ഭരണഘടന നൽകുന്ന അവകാശങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിവരാവകാശ നിയമം സഹായിച്ചു: മന്ത്രി വി.എൻ. വാസവൻ


ഭരണഘടന നൽകുന്ന അവകാശങ്ങൾ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിവരാവകാശ നിയമം സഹായിച്ചു: മന്ത്രി വി.എൻ. വാസവൻ

ഭരണഘടന ഉറപ്പുനൽകുന്ന നീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ അവകാശങ്ങൾ പൗരന്മാർക്കു ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഏറ്റവും സഹായിക്കുന്നതാണു വിവരാവകാശ നിയമമെന്നു സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലെ വിവരാവകാശവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കായി സംസ്ഥാന വിവരാവകാശ കമ്മിഷൻ നടത്തിയ ഏകദിന സെമിനാർ എം.ജി. സർവകലാശാല അസംബ്‌ളി ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


 സ്വജനപക്ഷപാതം, കെടുകാര്യസ്ഥത, അഴിമതി, കാലതാമസം എന്നിവയെ ഒരുപരിധി വരെ ചെറുക്കുന്നതിന് സാധാരണ പൗരന്് സ്വാതന്ത്ര്യവും അവകാശവും നൽകുന്നതായി വിവരാവകാശ നിയമം. നിയമം നല്ലരീതിയിൽ നടപ്പാക്കണമെങ്കിൽ ഉദ്യോഗസ്ഥർക്കു ഇതു സംബന്ധിച്ചു വ്യക്തമായ ധാരണയുണ്ടാകണമെന്നും ഇത്തരം ശിൽപശാലകൾ അതുലക്ഷ്യമാക്കിയിട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞു. 


സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. കെ.എം. ദിലീപ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.  സിവിൽ സർവീസിന്റെ ജനാധിപത്യവൽക്കരണത്തിനും അഴിമതി കുറയ്ക്കാനും വിവരാവകാശ നിയമം സഹായിച്ചുവെന്നു ഡോ. കെ.എം. ദിലീപ് പറഞ്ഞു. വിവരാവകാശ നിയമം നടപ്പിൽവന്ന് 20 വർഷം പിന്നിടുമ്പോൾ ജനങ്ങൾ ഈ നിയമത്തെപ്പറ്റി ബോധവാന്മാരായിട്ടുണ്ട്. ഇന്ത്യൻ ജനാധിപത്യത്തെ വിപുലീകരിക്കുന്നതിനും നിയമം സഹായിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 



വിവരാവകാശ കമ്മിഷൻ ഡോ. സോണിച്ചൻ പി. ജോസഫ്, ജില്ലാ ലോ ഓഫീസർ ടി.എസ്. സബി എന്നിവർ പ്രസംഗിച്ചു. തുടർന്നു വിഷയാവരണവും ജീവനക്കാരുമായുള്ള സംവേദനവും നടന്നു. 
വിവരാവകാശ നിയമത്തെപ്പറ്റി അവബോധം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലും സംസ്ഥാന വിവരാവകാശ കമ്മിഷൻ ഏകദിന സെമിനാർ സംഘടിപ്പിക്കുന്നത്. സെമിനാറിൽ ഏറ്റുമാനൂർ നിയോകജകമണ്ഡലത്തിലെ വിവിധ ഓഫീസുകളിലെ സ്‌റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ, അപ്പീൽ അധികാരികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments