അഖില കേരളസൈക്കിൾ പ്രയാണത്തിന് വരവേല്പൊരുക്കി പാലാ സെൻ്റ് തോമസ് കോളേജ്
പരിസ്ഥിതി സംരക്ഷണത്തിൻ്റെയുംആരോഗ്യപരിപാലനത്തിൻ്റെയും സന്ദേശം കേരളത്തിൻ്റെ ജനഹൃദയങ്ങളിലെഴുതിച്ചേർത്തതിൻ്റെ അഭിമാന നേട്ടവുമായി പാലാ സെൻ്റ് തോമസ് കോളേജിൻ്റെ അഖില കേരള സൈക്കിൾ പ്രയാണസംഘം ഇന്ന് തിരികെയെത്തും. അധ്യാപകരായ മഞ്ജേഷ് മാത്യു, ജിബിൻ രാജ ജോർജ്, ജിനു മാത്യു, റോബേഴ്സ് തോമസ്, ആൻ്റോ മാത്യു, ജോബിൻ ജോബ് മാത്തൻ , അനീഷ് സിറിയക്ക് എന്നിവരുടെ നേതൃത്വത്തിൽ പെൺകുട്ടികൾ ഉൾപ്പെടെ 21 വിദ്യാർത്ഥികളാണ് അഖിലകേരള സൈക്കിൾ പ്രയാണത്തിൽ പങ്കെടുത്തത്. പന്ത്രണ്ട് ദിവസങ്ങൾ കൊണ്ട് ആയിരത്തിയിരുനൂറോളം കിലോമീറ്റർ പിന്നിട്ട് പതിന്നാല് ജില്ലകളിലൂടെയും സഞ്ചരിച്ചാണ് ഇന്ന് സൈക്കിൾ പ്രയാണം ക്യാമ്പസിൽ തിരിച്ചെത്തുന്നത്.
സെൻ്റ് തോമസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും ലോകപ്രശസ്ത വോളിബോൾ പ്രതിഭയുമായ ജിമ്മി ജോർജിൻ്റെ ജന്മനാടായ പേരാവൂരിൽ സണ്ണി ജോസഫ് എം എൽ.എ , ജിമ്മി ജോർജിൻ്റെ സഹോദരൻ സെബാസ്റ്റ്യൻ ജോർജ് എന്നിവർ ചേർന്നാണ് സൈക്കിൾ പ്രയാണത്തെ വരവേറ്റത്. ജിമ്മി ജോർജ് സ്പോർട്സ് അക്കാദമിയും അദ്ദേഹത്തിൻ്റെ അന്ത്യവിശ്രമസ്ഥലവും സന്ദർശിച്ചാണ് പ്രയാണസംഘം പേരാവൂരിനോടു യാത്ര പറഞ്ഞത്.
സെൻ്റ് തോമസ് കോളേജിൻ്റെ പൂർവ്വ വിദ്യാർത്ഥിയും ജലവിഭവ വകുപ്പ് മന്ത്രിയുമായ റോഷി അഗസ്റ്റിനും നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറും ചേർന്ന് ഉജ്ജ്വലമായ വരവേല്പാണ് തിരുവനന്തപുരം നിയമസഭാ മന്ദിരത്തിന് മുന്നിൽ ഒരുക്കിയത്. വി.കെ. പ്രശാന്ത് എം.എൽ.എയുടെ നേതൃത്വത്തിലാണ് പട്ടം സെൻ്റ് മേരീസ് സ്കൂൾ സൈക്കിൾ പ്രയാണത്തെ എതിരേറ്റത്.
പ്രകൃതി ദുരന്തത്തിനിരയായ വയനാട് വെള്ളാർമല സ്കൂളിലെ വിദ്യാർത്ഥികൾ ഇപ്പോൾ പഠിക്കുന്ന മേപ്പാടി ഗവ. എച്ച് എസ്.എസി ലും സൈക്കിൾ പ്രയാണം എത്തിച്ചേരുകയും വിദ്യാർത്ഥികൾ അധ്യാപകർ, ജനപ്രതിനിധികൾ എന്നിവരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.
ഇത്തരത്തിൽ മുപ്പതിലധികം വിദ്യാലയങ്ങളുടെയും കൂടാതെ ജില്ലാ ഭരണകൂടം, തദ്ദേശ ഭരണ സ്ഥാപനങ്ങൾ, സൈക്കിൾ ക്ലബ്ബുകൾ,സന്നദ്ധ സംഘടനകൾ, എന്നിവയുടെ സ്വീകരണമേറ്റുവാങ്ങിയും പ്ലാറ്റിനം ജൂബിലി സന്ദേശം കൈമാറിയുമാണ് അഖില കേരള സൈക്കിൾ പ്രയാണം ഇന്ന് പൂർത്തിയാകുന്നത്. പ്രിൻസിപ്പൽ ഡോ. സിബി ജയിംസ്, വൈസ് പ്രിൻസിപ്പൽ ഡോ. സാൽവിൻ തോമസ് കാപ്പിലിപറമ്പിൽ എന്നിവർ പ്രയാണത്തിൻ്റെ പകുതിയിലധികംദിനങ്ങളിലും സൈക്കിൾ ചവിട്ടാൻ ഒപ്പം ഉണ്ടായിരുന്നത് വലിയ ഊർജ്ജവും ആത്മവിശ്വാസവുമാണ് സമ്മാനിച്ചതെന്ന് സംഘാംഗങ്ങൾ പറഞ്ഞു. പ്രയാണദിനങ്ങളിൽ മാറി മാറി ഒപ്പം ചേർന്ന അധ്യാപകരുടെ സാന്നിദ്ധ്യം യാത്രയെ ഹൃദ്യമാക്കി. കോളേജ് മാനേജരും പാലാ രൂപത മുഖ്യ വികാരി ജനറാളുമായ മോൺ. ഡോ. ജോസഫ് തടത്തിലിൻ്റെ നേതൃത്വത്തിൽ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും ഒത്തുചേർന്നാണ് ഇന്ന് ഉച്ച കഴിഞ്ഞ് 2.30 ന്സൈക്കിൾ പ്രയാണത്തിന് വരവേല്പൊരുക്കുന്നത്.
0 Comments