അയ്യോ കള്ളാ... ഞങ്ങളോട് ഇതു വേണ്ടാരുന്നൂട്ടോ...
പാലാ ളാലം ടൗൺ അംഗനവാടിയിലെ കൃഷി തോട്ടത്തിലെ പച്ചക്കറികൾ വ്യാഴാഴ്ച രാത്രി സാമൂഹിക വിരുദ്ധർ പറിച്ചു കൊണ്ടുപോയി.
സ്വന്തം ലേഖകൻ
അംഗനവാടിയുടെ വശങ്ങളിലും പുറകിലുമായി കുട്ടികൾക്കായി ഹെൽപ്പറും ടീച്ചറും ചേർന്ന് നട്ടുവളർത്തിയ പച്ചക്കറികളാണ് കഴിഞ്ഞ രാത്രി ആരോ മോഷ്ടിച്ചത്.
പഴയ ഗവ. സ്കൂൾ പ്രവർത്തിച്ചിക്കുന്ന കെട്ടിടത്തിലാണ് ടൗൺ അംഗനവാടി പ്രവർത്തിട്ടുന്നത്. ടീച്ചർ സുബിയും ഹെൽപ്പർ മേരിയുമാണ് കുട്ടികൾക്കായി പച്ചക്കറിതോട്ടം പരിപാലിച്ചിരുന്നത്.
വെണ്ടയ്ക്ക, കോവയ്ക്ക, മുരിങ്ങ, കപ്ലങ്ങ, വള്ളിപ്പയർ, ചീനി, മുളക്, പാവൽ എന്നിവ പാകമാകുന്നതിന് അനുസരിച്ച് കുട്ടികൾക്ക് കറി വച്ച് നൽകുകയായിരുന്നു പതിവ്. വിഷരഹിതമായ പച്ചക്കറിക്കൊപ്പം കുട്ടികൾക്ക് പാഠമാക്കാൻ കൂടിയാണ് കൃഷി ചെയ്തു തുടങ്ങിയത്. വെള്ളമൊഴിക്കാനും കായ്കളെ പരിചയപ്പെടാനും കുട്ടികളും ഒപ്പം കൂടാറുണ്ട്.
കഴിഞ്ഞ രാത്രി വിളവെടുക്കാറായ വെണ്ടയ്ക്ക, കോവയ്ക്ക, മുളക്, മുരിങ്ങയില, കപ്ലങ എല്ലാം ആരോ പറിച്ചെടുത്ത് കൊണ്ടുപോയി. രാവിലെ അംഗനവാടിയിലെത്തിയ ഹെൽപ്പർ മേരിയാണ് പച്ചക്കറികൾ മോഷണം പോയ വിവരം കണ്ടത്. പിന്നീട് കുട്ടികൾ എത്തിയതോടെ കാത്തിരുന്ന് വളർത്തിയ പച്ചക്കറികൾ കാണാതായത് അവരെയും വിഷമത്തിലാക്കി.
0 Comments