ആത്മീയ മഹാസംഗമത്തിന് പ്രയാഗ് രാജിൽ ഇന്ന് തുടക്കം,40 കോടിയിലേറെ വിശ്വാസികൾ എത്തും


  ലോകത്തെ തന്നെ വലിയ ആത്മീയസംഗമങ്ങളിലൊന്നായ മഹാകുംഭമേളയ്ക്ക് ഇന്ന് യു.പിയിലെ പ്രയാഗ് രാജിൽ തുടക്കമാവും. ഫെബ്രുവരി 26ന് മഹാശിവരാത്രി സ്നാനത്തോടെയാണ് സമാപനം. 45 ദിനരാത്രങ്ങൾ നീളുന്ന മഹാമേളയിൽ 40 കോടിയിലേറെ വിശ്വാസികൾ എത്തുമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക്ഷണിച്ചിട്ടുണ്ട്. രണ്ട് ലക്ഷം കോടിയുടെ സാമ്പത്തിക വരുമാനമാണ് യു.പി സർക്കാർ പ്രതീക്ഷിക്കുന്നത്.  ജാതി വർണ്ണ വർഗ്ഗ ഭേദമില്ലാതെ ഹിന്ദുസമൂഹം ഒത്തു കൂടുന്ന പുണ്യകൂട്ടായ്മയാണ് ഇത്. ഗംഗയും യമുനയും സരസ്വതിയും ഒന്നുചേരുന്ന പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തിലെ പുണ്യസ്നാനം മോക്ഷപ്രാപ്തിക്കുള്ള ഉപാധിയെന്നാണ് വിശ്വാസം. പൗഷ് പൂർണ്ണിമ സ്നാനമാണ് ഇന്ന് നടക്കുക.  


നാളെ മകരസംക്രാന്തി, 29ന് മൗനി അമാവാസി, ഫെബ്രുവരി 3ന് വസന്തപഞ്ചമി, 12ന് മാഘപൂർണ്ണിമ എന്നിവയാണ് പ്രധാന സ്നാനങ്ങൾ. ഏഴ് സംന്യാസി അഘാടകളും മൂന്ന് വൈരാഗി അഘാടകളും മൂന്ന് ഉദാസി അഘാടകളും അടങ്ങുന്ന 13 അഘാടകളുടെ മേധാവിമാരായ മഹാമണ്ഡലേശ്വരന്മാരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ. 40 ചതുരശ്ര കിലോമീറ്റർ പ്രദേശം 25 ഭാഗങ്ങളായി തിരിച്ചാണ് യു.പി സർക്കാർ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയത്. 15 കിലോ മീറ്റർ ദൈർഘ്യത്തിലാണ് നദിക്കരയിൽ സ്നാന ഘട്ടുകൾ സജ്ജമാക്കിയത്. നദിക്കരയിലൂടെ എട്ടു കിലോമീറ്റർ ദൂരത്തിൽ പുതിയ റോഡും സജ്ജമാക്കി. പ്രാഥമികാവശ്യങ്ങൾക്കും മാലിന്യ നിർമാർജ്ജനത്തിനും കുറ്റമറ്റ സൗകര്യമുണ്ട്.  82 രാജ്യങ്ങളിൽ നിന്നുള്ള മാദ്ധ്യമപ്രവർത്തകരാണ് മഹാകുംഭമേളയുടെ വിശേഷങ്ങൾ ലോകത്തെ അറിയിക്കാൻ എത്തുന്നത്.  വിപുലമായ സുരക്ഷാ ക്രമീകരണം  അർദ്ധസൈനിക വിഭാഗങ്ങൾ ഉൾപ്പെടെ അരലക്ഷം പൊലീസ് സേനാംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. 2700 സുരക്ഷാ ക്യാമറകൾ കണ്ണു ചിമ്മാതെ നിൽക്കും.  


അഗ്നിബാധ തടയാൻ മാത്രം 131.48 കോടിയുടെ സുരക്ഷാ സംവിധാനങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.351 ഫയർ എൻജിനുകളും 2000ത്തിലേറെ അഗ്നിശമന സേനാംഗങ്ങളും തയ്യാറായിക്കഴിഞ്ഞു. സ്പെഷ്യൽ വിമാനങ്ങൾ,  ട്രെയിനുകൾ,ബസുകൾ  നാല് സംസ്ഥാനങ്ങളിലെ 11 വിമാനത്താവളങ്ങളിൽ വിമാനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 3000 സ്പെഷ്യൽ ട്രെയിനുകൾ ഉൾപ്പെടെ 13,000ത്തോളം ട്രെയിനുകൾ പ്രയാഗ് രാജിലേക്ക് സർവീസ് നടത്തും. 1000ത്തോളം ബസുകളും സർവീസിനുണ്ട്. 1800 ഹെക്ടറിലായി ഒന്നേകാൽ ലക്ഷത്തോളം വാഹനങ്ങൾക്കുള്ള പാർക്കിംഗ് സംവിധാനമാണ് ക്രമീകരിച്ചിട്ടുള്ളത്. ഐ.ടി.ഡി.സിയും സ്വകാര്യ ഹോട്ടലുകളുമടക്കം വൻ താമസസൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.  14 പുതിയ ഓവർബ്രിഡ്ജുകളും ഫ്ളൈഓവറുകളുമുൾപ്പെടെ 5500 കോടിയുടെ വികസന പദ്ധതികളാണ് നടപ്പാക്കിയത്. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments