ആർട്ടിഫിഷ്യൽ ഇന്റലിജെൻസിൽ പുത്തൻ കാഴ്ചപ്പാടുകളുമായി ഇന്റർനാഷണൽ സിമ്പോസിയം
പാലാ സെന്റ് ജോസഫ് എഞ്ചിനിയറിംഗ് കോളേജ് (ഓട്ടോണമസ് ), ന്യുഡൽഹി ഇന്ത്യൻ ഇൻസ്റ്റിററ്യൂട്ട് ഓഫ് സയൻസ് & റിലിജിയനുമായി സഹകരിച്ച് 2025 ജനുവരി 2 മുതൽ 4 വരെ തീയതികളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഹ്യൂമനോയിഡ് ടെക്നോളജി എന്നിവയുടെ
വികസനം: വാഗ്ദാനങ്ങളും അപകടങ്ങളും എന്ന വിഷയത്തിൽ നടന്നുവരുന്ന സിമ്പോസിയം രണ്ടാം ദിനം സമാപിച്ചു.
ഇന്ത്യക്ക് ഉപകാരപ്രദമായ നിർമ്മിതബുദ്ധിക്ക് അടുത്തകാലത്തുണ്ടായ വളർച്ച സംബന്ധിച്ച് ലോസ് ഏഞ്ചൽസ് ലയോള മേരി മൗണ്ട് യൂണിവേഴ്‌സിറ്റി സ്‌പെഷ്യൽ അസിസ്റ്റന്റ് ഓംബുഡ്സ്മാൻ ദ്വിദിനത്തിലെ ആദ്യപ്രബന്ധം അവതരിപ്പിച്ചു. മ്യുസിക്ക്, ചിത്രം, സിനിമ എന്നിവയുടെ നിർമ്മാണവും വളർച്ചയും പ്രബന്ധത്തിൽ ചർച്ചയായി. പൊതുവിപണിയിൽ വന്ന നിർമ്മിതബുദ്ധി ഉപകരണങ്ങളും വിദ്യാഭ്യാസ മേഖലയിലുള്ളവർ നിർമ്മിതബുദ്ധിയുടെ സഹായം തേടുന്നതും ന്യൂറോ സയൻസിൽ അവയുടെ അടിസ്ഥാനവും ചർച്ചയായി. ആരോഗ്യപരിപാലനം, കൃഷി, വിദ്യാഭ്യാസം, പൊതുസേവനം എന്നീ രംഗങ്ങളിൽ നിർമ്മിതബുദ്ധി കൊണ്ടുവന്ന മാറ്റം, കൂടാതെ എ ഐ സ്റ്റാർട്ടപ്പുകൾ, കണ്ടുപിടുത്തങ്ങൾ, ഗവേഷണം ഇന്ത്യ ഗവണ്മെന്റ് നൽകുന്ന പ്രോത്സാഹനം എന്നിവയും കേസ് സ്റ്റഡികളുടെ പശ്ചാത്തലത്തിൽ വിവരിച്ചു.
നിർമ്മിതബുദ്ധിയിലെ അവ്യക്തമായ സമീപനങ്ങൾ സംബന്ധിച്ച് കൊച്ചി ലയോള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് & ഇന്റർനാഷണൽ (ലിപി ) ഡയറക്ടറും പാക്സ് ലൂമിന ദ്വൈ മാസിക, എഴുത്തു മാസിക എന്നിവയുടെ മാനേജിങ് ഡയറക്ടറുമായ ഡോ. ബിനോയ് ജേക്കബ് എസ് ജെ രണ്ടാമത്തെ പ്രബന്ധം അവതരിപ്പിച്ചു.
ആശയങ്ങളെയും വ്യക്തികളെയും സാഹചര്യങ്ങളേയും ബ്ലാക്ക് & വൈറ്റായി തരംതിരിക്കുന്ന ബൈനറി ചിന്തകളുടെ ഉൾക്കാഴ്ചകളാണ് പ്രസ്തുത പ്രബന്ധത്തിൽ വിഷയമായത്. സംഭാവ്യത എന്ന മാർഗം വഴി ബൈനറി ചിന്തകളെ മറികടക്കാമെന്ന് പ്രബന്ധത്തിൽ വിശദീകരിച്ചു.ക്രമരഹിതമായ പ്രതിഭാസങ്ങളുടെ വിവരണവും വിശകലനവും നടത്തുന്ന സ്റ്റാറ്റിസ്റ്റിക്കൽ സമീപനമായ പ്രോബബിലിറ്റിയും പ്രബന്ധത്തിൽ ചർച്ച ചെയ്യപ്പെട്ടു. പ്രോബബിലിറ്റി അടിസ്ഥാനമാക്കിയുള്ള ഏതൊരു കംപ്യുട്ടേഷണൽ വിശകലനവും ക്രമരഹിതമായതിനാൽ കൃത്യമാകാണമെന്നില്ല. അതിനാൽ ഈ സിദ്ധാന്തത്തിന്റെ അവ്യക്തത കൈകാര്യം ചെയ്യുന്ന യുക്തിയിൽ നിന്ന് ആശയങ്ങളും സാങ്കേതികതകളും രൂപീകരിക്കേണ്ടതുണ്ട്. ഗണിതശാസ്ത്ര അടിത്തറ നല്കുന്നതുവഴി നിർമ്മിതബുദ്ധിയിലെ അവ്യക്തമായ സമീപനങ്ങളെ ഒരു പരിധിവരെ മറികടക്കാനാവുമെന്നും ഡോ ബിനോയ് എസ് ജെ പ്രബന്ധത്തിലവതരിപ്പിച്ചു.
മാത്തമാറ്റിക്സ് സ്റ്റാറ്റിറ്റിക്സ് നിർമ്മിതബുദ്ധിയുടെ അവസരങ്ങളും വെല്ലുവിളികളും എന്ന വിഷയത്തിൽ മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് മാത്തമാറ്റിക്സ് & സ്റ്റാറ്റിറ്റിക്സ് , സ്‌കൂൾ ഓഫ് ഡേറ്റ അനലിറ്റിക്‌സ് എന്നിവയുടെ ഓണററി ഡയറക്ടറും പാലാ രൂപത പാസ്റ്ററൽ കൗൺസിൽ ചെയർമാനുമായ പ്രൊഫ. ഡോ. കെ കെ ജോസ് മൂന്നാമത്തെ പ്രബന്ധം അവതരിപ്പിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, റോബോട്ടിക് മോഡലിംഗ്, അവയുടെ ആസൂത്രണം, നിർവഹണം എന്നിവയിൽ ഗണിതശാസ്ത്രത്തിനും സ്ഥിതിവിവരക്കണക്കിനും നിർണ്ണായകപങ്കുണ്ടെന്ന് പ്രസ്തുത പ്രബന്ധത്തിൽ അവതരിക്കപ്പെട്ടു. ഗണിതശാസ്ത്രമനുസരിച്ച് ഒന്നിലധികം ഉപസിസ്റ്റങ്ങളിലെ പ്രവർത്തനങ്ങളാൽ പ്രതിനിധീകരിക്കപ്പെടുന്ന ഒരു സങ്കീർണ്ണ സിസ്റ്റമാണ് റോബോട്ടിക് സിസ്റ്റം. ധാരണയും പ്രവർത്തനവും തമ്മിലുള്ള ബുദ്ധിപരമായ ബന്ധം വഴിയാണ് ഇത് സാധ്യമാകുന്നത്. ഒരു നിർമ്മിതബുദ്ധി റോബോട്ട് വഴി മനുഷ്യന് ചെയ്യാൻ അസാധ്യവും അപകടകരവുമായ പലവിധകാര്യങ്ങളും ചെയ്യുവാൻ കഴിയും. ഫ്രാൻസിസ് മാർപാപ്പ പറഞ്ഞ പുത്തൻസാങ്കേതികവിദ്യകളുടെ യുക്തിപൂർണ്ണമായ ഉപയോഗത്തെ പ്രബന്ധത്തിൽ ഊന്നിപറഞ്ഞു. മാനുഷികബന്ധങ്ങൾ, സ്വകാര്യത, ബഹുമാനം, തീരുമാനങ്ങൾ, തൊഴിലില്ലായ്മ, തൊഴിലിടങ്ങളിലെ ചൂഷണങ്ങൾ, ഊർജ്ജ ആവശ്യങ്ങൾ, പരിസ്ഥിതി - കാലാവസ്ഥ വ്യതിയാനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടു പരിഹരിക്കേണ്ട വിഷയങ്ങളെയും പ്രബന്ധം സംബോധന ചെയ്തു.
ന്യൂഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി, കംപ്യുട്ടർ & സിസ്റ്റം സയൻസ് പ്രൊഫസറും ഝാർഖണ്ഡ് സിഡോ കൻഹു മുർമു യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസിലറുമായ ഡോ സോണാജാര്യ മിഞ്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസും മാർജിനുകളും ഉൾക്കൊള്ളുന്ന ഒരു ഭാവിയിലേക്ക് എന്ന പ്രബന്ധം അവതരിപ്പിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രാധാന്യം നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്. ദൈനംദിന ജോലികൾ കൂടുതൽ കാര്യക്ഷമമായി ചെയ്യുക, കഠിനവും വിരസവുമായ ജോലികളിൽ ഏർപ്പെടുക,മാലിന്യത്തിന്റെ തോത് കുറയ്ക്കുക, ഗവേഷണം പ്രോത്സാഹിപ്പിക്കുക, ബിസിനസിൽ അഭിവൃദ്ധി കൊണ്ടുവരിക, സോഫ്റ്റ്വെയർ നവീകരിക്കുക തുടങ്ങിയ നിരവധി വിഷയങ്ങൾ നിർമ്മിതബുദ്ധിയുടെ മേഖലയിൽ കടന്നുവരുന്നു. എന്നാൽ ഇവ ഭൗമ-സാമൂഹിക-സാമ്പത്തിക രംഗത്ത് നിരവധിയായ ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട്. ഇവ ധാർമ്മികമായി പരിശോധിച്ച് പൊതുനന്മയ്ക്കായി ഉപയോഗിക്കുന്നതിന് പ്രതിജ്ഞാബദ്ധമാകണമെന്ന് അവർ ഉദ്‌ബോധിപ്പിച്ചു.
ഈ സിമ്പോസിയം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഹ്യൂമനോയിഡ്
ടെക്നോളജി എന്നിവയുടെ ഏറ്റവും പുതിയ പഠനങ്ങളെ അവതരിപ്പിക്കുന്നു. മനുഷ്യരാശിയുടെ ഏറ്റവും മികച്ച നേട്ടങ്ങളായി
അംഗീകരിക്കപ്പെട്ടിരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ അതിന്റെ ധാർമ്മിക പ്രത്യാഘാതങ്ങളുടെ പശ്‌ചാത്തലത്തിൽ വിമർശനാത്മകമായി
പരിശോധിക്കുകയാണ് ഈ സിമ്പോസിയത്തിൽ ചെയ്യുന്നത്. പ്രത്യേകിച്ചും പരമ്പരാഗത ധാർമ്മിക ചട്ടക്കൂടുകളെ
വെല്ലുവിളിക്കുന്ന റോബോട്ടിക്സ് പോലുള്ള മേഖലകളിൽ സിമ്പോസിയം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ
മുന്നേറ്റങ്ങൾ മതത്തിന്റെയും ശാസ്ത്രത്തിന്റെയും മേഖലകളിൽ
ആഴത്തിലുള്ള പ്രതിഫലനങ്ങൾക്ക് പ്രചോദനം നൽകുന്നതാണ് എന്ന ചിന്തയാണ് ഇതുവഴി പങ്കുവയ്ക്കുക. "ദൈവത്തിന്റെ പദവി എ ഐ ഏറ്റെടുക്കാൻ തുടങ്ങുകയാണോ?"എന്ന ചിന്തോദ്ദീപകമായ
ചോദ്യം ഈ സിമ്പോസിയം ഉയർത്തുന്നുണ്ട്. അത്യാധുനിക നിർമ്മിത ബുദ്ധി, ഹ്യൂമനോയിഡ്
സാങ്കേതികവിദ്യ എന്നിവയിലേക്കുള്ള ഉൾക്കാഴ്ച പകരുന്നതാണ് സിമ്പോസിയം. ഈ മുന്നേറ്റങ്ങളുടെ സാമൂഹികവും ധാർമ്മികവുമായ
പ്രത്യാഘാതങ്ങൾ പര്യവേക്ഷണം ചെയ്യുകയെന്നതും സിമ്പോസിയത്തിൽ ചർച്ചയാകും. പ്രമുഖ അക്കാദമിക് വിദഗ്ധർ, ഗവേഷകർ, വ്യവസായ
പ്രൊഫഷണലുകൾ എന്നിവരുടെ അവതരണങ്ങളും ചർച്ചകളും സിമ്പോസിയത്തിൽ ഉണ്ടാവും.
കോളേജ് ചെയർമാൻ മോൺ. ഡോ. ജോസഫ് മലേപ്പറമ്പിൽ, ഡയറക്ടർ റവ. പ്രൊഫ. ഡോ. ജയിംസ് ജോൺ മംഗലത്ത് , മാനേജർ റവ. ഫാ. മാത്യു കോരംകുഴ,ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് സയൻസ് & റിലിജിയൻ ഡയറക്ടർ പ്രൊഫ ഡോ ജോബ് കോഴാംതടം എസ് ജെ, പ്രിൻസിപ്പൽ ഡോ. വി. പി. ദേവസ്യ, വൈസ് പ്രിൻസിപ്പൽ റവ. ഡോ. ജോസഫ് പുരയിടത്തിൽ, ബർസാർ റവ. ഫാ. ജോൺ മറ്റമുണ്ടയിൽ, പാസ്റ്ററൽ കൗൺസിൽ ചെയർമാൻ പ്രൊഫ.ഡോ. കെ. കെ. ജോസ് , ഐ ക്യു എ സി കോർഡിനേറ്റർ ഡോ. ജിൽസ് സെബാസ്ററ്യൻ, ഓർഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി പ്രൊഫ. ഡോ. ജോബി പി പി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള ഇരുന്നൂറോളം പേർ പങ്കെടുക്കുന്ന അന്താരാഷ്ട്ര സിമ്പോസിയം നാളെ സമാപിക്കും.
0 Comments