ജോൺ കച്ചിറമറ്റത്തിന് ആർ.വി. തോമസ് പുരസ്കാരം


സംശുദ്ധമായ പൊതുപ്രവർത്തനത്തിന് ആർ.വി. സ്മാരകസമിതി ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരത്തിന് കാൽ നൂറ്റാണ്ടുകാലം അഖില കേരള കത്തോലിക്കാ കോൺഗ്രസ് ജനറൽ സെക്രട്ടറിയും പിന്നീട് പ്രസിഡൻ്റും മലനാട് കർഷക യൂണിയൻ്റെ സ്ഥാപക നേതാവുമായിരുന്ന ജോൺ കച്ചിറമറ്റം തെരഞ്ഞെടുക്കപ്പെട്ടു.
1961-ൽ അയ്യപ്പൻകോവിലിൽ കർഷകരെ സർക്കാർ കുടിയിറക്കിയപ്പോൾ ഫാദർ വടക്കനുമൊത്ത് അമരാവതിയിൽ ഉപവാസ സമരത്തിനും വൻ കർഷക പ്രതിഷേധത്തിനും നേതൃത്വം നൽകിയ ജോൺ കച്ചിറമറ്റം കാൽ നൂറ്റാണ്ടുകാലം കത്തോലിക്കാ കോൺഗ്രസിൻ്റെ അമരക്കാരനെന്ന നിലയിൽ സമുദായത്തിനും നേതൃത്വം നൽകി. 


1959-ൽ വിമോചനസമരത്തിൻ്റെ മുൻനിരനേതാവെന്ന നിലയിൽ അറസ്റ്റിനും തടവുശിക്ഷക്കും വിധേയനായി. അറിയപ്പെടുന്ന ചരിത്രകാരനായ അദ്ദേഹം നൂറിലധികം ചരിത്ര- ജീവചരിത്ര ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.


രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ ചെയർമാനും ഡോ. ആർ.വി.ജോസ്, ഷെവ വി.സി സെബാസ്റ്റ്യൻ , ഡോ. ടി.വി. മുരളീവല്ലഭൻ എന്നിവർ അംഗങ്ങളുമായുള്ള അവാർഡ് നിർണ്ണയ സമിതിയാണ് ജോൺ കച്ചിറമറ്റത്തിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്ന് ആർ.വി. സ്മാരകസമിതി കൺവീനർമാരായ ഡോ. സാബു ഡി മാത്യുവും ഡോ.കെ.കെ. ജോസും അറിയിച്ചു.


സ്വാതന്ത്ര്യസമരസേനാനിയും നിയമസഭാസ്പീക്കറുമായിരുന്ന ആർ.വി. തോമസിൻ്റെ എഴുപതാം ചരമ വാർഷികത്തോടനുബന്ധിച്ച് ജനുവരി 22-ന് 4 മണിക്ക് പാലാ നെല്ലിയാനി ലയൺസ് ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ജോൺ കച്ചിറ മറ്റത്തിന് ആർ.വി. പുരസ്കാരം സമ്മാനിക്കും.
ആർ.വി. സ്മാരകസമിതി പ്രസിഡൻ്റ് ഡോ.സിറിയക് തോമസിൻ്റെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ മുൻ കെ.പി.സി.സി. അധ്യക്ഷൻ കെ. മുരളീധരൻ ഈ വർഷത്തെ ആർ.വി. തോമസ് സ്മാരക പ്രഭാഷണം നിർവ്വഹിക്കും.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments