ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തില്‍ കാണാതായവരുടെ പട്ടിക ജില്ല ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചു. ഇതുവരെ തിരിച്ചറിയാത്ത 32 പേര്‍ പട്ടികയിലുണ്ട്. ഇവരെ മരിച്ചവരായി കണക്കാക്കി മരണ സര്‍ട്ടിഫിക്കറ്റ് നല്‍കി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കും. ദുരന്തത്തില്‍ ഉള്‍പ്പെട്ട 231 മൃതദേഹങ്ങളും 223 മൃതദേഹ ഭാഗങ്ങളും അടക്കം മൊത്തം 454 മൃതദേഹം/ഭാഗങ്ങള്‍ ആണ് ഇതുവരെ കണ്ടെടുത്തത്.
മരണപ്പെട്ട 167 പേരെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരുന്നു. മൊത്തം 266 പേരെ തിരിച്ചറിഞ്ഞു. ദുരന്തത്തില്‍ ഉള്‍പ്പെട്ട് കാണാതായ ബാക്കിയുള്ള 32 പേരുടെ ലിസ്റ്റാണ് ഡിഡിഎംഎ അംഗീകരിച്ചത്. ദുരന്തത്തില്‍ 298 പേര്‍ മരിച്ചതായാണ് കണക്കാക്കുന്നത്.
സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വെള്ളരി മല വില്ലേജ് ഓഫിസര്‍, മേപ്പാടി പഞ്ചായത് സെക്രട്ടറി, മേപ്പാടി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എന്നിവര്‍ ചേര്‍ന്ന് തയാറാക്കിയ ലിസ്റ്റാണ് ജില്ല ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചത്. ലിസ്റ്റ് ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി, റെവന്യൂ-ദുരന്ത നിവാരണം പ്രിന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ അടങ്ങിയ സംസ്ഥാനതല സമിതി പരിശോധിക്കും.
ഇവരെ ദുരന്തത്തില്‍ മരണപ്പെട്ടവരായി കണക്കാക്കി സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും. സര്‍ക്കാര്‍ ഉത്തരവിന്റ അടിസ്ഥാനത്തില്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നല്‍കിയിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും ഇവരുടെ ബന്ധുക്കള്‍ക്ക് നല്‍കും.
0 Comments