2025 ജൂബിലി വർഷത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ ആത്മകഥയായ ‘ഹോപ്’ അഥവാ “പ്രത്യാശ” പ്രസിദ്ധീകരിച്ചു. ഇന്ന്‍ ചൊവ്വാഴ്ച ഇറ്റാലിയൻ പുസ്തകശാലകളില്‍ ആത്മകഥ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും ജനുവരി 16 മുതലായിരിക്കും നൂറിലധികം രാജ്യങ്ങളിൽ ഔദ്യോഗികമായി വിൽപ്പനയ്‌ക്കെത്തിക്കുക. അർജൻ്റീനയിൽ കുട്ടിക്കാലം മുതൽ പത്രോസിന്റെ പിൻഗാമിയാകുന്നതുവരെയുള്ള തന്റെ ജീവിതകാലം മുഴുവൻ അടയാളപ്പെടുത്തിയ വ്യക്തി വിവരണവുമായി ഒരു മാർപാപ്പ ആദ്യമായി തയാറാക്കുന്ന പുസ്തകം എന്ന നിലയില്‍ ശ്രദ്ധ നേടുകയാണ് 'ഹോപ്പ്'.
320 പേജുള്ള ഇംഗ്ലീഷ് പതിപ്പ് റാൻഡം ഹൗസാണ് പുറത്തിറക്കുന്നത്. പരിശുദ്ധ പിതാവിനെ തന്റെ ജീവിതക്കഥ പറയാൻ സഹായിച്ച പത്രപ്രവർത്തകൻ കാർലോ മുസ്സോയുടെ സഹകരണത്തോടെ ആറ് വർഷത്തെ പ്രവർത്തന ഫലമായാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.
തന്റെ അനുഭവക്കുറിപ്പുകൾക്ക് പുറമേ യുദ്ധവും സമാധാനവും, കുടിയേറ്റം, പാരിസ്ഥിതിക പ്രതിസന്ധി, സാമൂഹിക നയം, ലൈംഗീകത, കത്തോലിക്ക സഭയുടെ ഭാവി തുടങ്ങിയ വിഷയങ്ങളും മാര്‍പാപ്പ പുസ്തകത്തിൽ പ്രമേയമാക്കുന്നുണ്ട്. 2019 മാർച്ചിൽ ഓർമ്മക്കുറിപ്പ് സംബന്ധിക്കുന്ന എഴുത്തുകള്‍ക്ക് പാപ്പ തുടക്കമിട്ടിരിന്നു.
തന്റെ ഈ ജീവിത പുസ്തകം പ്രതീക്ഷയുടെ ഒരു യാത്രയുടെ കഥയാണെന്നും തന്റെ കുടുംബത്തിൻ്റെയും ജനങ്ങളുടെയും ദൈവജനത്തിൻ്റെയും യാത്രയിൽ നിന്ന് വേർപെടുത്താൻ കഴിയാത്ത ഒരു യാത്രയാണിതെന്നും എല്ലാ പേജുകളിലും, എല്ലാ ഭാഗങ്ങളിലും, തന്നോടൊപ്പം യാത്ര ചെയ്തവരുടെ പുസ്തകം കൂടിയാണിതെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞതായി റാൻഡം ഹൗസ് നേരത്തെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വെളിപ്പെടുത്തിയിരിന്നു. തന്റെ ആത്മക്കഥയില്‍ വായനക്കാരെ ചിരിപ്പിക്കുന്ന നിരവധി തമാശകള്‍ പാപ്പ പങ്കുവെച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
0 Comments