14 വര്‍ഷം മുമ്പ് ഇടപ്പാടി ദേവസ്വം എടുത്തു ചരിത്ര തീരുമാനം... ആനന്ദഷണ്‍മുഖനെ തൊഴാം ഷര്‍ട്ട് ധരിച്ച്..

 
 
സുനില്‍ പാലാ
 
 
ക്ഷേത്രങ്ങളില്‍ പുരുഷന്‍മാര്‍ ഷര്‍ട്ട് ധരിച്ചുകൊണ്ട് പ്രവേശിക്കാമോ എന്നത് സംബന്ധിച്ച് നാടൊട്ടുക്ക് അനുകൂലവും പ്രതികൂലവുമായി പ്രസ്താവനകള്‍ ഉയരുന്ന ഈ കാലഘട്ടത്തില്‍ ഒന്നര പതിറ്റാണ്ട് മുമ്പേ ഇക്കാര്യത്തില്‍ പരിഷ്‌കരണ വഴിയില്‍ വന്ന മഹാക്ഷേത്രമാണ് ഇടപ്പാടി ശ്രീ ആനന്ദഷണ്മുഖ സ്വാമി ക്ഷേത്രം. 
 
1927 ല്‍ ശ്രീനാരായണ ഗുരുദേവന്റെ തൃക്കൈകളാല്‍ ആനന്ദഷണ്മുഖനെ പ്രതിഷ്ഠിച്ച പുണ്യപ്രസിദ്ധമായ ഈ ക്ഷേത്രത്തില്‍ 14 വര്‍ഷം മുമ്പുതന്നെ ഷര്‍ട്ട് ധരിച്ചുകൊണ്ട് ഭക്തര്‍ക്ക് പ്രവേശിക്കാമെന്ന വിപ്ലവകരമായ പരിഷ്‌കാരം ഏര്‍പ്പെടുത്തിയിരുന്നു. അന്നത്തെ എസ്.എന്‍.ഡി.പി. യോഗം മീനച്ചില്‍ യൂണിയന്‍ നേതാക്കളും ക്ഷേത്രയോഗം ഭാരവാഹികളും ചേര്‍ന്നെടുത്ത തീരുമാനപ്രകാരം അന്നുമുതല്‍ ഷര്‍ട്ട് ധരിച്ചുകൊണ്ട് പുരുഷന്‍മാര്‍ക്ക് ഇവിടെ പ്രവേശനം അനുവദിച്ചു. 



നിയമങ്ങളും ആചാരങ്ങളും മനുഷ്യന്റെ നന്‍മയ്ക്കും പുരോഗതിക്കുംവേണ്ടിയാണെന്നും മാറ്റേണ്ടത് മാറ്റുക തന്നെ വേണമെന്നും തങ്ങള്‍ വളരെ നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നതായി ക്ഷേത്രയോഗം സെക്രട്ടറി സുരേഷ് ഇട്ടിക്കുന്നേല്‍ പറഞ്ഞു. അന്നുമുതല്‍ പുരുഷന്‍മാരായ ഭക്തരെല്ലാം ഷര്‍ട്ട് ധരിച്ചുകൊണ്ടാണ് ഇടപ്പാടി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത്.

ഷര്‍ട്ട് ധരിച്ചുകൊണ്ട് ദര്‍ശനം നടത്തിയെന്ന് കരുതി ഈശ്വരാനുഗ്രഹത്തിന് ഒരു കുറവും ഉണ്ടാകുന്നില്ലെന്ന് ക്ഷേത്രം മേല്‍ശാന്തി വൈക്കം സനീഷ് ശാന്തികള്‍ പറഞ്ഞു. വൃത്തിയും വെടിപ്പുമുള്ള വസ്ത്രവും ശുദ്ധമായ മനസ്സുമായി ആര്‍ക്കും ആനന്ദഷണ്മുഖ ഭഗവാനെ കണ്‍കണ്ട് തൊഴാം. എല്ലാവര്‍ക്കും അനുഗ്രഹം ചൊരിയുന്ന ഭാവത്തിലാണ് ഭഗവാന്‍ ഇടപ്പാടിയില്‍ വാഴുന്നതെന്നും സനീഷ് ശാന്തികള്‍ തുടര്‍ന്നു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments