ഉറവപ്പാറ മലയില്‍ തീപിടിത്തം: ഫയര്‍ഫോഴ്‌സ് തീയണച്ചു

  

ഉറവപ്പാറ മലമുകളിലെ പുരയിടത്തില്‍ വ്യാപക തീപിടിത്തം. തൊടുപുഴയില്‍നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘമെത്തി ഏറെ ശ്രമകരമായി തീയണച്ചു. വ്യാഴാഴ്ച്ച വൈകുന്നേരം നാലരയോടെ ക്ഷേത്രത്തിനു സമീപമായിരുന്നു തീപിടുത്തം. തീ ആളിപ്പടരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ തീ കെടുത്താന്‍ നോക്കിയെങ്കിലും കനത്ത കാറ്റില്‍ തീ പടരുകയായിരുന്നു. നാട്ടുകാരറിയിച്ചതിനെത്തുടര്‍ന്ന് തൊടുപുഴയില്‍നിന്ന് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ബിനു സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് സേനാംഗങ്ങള്‍ സ്ഥലത്തെത്തി.


തീപിടിത്തം ഉണ്ടായ സ്ഥലത്തേക്ക് ചെറിയ വാഹനത്തിനുപോലും എത്തിച്ചേരാന്‍ പറ്റാത്തതിനാല്‍ രണ്ട് കിലോമീറ്ററോളം നടന്നാണ് സേനാംഗങ്ങള്‍ ഇവിടെത്തിയത്. തുടര്‍ന്ന് ഫയര്‍ ബീറ്ററും മറ്റും ഉപയോഗിച്ച് ഒരു മണിക്കൂറിലധികം സമയമെടുത്ത് തീ തല്ലിക്കെടുത്തുകയായിരുന്നു. സമീപ സ്ഥലത്ത് വീടുകള്‍ ഉണ്ടായിരുന്നെങ്കിലും അവിടേക്ക് തീ പടരാതെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞു.


 സീനിയര്‍ ഫയര്‍ ഓഫീസര്‍ എം.എന്‍ വിനോദ് കുമാര്‍, ഫയര്‍ ഓഫീസര്‍മാരായ പി.എന്‍ അനൂപ്, ജോബി കെ. ജോര്‍ജ്, ബിബിന്‍ എ. തങ്കപ്പന്‍, എന്‍.എസ് അജയകുമാര്‍, സച്ചിന്‍ സാജന്‍, ജസ്റ്റിന്‍ ജോയി ഇല്ലിക്കല്‍, എം.പി ബെന്നി എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments