65 ല്‍ മുരളീമോഹന ശര്‍മ്മയ്ക്ക് ഇരട്ടിമധുരം.. ഇരട്ടക്കുട്ടികള്‍ പിറന്ന സന്തോഷത്തില്‍ പങ്കുചേര്‍ന്ന് സഹപാഠികള്‍... പാലാ സെന്റ് തോമസ് കോളേജില്‍ 1974 - 77 ഇക്കണോമിക്‌സ് ബാച്ച് റീയൂണിയന്‍ നടന്നു.


സുനില്‍ പാലാ

''ഇത്തവണത്തെ റീയൂണിയനില്‍ എനിക്കൊരു പ്രധാനപ്പെട്ട വിശേഷം നിങ്ങളെ അറിയിക്കാനുണ്ട്; 65 വയസ്സുകാരനായ എനിക്ക് ഇരട്ടക്കുട്ടികള്‍ പിറന്നു''. ഏഴാച്ചേരി പെരുമ്പുഴയില്ലം മുരളീമോഹന ശര്‍മ്മ ''തന്റെ നേട്ടം പ്രഖ്യാപിച്ചപ്പോള്‍'' സഹപാഠികള്‍ കൈയ്യടിച്ചു. ജീവിത സായന്തനത്തിലുണ്ടായ ശര്‍മ്മയുടെയും കുടുംബത്തിന്റെയും ഇരട്ടി മധുരത്തിന് സഹപാഠികളുടെ പൊന്നാട.

പാലാ സെന്റ് തോമസ് കോളേജില്‍ 1974 - 77 കാലഘട്ടത്തിലെ ഇക്കണോമിക്‌സ് ബാച്ച് വിദ്യാര്‍ത്ഥികളുടെ റീയൂണിയനിലാണ് മുരളീമോഹന ശര്‍മ്മയെ സഹപാഠികള്‍ ആദരിച്ചത്. 


 
ഇങ്ങനെയൊരു റീയൂണിയന്‍ ആരംഭിക്കാനുള്ള കാരണക്കാരിലൊരാളും ശര്‍മ്മയാണ്. 1977 ല്‍ അവസാന ദിവസ ക്ലാസുകളിലൊന്നില്‍ റീയൂണിയന്‍ എന്നൊരുപാഠം ഇംഗ്ലീഷ് പുസ്തകത്തിലുണ്ടായിരുന്നു. അന്നേ ശര്‍മ്മയും കൂട്ടുകാരായ അലക്‌സ് മേനാംപറമ്പിലും എം.എം. ജേക്കബും എന്‍.എം. സെബാസ്റ്റ്യനും സോണി സെബാസ്റ്റ്യനും ചേര്‍ന്ന് ഒരു തീരുമാനമെടുത്തു; ജീവിതത്തിലെവിടെയായിരുന്നാലും പത്ത് വര്‍ഷത്തിനുശേഷം ഇക്കണോമിക്‌സ് ബാച്ചിലെ കൂട്ടുകാരെല്ലാം ചേര്‍ന്ന് കോളേജില്‍ ഒത്തുചേരണം. 
 
 

 
അങ്ങനെ 1987 ല്‍ ആദ്യകൂട്ടായ്മ നടന്നു. അന്ന് പണ്ട് ക്ലാസിലുണ്ടായിരുന്ന 46 പേരും പങ്കെടുത്തു. അടുത്ത കൂട്ടായ്മ ഏഴ് വര്‍ഷം കഴിഞ്ഞായിരുന്നു. പിന്നീട് അഞ്ച് വര്‍ഷം കഴിഞ്ഞ് കൂട്ടായ്മ നടത്തി. കൊവിഡ് കാലഘട്ടത്തില്‍ മുടങ്ങിപ്പോയ കൂട്ടായ്മ വീണ്ടും ആറ് വര്‍ഷത്തിന് ശേഷം ഇന്നലെയാണ് നടന്നത്. പണ്ടത്തെ 46 പേരില്‍ 35 പേര്‍ പങ്കെടുത്തു. ആറ് പേര്‍ പഴയ കൂട്ടുകാരെ വിട്ട് നിത്യതയിലേക്ക് യാത്രയായിരുന്നു. 
 
ഓരോ റീയൂണിയന്‍ യോഗത്തിലും ഓരോരുത്തരും തങ്ങളുടെ നേട്ടങ്ങള്‍ കൂട്ടുകാര്‍ക്ക് മുന്നില്‍ പ്രഖ്യാപിക്കണമായിരുന്നു. അങ്ങനെയാണ് ഇന്നലത്തെ യോഗത്തില്‍ തനിക്ക് 65-ാം വയസ്സില്‍ ഇരട്ടക്കുട്ടികള്‍ ജനിച്ച വിവരം 'ശര്‍മ്മാജി' മുരളീമോഹന ശര്‍മ്മ വെളിപ്പെടുത്തിയത്. വിവാഹം കഴിഞ്ഞ് 35 വര്‍ഷത്തിന് ശേഷമാണ് ശര്‍മ്മ - ശ്രീദേവി ദമ്പതികള്‍ക്ക് ഇരട്ടക്കുട്ടികള്‍ പിറന്നത്. 


ഈ പൂര്‍വ്വവിദ്യാര്‍ത്ഥികളില്‍ റിട്ട. കോളേജ് പ്രിന്‍സിപ്പല്‍ പി.ജെ. തോമസ് പുത്തന്‍പുരയ്ക്കല്‍, കേണല്‍ മാമ്മന്‍ മത്തായി, മുന്‍ എം.എല്‍.എ. ജോസഫ് വാഴയ്ക്കന്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തോമസ് കുന്നപ്പള്ളി, യോഗാചാര്യന്‍ കെ.പി. മോഹന്‍ദാസ്‌, ബാങ്ക് ഉദ്യോഗസ്ഥന്‍ അലക്‌സ് മേനാംപറമ്പില്‍, റിട്ട. ഡപ്യൂട്ടി കളക്ടര്‍ സി.ഐ. ശശി, അഭിഭാഷകരായ ജോര്‍ജ്ജ് പുളിക്കന്‍, സിറിയക് ജെയിംസ്, പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും പാലാ അഡാര്‍ട്ട് ഡയറക്ടറുമായ എന്‍.എം. സെബാസ്റ്റ്യന്‍, മാനവിക്രമരാജ, റിട്ട. കോളേജ് അധ്യാപകന്‍ ജോസ് ടി. പാമ്പയ്ക്കല്‍, സാഹിത്യകാരന്‍ രവി പുലിയന്നൂര്‍, അമേരിക്കന്‍ മലയാളി വി.സി. തോമസ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.  ഇന്നലെ ചേര്‍ന്ന റീയൂണിയനില്‍ സഹപാഠികളില്‍ രണ്ടുപേരുടെ ഭാര്യമാരും പങ്കെടുത്തു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments