കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നൃത്തപരിപാടിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എംഎല്‍എ പതിയെ നടന്ന് തുടങ്ങി. ആശുപത്രി മുറിക്കുള്ളില്‍ ഡോക്ടറുടെയും നഴ്‌സിന്റെയും കൈപിടിച്ചാണ് ഉമാ തോമസ് എംഎല്‍എ നടന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഉമാ തോമസ് ചികിത്സയില്‍ കഴിയുന്നത്.
ഇങ്ങനെയൊരു കരുതലുണ്ടല്ലോ, അത് തന്നെയാണ് തനിക്ക് ആശ്വാസമെന്ന് ഉമാ തോമസ് എംഎല്‍എ പറയുന്നത് വീഡിയോയിലുണ്ട്. ആരോഗ്യനില മെച്ചപ്പെട്ടതോടെ നിരവധി പേരാണ് ഉമാ തോമസിനെ ദിവസവും ആശുപത്രിയില്‍ എത്തി കാണുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പാര്‍ട്ടി പ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും അടക്കം ഉമാ തോമസിനെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ എത്തിയിരുന്നു.
ഇക്കഴിഞ്ഞ ഡിസംബര്‍ 29നായിരുന്നു അതിദാരുണമായ സംഭവം നടന്നത്. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ നൃത്തപരിപാടിയില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു സ്ഥലം എംഎല്‍എ കൂടിയായ ഉമാ തോമസ്. ഇതിനിടെ സ്‌റ്റേജില്‍ നിന്ന് ഉമാ തോമസ് താഴെ വീഴുകയായിരുന്നു.
പതിനഞ്ച് അടി താഴ്ചയിലേക്കായിരുന്നു ഉമാ തോമസ് വീണത്. വീഴ്ചയില്‍ ഉമാ തോമസിന്റെ തലച്ചോറിനും ശ്വാസകോശത്തിനും പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ സ്റ്റേജ് നിര്‍മാണത്തിലെ അപാകതകളും സംഘാടനത്തിലെ പിഴവുകളും അടക്കം വ്യാപകമായി ചര്‍ച്ചയായിരുന്നു.
0 Comments