ഭക്തിസാന്ദ്രം, വ്രതശുദ്ധിയോടെ സ്ത്രീകളും പയപ്പാറയ്യന്റെ പതിനെട്ടാംപടി ചവിട്ടി...



സുനില്‍ പാലാ
 
പയപ്പാറയ്യന്റെ സന്നിധി പൂങ്കാവനമായി. കല്ലുംമുള്ളും ചവിട്ടി നാളികേരമുടച്ച് പതിനെട്ടാംപടി കയറി കാനനവാസനെ കണ്‍കണ്ടുതൊഴുത അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും ഭക്തിനിര്‍വൃതി, നെയ്യഭിഷേക സുകൃതം.

പയപ്പാര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവ ഭാഗമായി ഇന്നലെ നടത്തിയ പതിനെട്ടാംപടി ചവിട്ടലും നെയ്യഭിഷേകവും ഭക്തിസാന്ദ്രമായി. വ്രതശുദ്ധിയോടെ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ഇരുമുടിക്കെട്ടുമായി പയപ്പാറയ്യന്റെ പതിനെട്ടാംപടി ചവിട്ടി. പടിചവിട്ടലിന് മുന്നോടിയായി ക്ഷേത്രസന്നിധിയില്‍തന്നെ കെട്ടുനിറയ്ക്കല്‍ നടന്നു. പെരിയ സ്വാമിമാരായ രാമകൃഷ്ണാനന്ദപുരി സ്വാമിജി, സത്യാനന്ദപുരി സ്വാമിജി, ആഗമാനന്ദപുരി സ്വാമിജി, അരുണാപുരം ശ്രീകൃഷ്ണാശ്രമ മഠാധിപതി സ്വാമി വീതസംഗാനന്ദ സ്വാമിജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു കെട്ടുനിറയ്ക്കല്‍. 
 
 
 
ശരണഘോഷം മുഴങ്ങിയ വേളയില്‍ നെയ്മുദ്രയും കാണിപ്പൊന്നും നാളികേരവും അവലും മലരുമൊക്കെ ഭക്തര്‍ ഇരുമുടിയില്‍ നിറച്ചു. തുടര്‍ന്ന് കെട്ടുതാങ്ങി ഇരുമുടി ശിരസ്സിലേന്തി പല സംഘങ്ങളായി തിരിഞ്ഞ് പതിനെട്ടാംപടിക്ക് താഴെ തേങ്ങയുടച്ച് പടിചവിട്ടി. സന്നിധാനത്ത് വിരിവെച്ച് നെയ്‌ത്തേങ്ങ മുറിച്ച് നെയ്യെടുത്ത് അഭിഷേകം നടത്തി. നെയ്‌ത്തേങ്ങകള്‍ ആഴിയില്‍ നിക്ഷേപിച്ചു. കാണിപ്പൊന്നിട്ട് കാനനവാസനെ കണ്‍കണ്ട് തൊഴുതു. മാളികപ്പുറത്തമ്മയെ ദര്‍ശിച്ച് അവലും മലരും നേദിച്ചു. 
 
 

 
അയ്യപ്പജനകനായ മഹാദേവനെ വണങ്ങി അപ്പവും അരവണയുമൊക്കെ വാങ്ങി തിരികെപടിയിറങ്ങി തേങ്ങയുടച്ച് മാലയൂരി. ഇത്തവണ പയപ്പാര്‍ ക്ഷേത്രത്തില്‍ പതിനെട്ടാംപടി ചവിട്ടാനും നെയ്യഭിഷേകത്തിനുമൊക്കെയായി നൂറുകണക്കിന് ഭക്തരാണെത്തിയത്. പ്രസാദമൂട്ടുമുണ്ടായിരുന്നു. വൈകിട്ട് ദീപാരാധന, സംഗീതാര്‍ച്ചന, ഓട്ടന്‍തുള്ളല്‍, തിരുവാതിരകളി എന്നിവയുമുണ്ടായിരുന്നു.



കാലുകള്‍ തളര്‍ന്നെങ്കിലും രവിയും പതിനെട്ടാംപടി ചവിട്ടി!

കാലുകള്‍ തളര്‍ന്നെങ്കിലും രവിയും പതിനെട്ടാംപടി ചവിട്ടി! രണ്ടര പതിറ്റാണ്ട് മുമ്പുണ്ടായ അപകടത്തില്‍ കാലുകള്‍ തളര്‍ന്ന രാമപുരം വെള്ളിലാപ്പള്ളി കണ്ണനാട്ടുതാഴത്ത് രവിയാണ് ഇന്നലെ മറ്റ് അയ്യപ്പന്‍മാരുടെ സഹായത്തോടെ പയപ്പാര്‍ ക്ഷേത്രസന്നിധിയിലെ ''പതിനെട്ടാംപടി ചവിട്ടിയത്''. 
 
 
ശബരിമലയ്ക്ക് പോകാന്‍ ബുദ്ധിമുട്ടുള്ള തനിക്ക് ഇരുമുടിയുമായി പയപ്പാര്‍ അമ്പലത്തിലെ പടിചവിട്ടല്‍ അയ്യപ്പസ്വാമിയുടെ അനുഗ്രഹംകൊണ്ട് സാധിച്ചതാണെന്ന് രവി പറഞ്ഞു. ഭാര്യ രമയും മക്കളായ രതീഷും രമേഷുമൊക്കെ രവിയോടൊപ്പം എത്തിയിരുന്നു. മുച്ചക്രവണ്ടിയില്‍ ലോട്ടറി കച്ചവടം നടത്തുകയാണ് രവി. മുമ്പ് 32 വര്‍ഷം കല്ലുംമുള്ളും താണ്ടി ശബരീശനെ കണ്‍കണ്ട് തൊഴുതതിന്റെ ദര്‍ശന പുണ്യവും ഈ 65-കാരനുണ്ട്.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments