ചരിത്രമെഴുതി ഫെഡറൽ ബാങ്ക് ലുമിനാരിയ, ഓർമ്മകൾക്കു ചന്തം ചാർത്തി സന്ദർശകർ
പാലാ സെൻ്റ് തോമസ് കോളേജിൻ്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച വിദ്യാഭ്യാസ-സാംസ്കാരിക പ്രദർശനമായ ലുമിനാരിയ ഞായറാഴ്ച സമാപിച്ചു. ജനുവരി 19 നാണ് മേള ആരംഭിച്ചത്. കോളേജിലെ അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചേർന്നുള്ള വിവിധ കമ്മിറ്റികളുടെ മാസങ്ങളോളമുള്ള കഠിനാധ്വാനത്തിൻ്റെ ഫലം വ്യക്തമാക്കുന്നതായിരുന്നു കോളേജിലെ 21 ഡിപ്പാർട്ടുമെൻ്റുകളുടെ നേതൃത്വത്തിലുള്ള സ്റ്റാളുകൾ.
സ്കൂൾ -കോളേജ് തലത്തിലുള്ള വിദ്യാർത്ഥികളും പൊതുജനങ്ങളും ഉൾപ്പെടെയുള്ള ആയിരക്കണക്കിനാളുകളാണ് ദിവസവും സന്ദർശകരായി എത്തിയത്. മതിയായ വിശ്രമസ്ഥലങ്ങൾ, വൈദ്യസഹായങ്ങൾ, എല്ലാ സ്റ്റാളുകളിലും സന്ദർശന വഴികളിലുമുണ്ടായിരുന്ന വോളൻ്റിയേഴ്സ്, ഓരോ വിഷയത്തെയും കുറിച്ച് സന്ദർശകർക്ക് ലളിതമായി കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കാൻ പരീശീലനം കിട്ടിയ വിദ്യാർത്ഥികളുടെ സാന്നിദ്ധ്യം, പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ചിട്ടയായ ക്രമീകരണങ്ങൾ, മുപ്പതേക്കറോളം വിശാലമായി കിടക്കുന്ന ക്യാമ്പസിൻ്റെ പ്രൗഡിയും സൗന്ദര്യവും ഒരുപോലെ പ്രതിഫലിപ്പിച്ച വെളിച്ച വിതാനം, കലാസന്ധ്യകൾ, ഫുഡ് ഫെസ്റ്റ്, ഇന്ത്യയിലെ ശ്രദ്ധേയരായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സാന്നിദ്ധ്യം, മാധ്യമപ്രവർത്തകരുടെ അകമഴിഞ്ഞ പിന്തുണ, സ്പോൺസർമാരായ.. ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ഓക്സിജൻ ഗ്രൂപ്പ് ,ഇടി മണ്ണിക്കൽ ജൂവലറി , സെൻ്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചൂണ്ടച്ചേരിതുടങ്ങിയവരുടെ സഹകരണം, എന്നിങ്ങനെ നിരവധി ഘടകങ്ങളാണ് ഇതര മേളകളിൽ നിന്ന് ലുമിനാരിയായെ വ്യത്യസ്തമാക്കിയത് .
ഒരാഴ്ച നീണ്ട വിജ്ഞാനോത്സവത്തിന് ഇന്നലെ കൊടിയിറങ്ങിയപ്പോൾ അറിവിൻ്റെയും ആനന്ദത്തിൻ്റെയും തിളക്കമുള്ള ഒരുപാടോർമ്മകൾ ഇനി സന്ദർശകർക്കു സ്വന്തം. പാലാ രൂപതാധ്യക്ഷനും കോളേജിൻ്റെ രക്ഷാധികാരിയുമായ മാർ ജോസഫ് കല്ലറങ്ങാട്ട്, മുഖ്യ വികാരി ജനറാളും കോളേജ് മാനേജരുമായ മോൺ. റവ .ഡോ .ജോസഫ് തടത്തിൽ, പ്രിൻസിപ്പൽ ഡോ. സിബി ജയിംസ്, വൈസ് പ്രിൻസിപ്പൽ
റവ. ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ, ബർസാർ റവ. ഫാ. മാത്യു ആലപ്പാട്ടു മേടയിൽ, ജനറൽ കൺവീനർ ആശിഷ് ജോസഫ് തുടങ്ങിയവരാണ് നേതൃത്വം നല്കിയത്.
പാലായുടെ നാട്ടുവൈദ്യപ്പെരുമ ലുമിനാരിയായിൽ
കഴിഞ്ഞ എട്ടു പതിറ്റാണ്ടോളാം പാലാ - മീനച്ചിൽപ്രദേശത്തുള്ള അനേകായിരങ്ങൾക്ക് വിഷചികിത്സയിലൂടെ സൗഖ്യം നല്കിയ ഉരുളികുന്നം വയലിൽ പടിഞ്ഞാറേതിൽ ശ്രീധരൻ നായരുടെ വീട്ടിൽ നിന്ന് ലഭിച്ച പ്രാചീനമായ താളിയോലകളിലൊന്നായിരുന്നു മലയാളവിഭാഗത്തിൻ്റെ പ്രദർശനശാലയിലുണ്ടായിരുന്നത്.
തൊണ്ണൂറ്റിയാറാമത്തെ വയസ്സിൽ അന്തരിക്കുന്നതുവരെ പ്രതിഫലേച്ഛ കൂടാതെയുള്ള തൻ്റെ കർമ്മത്തിൽ വ്യാപൃതനായിരുന്നു അദ്ദേഹം. ആകാരത്തിൽ പൊക്കം കുറഞ്ഞയാളായിരുന്നെങ്കിലും സൗഖ്യം നേടി മടങ്ങുന്നവരുടെ മനസ്സിൽ എന്നും തലപ്പൊക്കത്തോടെയായിരിക്കും അദ്ദേഹമുണ്ടാവുക. പാലാക്കാർ ഒരിക്കലും മറക്കരുതാത്ത മഹത്തായ ഒരു നാട്ടുവൈദ്യപ്പെരുമയ്ക്കു മുന്നിലൂടെയാണ് ഈ ദിനങ്ങളിൽ സന്ദർശകർ കടന്നുപോയത്.മലയാളവിഭാഗമൊരുക്കിയ പലമ സ്റ്റാളിലെ ഏറ്റവും വ്യത്യസ്തമായ ഒന്നായിരുന്നു ഇത്.
0 Comments