പാലാ സെൻ്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള ലുമിനാരിയാ 75 യുടെ ഭാഗമായി കോളേജ് ഓഡിറ്റോറിയത്തിലെ അക്ഷരോത്സവ വേദിയിൽ ജയചന്ദ്രോത്സവം നടന്നു. ജയചന്ദ്രൻ്റെ ഗാനങ്ങൾ എല്ലാ ഗായകർക്കും എന്നും ആലാപനത്തിൽ ഒരു വെല്ലുവിളിയാണെന്ന് ഗായകനും കവിയും അധ്യാപകനുമായ അജിമോൻ കളമ്പൂർ അനുസ്മരണ പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു. ചില്ലക്ഷരങ്ങൾക്ക് ജയചന്ദ്രൻ നൽകിയ ഊന്നലിനും ഭാവവിന്യാസത്തിനും അദ്ദേഹം മാതൃകകൾ പാടി അവതരിപ്പിച്ചു.
വീഡിയോ ഇവിടെ കാണാം 👇
യേശുദാസിൻ്റെ ഗാനങ്ങൾ പാട്ടുകാർക്ക് പ്രിയപ്പെട്ടതായിരുന്നെങ്കിൽ ജനങ്ങൾക്കിഷ്ടം ജയച്ചന്ദ്രൻ്റെ ഗാനങ്ങളായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയചന്ദ്രൻ്റെ ഗാനങ്ങൾ കോർത്തിണക്കിയ ശ്രദ്ധാഞ്ജലി കേൾവിക്കാരെ മെലഡിയുടെ ലോകത്തിലേക്ക് കൊണ്ടുപോയി. ജയചന്ദ്രോത്സവം കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജയിംസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഡോ. സാൽവിൻ കെ. തോമസ് കാപ്പിലിപ്പറമ്പിൽ , ഫാ. മാത്യു ആലപ്പാട്ടു മേടയിൽ , അക്ഷരോത്സവം കൺവീനർ പ്രൊഫ. ഡോ. തോമസ് സ്കറിയ എന്നിവർ പ്രസംഗിച്ചു.
മലയാള ഭാഷതൻ മാദക ഭംഗി തുടങ്ങിയ ഗാനങ്ങൾ കടയിരുപ്പ് നാഭ തരംഗം ഗാനമേള ട്രൂപ്പ് ആലപിച്ചു. ശ്രീവിനായക് പഴന്തോട്ടം , അജിമോൻ കളമ്പൂർ , എ.പി. മോഹനൻ പഴന്തോട്ടം, സനിത വി പാങ്കോട് തുടങ്ങിയ ഗായകർ ഗാനങ്ങൾ ആലപിച്ചു. കോളേജിലെ മലയാളം അധ്യാപകൻ ഡോ. പ്രിൻസ് മോൻ ജോസും സി. ഡോ. കൊച്ചുറാണിയും ജയചന്ദ്രോത്സവത്തിൽ ഗാനങ്ങൾ ആലപിച്ചു. ഇരുപതോളം പ്രസാധകർ പങ്കെടുക്കുന്ന പുസ്തകോത്സവവും കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്നുണ്ട്.
പ്രവേശനം സൗജന്യമാണ്. രാവിലെ 10 മുതൽ 7വരെയാണ് പുസ്തകോത്സവം നടക്കുന്നത്. വലിയ കിഴിവോടെ പുസ്തകങ്ങൾ വാങ്ങാനുള്ള അവസരം പുസ്തകമേളയിലുണ്ട്. മനോരമ ബുക്സിൻ്റെ സ്റ്റാളിൽ തൊഴിൽ വീഥി ഉൾപ്പെടെയുള്ള മനോരമ പ്രസിദ്ധീകരണങ്ങൾക്ക് വരിക്കാരാകാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.നാളെ അക്ഷരോത്സവം വേദിയിൽ മിസ് ക്യൂൻ ഓഫ് ഇൻഡ്യ ഹർഷ ശ്രീകാന്ത് രാവിലെ 10 മണിക്ക് വിദ്യാർത്ഥികളുമായി സംവദിക്കും.
അനിയൻ തലയാറ്റും പിള്ളിയുടെ യൂറോപ്പിൻ്റെ ഹൃദയഭൂമിയിലൂടെ എന്ന പുസ്തകവും ഹർഷ ശ്രീകാന്ത് പ്രകാശനം ചെയ്യും. ഫാ.ഡോ. മാത്യൂസ് വാഴക്കുന്നത്തിൻ്റെ മാന്ത്രിക തൂലികയിൽ നിന്നും പിറന്ന് സി.ജെ. കുട്ടപ്പൻ ഈണമിട്ട് വിദ്യാസാഗർ ആലപിച്ച ക്രിസ്ത്യൻ നാടൻ പാട്ട് തമ്പുരാനെ പെറ്റോരമ്മേ യുടെ പ്രകാശനവും നാളെ നടക്കും
0 Comments