"കളിച്ചു നേടാം ആരോഗ്യം", "അക്ഷരവേദി" പദ്ധതികളുമായി ശക്തിനഗർ റസിഡൻ്റ്സ് അസോസിയേഷൻ : ഉദ്ഘാടനം റിപ്പബ്ലിക് ദിനത്തിൽ
ചെറുപ്പത്തിലേ ജീവിതശൈലി രോഗങ്ങൾക്ക് അടിമപ്പെടുന്ന പുതു തലമുറയെ രക്ഷിക്കുക എന്ന ദൗത്യവുമായി ഏറ്റുമാനൂർ ശക്തി നഗർ റസിഡൻ്റ്സ് അസോസിയേഷൻ രംഗത്ത്. ഡിജിറ്റൽ ലോകത്തു തളച്ചിടപ്പെട്ട ഒരു സമൂഹത്തിന് കളികളിലൂടെയും വായനയിലൂടെയും മാനസികവും ശരീരികവുമായ ദൃഢത ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ അസോസിയേഷൻ ആരംഭിക്കുന്ന "കളിച്ചു നേടാം ആരോഗ്യം", "അക്ഷരവേദി" എന്നീ രണ്ട് പദ്ധതികൾക്ക് റിപ്പബ്ലിക് ദിനത്തിൽ തുടക്കം കുറിക്കും.
പദ്ധതികളുടെ ഭാഗമായി ഏറ്റുമാനൂർ ടെമ്പിൾ റോഡിലെ ശക്തിനഗർ റസിഡൻ്റ്സ് അസോസിയേഷൻ ഹാളിൽ മുതിർന്നവർക്കും കുട്ടികൾക്കുമായി സ്പോർട്സ് & ഗയിംസ്, യോഗ, ഡാൻസ് തുടങ്ങി വിവിധ മേഖലകളിൽ പരിശീലനത്തിന് സാഹചര്യം ഒരുക്കുകയാണ്. ഒപ്പം വായിച്ചു വളരുവാനും അറിവുകൾ പരസ്പരം പങ്കുവെക്കുന്നതിനും പ്രത്യേക വായനാമുറിയും സജ്ജീകരിക്കുന്നു.
26ന് വൈകിട്ട് 3.30ന് നടക്കുന്ന ചടങ്ങിൽ മന്ത്രി വി. എൻ. വാസവൻ "കളിച്ചു നേടാം ആരോഗ്യം" പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. ഏറ്റുമാനൂർ നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഡോ. എസ് ബീന "അക്ഷരവേദി" ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ പങ്കെടുക്കുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപെടുന്ന ഒരാൾക്ക് 'അക്ഷരകിറ്റ്' വിതരണോദ്ഘാടനത്തിൽ പങ്കാളിയാകാൻ സാധിക്കും. വിവിധ മത്സരങ്ങളിൽ വിജയികളാവുന്നവർക്ക് നഗരസഭാ കൗൺസിലർ രശ്മി ശ്യാം സമ്മാനങ്ങൾ വിതരണം ചെയ്യും.
അസോസിയേഷൻ പ്രസിഡൻ്റ് ദിനേശ് ആർ ഷേണായിയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ സെക്രട്ടറി ബി. സുനിൽകുമാർ പദ്ധതികൾ വിശദീകരിക്കും. ഡെക്കാത്തലൺ തെ
ള്ളകം സ്റ്റോർ മാനേജർ അഖിൽ അപ്പൂസ്, കുട്ടികളുടെ ആശുപത്രി മുൻ സൂപ്രണ്ട് ഡോ. പി.സവിദ, അസോസിയേഷൻ രക്ഷാധികാരി എം.എസ് മോഹൻദാസ്, വൈസ് പ്രസിഡന്റ് എൻ.വി.പ്രദീപ്കുമാർ, കമ്മിറ്റിയംഗം ജി.വിനോദ്കുമാർ എന്നിവർ പ്രസംഗിക്കും.
കായികവാസനകളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ആരോഗ്യസംരക്ഷണത്തിനുതകുന്ന ഒട്ടനവധി പ്രവർത്തനങ്ങൾ പദ്ധതിയുടെ ഭാഗമായി തുടർന്നും നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികൾക്കും മുതിർന്നവർക്കുമായി തെള്ളകം ഡെക്കാത്തലണിൻ്റെ സഹകരണത്തോടെ വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങൾ ലഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
0 Comments