മനുഷ്യന്റെ അന്തസും സാമൂഹികനീതിയും ഉയർത്തിപ്പിടിക്കുന്ന രീതിയിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വികസനത്തിനും ഉപയോഗത്തിനും മാർഗനിർദേശം നൽകാനുള്ള നിർണ്ണായകപങ്കു വഹിക്കാൻ സഭയ്ക്ക് കഴിയുമെന്ന് പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പ്രസ്താവിച്ചു. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ചൂണ്ടച്ചേരി സെന്റ് ജോസഫ് ഓട്ടോണമസ് എഞ്ചിനിയറിംഗ് കോളേജിൽ ആരംഭിച്ച ഇന്റർനാഷണൽ സിമ്പോസിയം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാർ ജോസഫ് കല്ലറങ്ങാട്ട്.
പാലാ സെന്റ് ജോസഫ് എഞ്ചിനിയറിംഗ് കോളേജ് (ഓട്ടോണമസ് ), ന്യുഡൽഹി ഇന്ത്യൻ ഇൻസ്റ്റിററ്യൂട്ട് ഓഫ് സയൻസ് & റിലിജിയനുമായി സഹകരിച്ച് 2025 ജനുവരി 2 മുതൽ 4 വരെ തീയതികളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഹ്യൂമനോയിഡ് ടെക്നോളജി എന്നിവയുടെ
വികസനം: വാഗ്ദാനങ്ങളും അപകടങ്ങളും എന്ന വിഷയത്തിലാണ് അന്താരാഷ്ട്ര
സിമ്പോസിയം നടത്തുന്നത്.
ഈ സിമ്പോസിയം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഹ്യൂമനോയിഡ്
ടെക്നോളജി എന്നിവയുടെ ഏറ്റവും പുതിയ പഠനങ്ങളെ നോക്കിക്കാണുന്നു. മനുഷ്യരാശിയുടെ ഏറ്റവും മികച്ച നേട്ടങ്ങളായി
അംഗീകരിക്കപ്പെട്ടിരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ അതിന്റെ ധാർമ്മിക പ്രത്യാഘാതങ്ങളുടെ പശ്‌ചാത്തലത്തിൽ വിമർശനാത്മകമായി
പരിശോധിക്കുകയാണ് ഈ സിമ്പോസിയത്തിൽ ചെയ്യുന്നത്. പ്രത്യേകിച്ചും പരമ്പരാഗത ധാർമ്മിക ചട്ടക്കൂടുകളെ
വെല്ലുവിളിക്കുന്ന റോബോട്ടിക്സ് പോലുള്ള മേഖലകളിൽ സിമ്പോസിയം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ
മുന്നേറ്റങ്ങൾ മതത്തിന്റെയും ശാസ്ത്രത്തിന്റെയും മേഖലകളിൽ
ആഴത്തിലുള്ള പ്രതിഫലനങ്ങൾക്ക് പ്രചോദനം നൽകുന്നതാണ് എന്ന ചിന്തയാണ് ഇതുവഴി പങ്കുവയ്ക്കുക. "ദൈവത്തിന്റെ പദവി എ ഐ ഏറ്റെടുക്കാൻ തുടങ്ങുകയാണോ?"എന്ന ചിന്തോദ്ദീപകമായ
ചോദ്യം ഈ സിമ്പോസിയം ഉയർത്തുന്നുണ്ട്. അത്യാധുനിക നിർമ്മിത ബുദ്ധി, ഹ്യൂമനോയിഡ്
സാങ്കേതികവിദ്യ എന്നിവയിലേക്കുള്ള ഉൾക്കാഴ്ച പകരുന്നതാണ് സിമ്പോസിയം. ഈ മുന്നേറ്റങ്ങളുടെ സാമൂഹികവും ധാർമ്മികവുമായ
പ്രത്യാഘാതങ്ങൾ പര്യവേക്ഷണം ചെയ്യുകയെന്നതും സിമ്പോസിയത്തിൽ ചർച്ചയാകും. പ്രമുഖ അക്കാദമിക് വിദഗ്ധർ, ഗവേഷകർ, വ്യവസായ
പ്രൊഫഷണലുകൾ എന്നിവരുടെ അവതരണങ്ങളും ചർച്ചകളും സിമ്പോസിയത്തിൽ ഉണ്ടാവും.
ഇന്ന് വത്തിക്കാൻ ഒബ്‌സർവേറ്ററി ഡയറക്ടർ ബ്രദർ ഗയ് കോൺസൽമാഞ്ഞോ എസ്. ജെ, ഗോവ റേച്ചൽ സെമിനാരിയിൽ നിന്ന് ഡോ വിക്ടർ ഫെറാവോ, ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് സയൻസ് & റിലിജിയൻ ഡയറക്ടർ പ്രൊഫ ഡോ ജോബ് കോഴാംതടം എസ് ജെ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു.
നാളെ ന്യുഡൽഹി ജെ എൻ യു സർവകലാശാലയിൽ നിന്ന് പ്രൊഫ ഡോ സൊനാജാറിയ മിഞ്ച്,യു എസ് എ യിലെ ലയോള മേരിമൗണ്ട് സർവകലാശാലയിൽ നിന്ന് ഡോ റോയ് പെരേര എസ് ജെ, കൊച്ചി ലയോള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് & ഇന്റർനാഷണൽ സ്റ്റഡീസ് ഡയറക്ടർ ഡോ ബിനോയ് ജേക്കബ് എസ് ജെ, എം ജി സർവ്വകലാശാലാ സ്‌കൂൾ ഓഫ് മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് & ഡാറ്റാ അനലിക്റ്റിസ് ഡയറക്ടർ ഡോ കെ കെ ജോസ് എന്നിവർ പ്രബന്ധം അവതരിപ്പിക്കും.
കോളേജ് ചെയർമാൻ മോൺ. ഡോ. ജോസഫ് മലേപ്പറമ്പിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഡയറക്ടർ റവ. പ്രൊഫ. ഡോ. ജയിംസ് ജോൺ മംഗലത്ത് , മാനേജർ റവ. ഫാ. മാത്യു കോരംകുഴ,ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് സയൻസ് & റിലിജിയൻ ഡയറക്ടർ പ്രൊഫ ഡോ ജോബ് കോഴാംതടം എസ് ജെ, പ്രിൻസിപ്പൽ ഡോ. വി. പി. ദേവസ്യ, വൈസ് പ്രിൻസിപ്പൽ റവ. ഡോ. ജോസഫ് പുരയിടത്തിൽ എന്നിവർ പ്രസംഗിച്ചു. ബർസാർ റവ. ഫാ. ജോൺ മറ്റമുണ്ടയിൽ, പാസ്റ്ററൽ കൗൺസിൽ ചെയർമാൻ പ്രൊഫ.ഡോ. കെ. കെ. ജോസ് , ഐ ക്യു എ സി കോർഡിനേറ്റർ ഡോ. ജിൽസ് സെബാസ്ററ്യൻ, ഓർഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി പ്രൊഫ. ഡോ. ജോബി പി പി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള ഇരുന്നൂറോളം പേർ പങ്കെടുക്കുന്ന അന്താരാഷ്ട്ര സിമ്പോസിയം ശനിയാഴ്ച സമാപിക്കും.
0 Comments