ഗ്യാരണ്ടി കാലാവധി കഴിഞ്ഞ് ഏതാനും മാസങ്ങൾക്കുള്ളിൽ തകർന്ന് തരിപ്പണമായി മരങ്ങാട്ടുപിള്ളി-ആലക്കപ്പിള്ളി- കുണക്കംപാറ റോഡ്. പഞ്ചായത്ത് എട്ടാം വാർഡിൽ ഉൾപ്പെട്ട ഈ റോഡിന്റെ പല ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞ് കാൽനടയാത്ര പോലും അസാധ്യമായ രീതിയിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്. പഞ്ചായത്ത് ഓഫീസിൽ നിന്നും വിളിച്ചാൽ കേൾക്കുന്ന ദൂരത്തിലാണ് റോഡ് തകർന്നു കിടക്കുന്നത്.
അഞ്ചു വർഷങ്ങൾക്കു മുമ്പ് പിഎംജിഎസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച റോഡിനാണ് ഈ ദുർഗതി. അന്ന് റോഡ് നിർമ്മാണത്തിന്റെ ക്രെഡിറ്റ് എടുക്കാൻ വേണ്ടി പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ തമ്മിൽ നടന്ന കിടമത്സരത്തിന്റെ സ്മാരകമായി മരങ്ങാട്ടുപിള്ളി പള്ളി ജംഗ്ഷനിൽ നിരവധി ശിലാഫലകങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു.
റോഡ് പൊളിഞ്ഞതോടെ ഇത് നന്നാക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാൻ മാത്രം ശിലാ ഫലകത്തിലുള്ള ആരെയും കാണുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി. ചൂട് കൂടിയതോടെ ഈ ഭാഗത്തു പൊടി നിറഞ്ഞ് കാൽനടയാത്ര പോലും അസാധ്യമായിരിക്കുന്നു. ഇരുചക്ര വാഹന യാത്രക്കാരുടെ ആയുസ്സിന്റെ ബലം കൊണ്ട് മാത്രമാണ് അപകടത്തിൽ പെടാതെ രക്ഷപ്പെടുന്നത്. ഇതുവഴി കുഴിയിൽ ചാടി കയറുന്ന കാറുകൾക്കും ചെറുവാഹനങ്ങൾക്കും അറ്റകുറ്റപ്പണി നിരന്തരമായി വേണ്ടിവരുന്നു.
പി എം ജി എസ് വൈ റോഡുകൾക്ക് അഞ്ചുവർഷത്തെ ഗ്യാരണ്ടിയോട് കൂടിയാണ് നിർമ്മാണം. ഗ്യാരണ്ടി കാലാവധി കഴിഞ്ഞ ജൂലൈ മാസത്തിൽ പൂർത്തിയായി. അതിന് മുമ്പ് തന്നെ ഈ ഭാഗങ്ങളിൽ റോഡ് തകർന്നു തുടങ്ങിയിരുന്നു. റോഡ് പൊളിഞ്ഞു തുടങ്ങിയപ്പോൾ തന്നെ നാട്ടുകാർ പഞ്ചായത്തിൽ വിവരം അറിയിച്ചെങ്കിലും ഗ്യാരണ്ടി കാലാവധി തീരും മുമ്പ് അന്നത്തെ കോൺട്രാക്ടർ തന്നെ അറ്റകുറ്റപ്പണി പൂർത്തിയാക്കും എന്ന മറുപടിയാണ് ലഭിച്ചത്. പിന്നാലെ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ ആയി ഈ ഭാഗത്ത് കുഴികളികളിൽ കോൺക്രീറ്റ് കൊണ്ടുവന്ന് ഇട്ടിരുന്നു. ഇപ്പോൾ കോൺക്രീറ്റും ചുറ്റുമുള്ള പ്രദേശത്തെ ടാറിങ്ങും ഇളകി റോഡിലാകെ കുഴിയും ബാക്കി ഭാഗങ്ങളിൽ മെറ്റൽ പരന്നു കിടക്കുകയും ആണ്.
ഉദ്ഘാടന സമയത്ത് ക്രെഡിറ്റിന് വേണ്ടി മത്സരിച്ച പഞ്ചായത്ത് ഭരണസമിതിയുടെ ഭാരവാഹികൾ റോഡ് നന്നാക്കാൻ നടപടിയെടുക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.
0 Comments