കഠിനംകുളത്ത് വീട്ടമ്മയായ ആതിരയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. യുവതിയുടെ ഇന്‍സ്റ്റാഗ്രാം സുഹൃത്തും കൊല്ലം ദളവാപുരം സ്വദേശിയുമായ ജോണ്‍സണെ ആണ് പിടികൂടിയത്. കുറിച്ചിയിൽ നിന്നാണ് ചിങ്ങവനം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാൾ വിഷ വസ്തു എന്തോ കഴിച്ചതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജോണ്‍സണെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണ സംഘം തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്ക് പുറപ്പെട്ടു.
പ്രതി വിഷ വസ്തു കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായാണ് വിവരം. പ്രതിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന വിവരവും പുറത്തുവരുണ്ട്. ജോണ്‍സണ്‍ മുമ്പ് ജോലി ചെയ്തിരുന്ന ഹോം സ്റ്റേയിൽ നിന്നാണ് കണ്ടെത്തിയത്. ഇവിടെയുള്ള സാധനങ്ങള്‍ എടുക്കാൻ എത്തിയതായിരുന്നു പ്രതി. പൊലീസ് പിടിച്ചതിന് ശേഷം ആണ് പ്രതി താൻ വിഷം കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞത്. തുടർന്ന് പൊലീസ് പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചശേഷം അബോധാവസ്ഥ യിലായ പ്രതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ജോണ്‍സണ്‍ ആണ് ആതിരയെ കൊലപ്പെടുത്തിയതെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇയാൾ യുവതിയിൽ നിന്നും പണം തട്ടിയിരുന്നു. ഒരു വർഷക്കാലമായി കൊല്ലപ്പെട്ട യുവതിയുമായി അടുപ്പത്തിലായിരുന്നു ജോൺസൺ. ഇയാൾക്ക് കൊല്ലപ്പെട്ട യുവതിയുമായി സാമ്പത്തിക ഇടപാടുമുണ്ടായിരുന്നു. ആദ്യം ഒരു ലക്ഷത്തോളം രൂപ യുവതി ജോൺസന് നൽകിയിരുന്നു. കൃത്യത്തിന് മൂന്ന് ദിവസം മുമ്പ് 2500 രൂപ ജോൺസൺ യുവതിയുടെ പക്കൽ നിന്നും വാങ്ങി.
യുവതിയുടെ ചിത്രങ്ങൾ കാട്ടി ബ്ലാക്ക് മെയിൽ ചെയ്താണ് ജോൺസൺ കൂടുതൽ പണം തട്ടിയിരുന്നത്. ഒടുവിൽ തന്റെ ഒപ്പം വരണമെന്ന് ജോൺസൺ യുവതിയോട് ആവശ്യപ്പെട്ടു. ഇത് യുവതി വിസമ്മതിച്ചു. കൃത്യം നടന്ന ദിവസം രാവിലെ ഒൻപത് മണിയോടെ വീട്ടിലെത്തിയ ജോൺസൻ ബോധംകെടുത്തിയ ശേഷം കഴുത്തിൽ കത്തി കുത്തിയിറക്കുകയായിരുന്നു. പ്രതി പെരുമാതുറയുടെ വാടക വീട്ടിൽ നിന്നും കത്തിയുമായി പോകുന്നതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു. ഇൻസ്റ്റഗ്രാമിൽ പന്ത്രണ്ടായിരത്തോളം ഫോളോവേഴ്സുളള ആളാണ് പ്രതി ജോൺസൺ.
0 Comments