ലൂമിനാരിയ... ശരീരശാസ്ത്രത്തിൻ്റെ നേർക്കാഴ്ചകളൊരുക്കി പാലാ സെൻ്റ് തോമസിൽ മെഡക്സ്
മനുഷ്യശരീരത്തെ ശാസ്ത്രീയമായി മനസ്സിലാക്കുവാനും രോഗങ്ങളെയും രോഗ പ്രതിരോധത്തെയും കുറിച്ചുള്ള ശരിയായ അവബോധം സ്വന്തമാക്കാനും വിദ്യാർത്ഥികൾക്കും പൊതുസമൂഹത്തിനും അവസരമൊരുക്കി പാലാ സെൻ്റ് തോമസ് കോളേജ്. പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ജനുവരി 19 മുതൽ 26 വരെ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ - സാംസ്കാരിക മേളയായ 'ലുമിനാരിയാ'യിലെ ഏറ്റവും ശ്രദ്ധേയമായ ഒന്നായി മാറത്തക്കവിധമുള്ള വിപുലവും വിസ്മയജനകവുമായ കാഴ്ചകളാണ് മെഡക്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഹൃദയവും തലച്ചോറും ഉൾപ്പെടെ മനുഷ്യശരീരത്തിലെ സുപ്രധാനമായ എല്ലാ ആന്തരികാവയങ്ങളുടെയും രോഗബാധയ്ക്ക് മുൻപും അതിനു ശേഷവുമുള്ള അവയുടെ അവസ്ഥാ പരിണാമങ്ങളുടെയും നേർക്കാഴ്ചകൾ മേളയിലുണ്ട്. മനുഷ്യ ശരീരഘടനയെ വിശദമായി പരിചയപ്പെടുത്തുന്ന അവയവമാതൃകകളും ഭ്രൂണാവസ്ഥയുടെയും ശിശുവളർച്ചയുടെയും വിവിധ ഘട്ടങ്ങളും വിവരണങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്.
ജൈവലോകത്തെ ശരീരശാസ്ത്രത്തിൻ്റെ കാണാപ്പുറങ്ങളെ വിദ്യാർത്ഥികൾക്കു പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കോളേജിലെ ബയോകെമിസ്ട്രി, സുവോളജി ഡിപ്പാർട്ടുമെൻ്റുകളും ഇതിനോടനുബന്ധിച്ച് വൈവിധ്യമാർന്ന പ്രദർശനശാലകളാണ് ഒരുക്കിയിരിക്കുന്നത്.
പാഠപുസ്തകങ്ങൾക്കപ്പുറമുള്ള ശാസ്ത്രജ്ഞാനത്തിൻ്റെ അനുഭവങ്ങൾ സ്വന്തമാക്കി മടങ്ങാനുള്ള സുവർണ്ണാവസരത്തിലേക്കാണ് പാലാ സെൻ്റ് തോമസ് കോളേജ് സന്ദർശകരെ സ്വാഗതം ചെയ്യുന്നത്.
0 Comments