പാലാ സെന്റ് ജോസഫിൽ ഇന്റർനാഷണൽ സിമ്പോസിയത്തിന് ഉജ്ജ്വലസമാപനം.


 പാലാ സെന്റ് ജോസഫ് എഞ്ചിനിയറിംഗ് കോളേജ് (ഓട്ടോണമസ് ), ന്യുഡൽഹി ഇന്ത്യൻ ഇൻസ്റ്റിററ്യൂട്ട്‌ ഓഫ് സയൻസ് & റിലിജിയനുമായി സഹകരിച്ച് 2025 ജനുവരി 2 മുതൽ 4 വരെ തീയതികളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഹ്യൂമനോയിഡ് ടെക്നോളജി എന്നിവയുടെ
വികസനം: വാഗ്ദാനങ്ങളും അപകടങ്ങളും എന്ന വിഷയത്തിൽ നടന്നുവന്നിരുന്ന  ഇന്റർനാഷണൽ സിമ്പോസിയം സമാപിച്ചു.

ഈ സിമ്പോസിയത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഹ്യൂമനോയിഡ്
ടെക്‌നോളജി എന്നിവയുടെ ഏറ്റവും പുതിയ പഠനങ്ങളൾ അവതരിപ്പിക്കപ്പെട്ടു. മനുഷ്യരാശിയുടെ ഏറ്റവും മികച്ച  നേട്ടങ്ങളായി
അംഗീകരിക്കപ്പെട്ടിരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ അതിന്റെ  ധാർമ്മിക പ്രത്യാഘാതങ്ങളുടെ പശ്‌ചാത്തലത്തിൽ വിമർശനാത്മകമായി
പരിശോധിക്കുകയാണ് ഈ സിമ്പോസിയത്തിൽ ചെയ്തത്‌. പ്രത്യേകിച്ചും പരമ്പരാഗത ധാർമ്മിക ചട്ടക്കൂടുകളെ
വെല്ലുവിളിക്കുന്ന റോബോട്ടിക്സ് പോലുള്ള മേഖലകളിൽ സിമ്പോസിയം ശ്രദ്ധയൂന്നി. ഈ
മുന്നേറ്റങ്ങൾ മതത്തിന്റെയും ശാസ്ത്രത്തിന്റെയും മേഖലകളിൽ
ആഴത്തിലുള്ള പ്രതിഫലനങ്ങൾക്ക് പ്രചോദനം നൽകുന്നതാണ് എന്ന ചിന്തയാണ് ഇതുവഴി പങ്കുവച്ചു. "ദൈവത്തിന്റെ പദവി എ ഐ ഏറ്റെടുക്കാൻ തുടങ്ങുകയാണോ?"എന്ന ചിന്തോദ്ദീപകമായ
ചോദ്യത്തെ സിമ്പോസിയം ചർച്ചചെയ്തു. അത്യാധുനിക നിർമ്മിത ബുദ്ധി, ഹ്യൂമനോയിഡ്
സാങ്കേതികവിദ്യ എന്നിവയിലേക്കുള്ള ഉൾക്കാഴ്ച പകരുവാൻ സിമ്പോസിയത്തിനു സാധിച്ചു. ഈ മുന്നേറ്റങ്ങളുടെ സാമൂഹികവും ധാർമ്മികവുമായ
പ്രത്യാഘാതങ്ങൾ പര്യവേക്ഷണം ചെയ്യുകയെന്നതും സിമ്പോസിയത്തിൽ ചർച്ചയായി. പ്രമുഖ അക്കാദമിക് വിദഗ്ധർ, ഗവേഷകർ, വ്യവസായ
പ്രൊഫഷണലുകൾ എന്നിവരുടെ അവതരണങ്ങളാലും ചർച്ചകളാലും സിമ്പോസിയം മികവ് പുലർത്തി.
സമാപനദിനത്തിൽ മൂന്ന് പ്രബന്ധങ്ങളാണ് അവതരിപ്പിച്ചത്. നിർമ്മിതബുദ്ധിയുടെ വൈകാരികത അവയുടെ നൈതിക പ്രശ്നങ്ങളും തത്ത്വശാസ്ത്രപരമായ പ്രത്യാഘാതങ്ങളും എന്ന വിഷയത്തിൽ പുനെ ജ്ഞാനദീപ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ഡോളിച്ചൻ കൊള്ളാരേത്ത് എസ്‌ ജെ പ്രബന്ധം അവതരിപ്പിച്ചു. ഉപഭോക്തൃമേഖലകളിൽ വികാരങ്ങൾ തിരിച്ചറിയാനും പ്രകടിപ്പിക്കാനും കഴിവുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വികസിപ്പിക്കുന്നതനായി ശാസ്ത്രജ്ഞർ അഹോരാത്രം പണിയെടുക്കുന്നു. കൂടാതെ ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, പരസ്യരംഗം, വിപണനം, വിനോദം തുടങ്ങിയ മേഖലകളിൽ മനുഷ്യ- റോബോട്ട് ഇടപെടലുകൾ വർധിക്കുമെന്നും പ്രബന്ധം നിരീക്ഷിച്ചു.

പാലാ സെന്റ് ജോസഫ് (ഓട്ടോണമസ് ) കോളേജിലെ കമ്പ്യൂട്ടർ സയൻസ് - സൈബർ സെക്യൂരിറ്റി വിഭാഗം പ്രൊഫസർ ശബരിനാഥ് ജി, ആർട്ടിഫിഷ്യൽ  ഇന്റലിജൻസിന്റെ പരിണാമവും സാമൂഹിക നിർമ്മാണത്തിൽ അവയുടെ സ്വാധീനവും എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. ഇതിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും സാമൂഹിക ജീവിതത്തിന്റെയും വിഭജനത്തെക്കുറിച്ച് അന്വേഷിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ചരിത്രവിഗതികളിലുണ്ടായ പരിണാമവും ഈ പ്രബന്ധത്തിൽ ചർച്ച ചെയ്തു.

കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ് ടെക്‌നോളജി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത ജോസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഒരു വിശകലനം എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കംപ്യുട്ടറുകളെയും മെഷീനുകളെയും ബുദ്ധിപരമായി ചിന്തിക്കാൻ പ്രാപ്തമാക്കുന്നു. ആധുനിക കാലഘട്ടത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനുണ്ടായ സ്വാധീനങ്ങളെയാണ് ഈ പ്രബന്ധം നോക്കിക്കണ്ടത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നൽകുന്ന ഗുണപരതയോടൊപ്പം അവ നൽകുന്ന വെല്ലുവിളികളെയും പ്രബന്ധം നോക്കിക്കാണുന്നു. ധാർമ്മിക ആശങ്കകൾ, ദുരുപയോഗം, സാമൂഹിക പ്രത്യാഘാതങ്ങൾ എന്നിവയെ നേരിടാൻ മനുഷ്യകേന്ദ്രീകൃത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന ആശയം പ്രബന്ധം മുമ്പോട്ട് വച്ചു.


സമാപന സമ്മേളനത്തിൽ ഡയറക്ടർ റവ. പ്രൊഫ. ഡോ. ജയിംസ് ജോൺ മംഗലത്ത്  അധ്യക്ഷനായിരുന്നു. പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട്‌ പ്രിൻസിപ്പൽ ഡോ വി വി ജോർജ്കുട്ടി മുഖ്യാതിഥി ആയി.‌
മത്സരപരീക്ഷകളിൽ വിശേഷിച്ച് യൂണിയൻ പബ്ലിക്ക് സർവീസ് കമ്മീഷൻ നടത്തുന്ന പരീക്ഷകളിൽ വിശേഷപങ്കു വഹിക്കാൻ നിർമ്മിതബുദ്ധിക്ക് കഴിയുമെന്ന് ഡോ ജോർജ്കുട്ടി പ്രസ്താവിച്ചു. വിദ്യാർത്ഥികളുടെ പഠനശേഷിക്ക് അനുസൃതമായി സിലബസ് ലഘൂകരിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനു കഴിയും. ഡേറ്റ ശേഖരിക്കൽ, വിശകലനം, പരീക്ഷകൾക്കനുസൃതമായി ഡേറ്റകളെ തരംതിരിക്കുകയും അടുക്കുകയും ചെയ്യുക, കൃത്യമായതും വേഗത്തിലുള്ളതുമായ ഫീഡ്ബാക്ക് നൽകുക ഇവയിലെല്ലാം ആർട്ടിഫിഷ്യൽ ഇന്റലിജൻസിനു വ്യക്തമായ പങ്കുവഹിക്കാൻ സാധിക്കുമെന്ന് ഡോ വി വി ജോർജുകുട്ടി കൂട്ടിച്ചേർത്തു. സിമ്പോസിയത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ ഡോ വി വി ജോർജ്‌കുട്ടി വിതരണം ചെയ്തു.
ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ സയൻസ് & റിലിജിയൻ ഡയറക്ടർ പ്രൊഫ ഡോ ജോബ് കോഴാംതടം എസ് ജെ,  വൈസ് പ്രിൻസിപ്പൽ റവ. ഡോ. ജോസഫ് പുരയിടത്തിൽ, ഓർഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി പ്രൊഫ. ഡോ. ജോബി പി പി എന്നിവർ പ്രസംഗിച്ചു.

ബർസാർ റവ. ഫാ. ജോൺ മറ്റമുണ്ടയിൽ, പാസ്റ്ററൽ കൗൺസിൽ ചെയർമാൻ  പ്രൊഫ.ഡോ. കെ. കെ. ജോസ് , ഐ ക്യു എ സി കോർഡിനേറ്റർ ഡോ. ജിൽസ് സെബാസ്ററ്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments