നഗരവീഥികള്‍ ചോരച്ചാലുകള്‍... പാലായില്‍ അപകടങ്ങളേറുന്നു, പരിഹാരം അകലെ...




സുനില്‍ പാലാ

അപകടങ്ങളുടെ തോത് ഇങ്ങനെ ഉയര്‍ന്നാല്‍ ഇത് എവിടെ പോയി നില്‍ക്കും...? കഴിഞ്ഞ രണ്ട് മാസത്തിനിടെ പാലായിലും സമീപ പ്രദേശങ്ങളിലുമായി ഇരുപതില്‍പരം വാഹനാപകടങ്ങളാണ് ഉണ്ടായത്. 
 
യുവാക്കളടക്കം നാലുപേരുടെ ജീവന്‍ നഷ്ടപ്പെട്ടു. പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. വാഹനങ്ങളുടെ അമിതവേഗതയും ഡ്രൈവര്‍മാരുടെ അശ്രദ്ധയും മാത്രമാണോ ഈ അപകടങ്ങള്‍ക്ക് പിന്നിലെന്ന് സംശയമുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ജീവന്‍ നഷ്ടപ്പെട്ടത് രണ്ട് യുവാക്കള്‍ക്കാണ്. രണ്ട് കുടുംബത്തിന്റെയും നാട്ടുകാരുടെയുമൊക്കെ പ്രതീക്ഷയാണ് നിമിഷങ്ങള്‍ക്കൊണ്ട് പൊലിഞ്ഞത്. രണ്ട് അപകടങ്ങളിലും ഉള്‍പ്പെട്ട ബൈക്കുകള്‍ നിശ്ശേഷം തകര്‍ന്നു.  

പാലാ - പൊന്‍കുന്നം റോഡും പാലാ - തൊടുപുഴ റോഡും ചോരപ്പാതയാവുകയാണ്. പലപ്പോഴും അമിതവേഗതയിലാണ് വാഹനങ്ങള്‍ പ്രത്യേകിച്ചും ഇരുചക്ര വാഹനങ്ങള്‍ കടന്നുപോകുന്നത്. ഇതൊടൊപ്പം ചില നാലുചക്ര വാഹനങ്ങളും അമിത വേഗതയില്‍ പായുന്നതായി ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

പലപ്പോഴും ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നതായും ആക്ഷേപമുയരുന്നുണ്ട്. ഇക്കാര്യത്തിലേക്ക് പോലീസ് - ഗതാഗത വകുപ്പ് അധികാരികളുടെ അടിയന്തിര ശ്രദ്ധ പതിഞ്ഞേ തീരൂ. വാഹന പരിശോധന കര്‍ശനമാക്കുന്നതിനൊപ്പം ഡ്രൈവര്‍മാരെകൂടി സൂക്ഷ്മമായ പരിശോധനയ്ക്ക് വിധേയമാക്കിയേ തീരു. യുവജനങ്ങളില്‍ പലരും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണെന്ന ആരോപണം ഉയരുന്ന പശ്ചാത്തലത്തില്‍ വാഹനമോടിക്കുന്ന യുവാക്കളെ ഇത്തരത്തിലുള്ള ശാസ്ത്രീയമായ പരിശോധനകള്‍ക്കും വിധേയമാക്കേണ്ടതുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ആധുനിക പരിശോധനാ സംവിധാനങ്ങളില്ലാത്തത് പോലീസിനെയും ഗതാഗത വകുപ്പ് അധികാരികളെയും കുഴയ്ക്കുന്നുണ്ട്.


സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കണം
 


പാലാ - പൊന്‍കുന്നം റോഡില്‍ വാഹനാപകടങ്ങള്‍ തുടര്‍ച്ചയാകുന്ന പശ്ചാത്തലത്തില്‍ സുരക്ഷിതവും അപകടരഹിത യാത്ര സാധ്യമാക്കുന്നതിനുമായി ട്രാഫിക്ക് ബാരിക്കേഡുകളും സ്പീഡ് ബ്രേക്കറുകളും അടിയന്തരമായി സ്ഥാപിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് പാലാ ട്രാഫിക് പോലീസിനോടും പി.ഡബ്ല്യു.ഡി വകുപ്പിനോടും മീനച്ചില്‍ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റും കേരള കോണ്‍ഗ്രസ് (എം) പാലാ നിയോജകമണ്ഡലം സെക്രട്ടറിയുമായ സാജോ പൂവത്താനി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ അമിത വേഗവും അശ്രദ്ധയും മൂലം നിരവധി അപകട മരണങ്ങളാണ് ഇവിടെ നടന്നതെന്ന് സാജോ ചൂണ്ടിക്കാട്ടി.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments