. 



അവിടെ നിന്നും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിൽ പ്രതിനിധികള്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയച്ചു. കൊടിമരച്ചുവട്ടിൽ വെച്ച് ഘോഷയാത്രയെ സ്വീകരിച്ചു. സോപാനത്തിൽ വെച്ച് തന്ത്രിയും മേൽശാന്തിയും ചേര്‍ന്ന് ഏറ്റുവാങ്ങിയ തിരുവാഭരണങ്ങള്‍ അയ്യപ്പവിഗ്രഹത്തിൽ ചാര്‍ത്തി ദീപാരാധന നടത്തി. അതിനുപിന്നാലെയാണ് പൊന്നമ്പലമേട്ടിൽ മകരവിളക്ക് ദര്‍ശിക്കാനായത്. പുല്ലുമേട്ടിലും പതിനായിരങ്ങളാണ് മകരവിളക്ക് ദര്‍ശനത്തിനായി എത്തിയിരുന്നത്. 


 ശബരിമലയിലെ വ്യൂപോയന്‍റുകളിലെല്ലാം തീര്‍ത്ഥാടകരാൽ നേരത്തെ തന്നെ നിറഞ്ഞിരുന്നു. പൊലീസ് വലിയ സുരക്ഷയാണ് വിവിധയിടങ്ങളിൽ ഒരുക്കിയിട്ടുള്ളത്. ശരണവിളികളാൽ മുഖരിതമായ ഭക്തിയുടെ നിറവിലാണ് സന്നിധാനം. പര്‍ണശാലകളിലിരുന്ന് ശരണം വിളികളോടെയാണ് അയ്യപ്പഭക്തര്‍ മകരവിളക്ക് ദര്‍ശിച്ചത്. പമ്പയിലും സമീപ പ്രദേശങ്ങളിലുമായി 5000 പൊലീസുകാർ ആണ് സുരക്ഷ ഒരുക്കുന്നത്. ഇന്ന് ഉച്ചക്ക് 12 മണി വരെ മാത്രമാണ് തീർത്ഥാടകരെ ശബരിമലയിൽ പ്രവേശിപ്പിച്ചിരുന്നത്. തിരുവാഭരണ ഘോഷയാത്ര പമ്പയിൽ നിന്നും സന്നിധാനത്തേക്ക് വരുന്നതിനാലാണ് ഉച്ചയ്ക്കുശേഷം ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മകരവിളക്ക് ദിവസം രണ്ട് ലക്ഷത്തോളം ഭക്തരാണ് ശബരിമലയിലെത്തിയിട്ടുള്ളത്. ഭക്തര്‍ക്ക് സുഗമമായ മകരജ്യോതി ദര്‍ശനത്തിന് വിപുലമായ ഒരുക്കമാണ് നടത്തിയിട്ടുള്ളത്. ജനുവരി 15 മുതൽ 17 വരെ തിരുവാഭരണ ദർശനം ഉണ്ടായിരിക്കും.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments