ശിവഗിരി പദയാത്രികര്‍ക്ക് പൊന്നാട ചാര്‍ത്തി എസ്.എന്‍.ഡി.പി. യോഗം മീനച്ചില്‍ യൂണിയന്‍....



സുനില്‍ പാലാ

ശിവഗിരി പദയാത്രികര്‍ക്ക് ഗുരു അനുഗ്രഹത്തിന്റെ പൊന്നാട ചാര്‍ത്തി എസ്.എന്‍.ഡി.പി. യോഗം മീനച്ചില്‍ യൂണിയന്‍. 92-ാമത് ശിവഗിരി തീര്‍ത്ഥാടന പദയാത്രയില്‍ മീനച്ചില്‍ യൂണിയനില്‍ നിന്ന് അണിചേര്‍ന്ന നൂറില്‍പരം അംഗങ്ങള്‍ക്കാണ് ഇന്നലെ യൂണിയന്‍ ഹാളില്‍ സ്വീകരണമൊരുക്കിയത്.

മീനച്ചില്‍ യൂണിയന്റെ പത്താമത് പദയാത്രയായിരുന്നു ഇത്തവണത്തേത്. മീനച്ചില്‍ യൂണിയന്‍ കമ്മറ്റിയംഗമായ രാമപുരം സി.റ്റി. രാജനായിരുന്നു പദയാത്രയുടെ ക്യാപ്റ്റന്‍. ഇന്നലെ യൂണിയന്‍ ഓഡിറ്റോറിയത്തില്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാദരണ സമ്മേളനം ചങ്ങനാശ്ശേരി യൂണിയന്‍ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്തു. പദയാത്രയ്ക്ക് ശേഷം പദയാത്രികരെ ആദരിക്കുന്ന മഹത്തായ ഈ കര്‍മ്മം മീനച്ചില്‍ യൂണിയന്റെ മാത്രം പ്രത്യേകതയാണെന്ന് അദ്ദേഹം പറഞ്ഞു. ഏതെങ്കിലും സമുദായത്തിനോ സമൂഹത്തിനോ മതങ്ങള്‍ക്കോ വേണ്ടി മാത്രമല്ല ലോകം മുഴുവനുള്ള സമസ്ത ജീവജാലങ്ങള്‍ക്കും സ്‌നേഹം പകരാനാണ് ഗുരുദേവന്‍ യത്‌നിച്ചത്. സ്‌നേഹം കൊടുത്ത് സ്‌നേഹം വാങ്ങുക എന്ന മഹത്തായ ലോകസന്ദേശം ഗുരുദേവന്‍ ഉയര്‍ത്തിക്കാട്ടിയെന്നും ഗിരീഷ് കോനാട്ട് തുടര്‍ന്നു. 


യൂണിയന്‍ കണ്‍വീനര്‍ എം.ആര്‍. ഉല്ലാസ് മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ വൈസ് ചെയര്‍മാന്‍ സജീവ് വയല, ജോയിന്റ് സെക്രട്ടറി കെ.ആര്‍. ഷാജി, അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗങ്ങളായ അനീഷ് പുല്ലുവേലി, സജി ചേന്നാട്, സാബു പിഴക്, സുധീഷ് ചെമ്പന്‍കുളം, വനിതാസംഘം യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ മിനര്‍വാ മോഹന്‍, കണ്‍വീനര്‍ സംഗീതാ അരുണ്‍, യൂത്ത് മൂവ്‌മെന്റ് ചെയര്‍മാന്‍ അരുണ്‍ കുളമ്പള്ളില്‍, കണ്‍വീനര്‍ ഗോപകുമാര്‍ പിറയാര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. 90 വയസ്സിലേക്കെത്തുന്ന ദേവകിയമ്മ മുതല്‍ രണ്ട് വയസ്സുകാരന്‍ നാണുക്കുട്ടന്‍ ഉള്‍പ്പെടെ നൂറിലധികം സ്ഥിരം പദയാത്രികര്‍ ഏഴ് ദിവസങ്ങളായി നടത്തിയ ശിവഗിരി തീര്‍ത്ഥാടന പദയാത്രയില്‍ പങ്കെടുത്തു.


കാലുപൊള്ളിച്ച കുമിള ആശങ്കയായി, പിറ്റേന്ന് കുമിള കാണാനേയില്ല!

''നൂറോളം പദയാത്രികരെ നയിക്കുന്ന എന്ന വലിയ ഉത്തരവാദിത്വമാണ് മീനച്ചില്‍ യൂണിയന്‍ എന്നെ ഏല്‍പ്പിച്ചത്. ആദ്യദിവസത്തെ യാത്ര കഴിഞ്ഞപ്പോള്‍തന്നെ ഉള്ളംകാലില്‍ വലിയ കുമിളകള്‍ പ്രത്യക്ഷപ്പെട്ടു. ഒരടി മുന്നോട്ടുവയ്ക്കാനാവാത്ത അവസ്ഥ. പിറ്റേന്ന് എങ്ങനെ നടക്കും എന്ന ആശങ്കയായി. ക്യാപ്റ്റനെന്ന നിലയില്‍ മുഴുവന്‍ സമയം നടക്കുമെന്ന് പ്രതിജ്ഞയും ചെയ്തിരുന്നു. ആകെ ആശങ്കയായി. കാലില്‍ നല്ല വേദനയും. പിറ്റേന്ന് നേരം പുലര്‍ന്നപ്പോള്‍ പക്ഷേ ഈ കുമിളകള്‍ കാണാനേ ഉണ്ടായിരുന്നില്ല. മഹാഗുരുവിന്റെ അനുഗ്രഹം മാത്രമാണ് കാരണം''. ഇന്നലെ മീനച്ചില്‍ യൂണിയനില്‍ ശിവഗിരി പദയാത്രികര്‍ക്ക് നല്‍കിയ സമാദരണ സഭയില്‍ സംസാരിക്കവേ പദയാത്ര ക്യാപ്റ്റനായിരുന്ന രാമപുരം സി.റ്റി. രാജന്റെ കണ്ണുകള്‍ നിറഞ്ഞു, വാക്കുകള്‍ മുറിഞ്ഞു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments