അതിശൈത്യത്തിലും മൂന്നാര്‍ വനം ഡിവിഷനില്‍ പുതുതായി കണ്ടെത്തിയത് 11 ഇനം പക്ഷികള്‍ ഉള്‍പ്പെടെ 24 ജീവികളെ. ഊഷ്മാവ് പൂജ്യത്തിലും താഴെ രേഖപ്പെടുത്തിയ ജനുവരിയുടെ ആദ്യവാരം മൂന്നാറിന്റെ വിവിധ പ്രദേശങ്ങളില്‍ നാലുദിവസം താമസിച്ച് ഗവേഷകര്‍ നടത്തിയ ജന്തുജാല കണക്കെടുപ്പിലാണ് 24 ഇനം ജീവികളെ പുതുതായി കണ്ടെത്തിയത്. സംസ്ഥാന വനം വകുപ്പ് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടി.എന്‍.എച്ച്.എസ് (ട്രാവന്‍കൂര്‍ നേച്ചര്‍ ഹിസ്റ്ററി സൊസൈറ്റി) എന്ന സംഘടനയുമായി സഹകരിച്ചാണ് കണക്കെടുപ്പ് നടത്തിയത്. ഒമ്പത് ചിത്രശലഭങ്ങളും അഞ്ച് തുമ്പികളുമാണ് സങ്കേതത്തിലെ പുതിയ അതിഥികള്‍.
മതികെട്ടാന്‍ചോല ദേശീയ ഉദ്യാനം, പാമ്പാടുംചോല ദേശീയ ഉദ്യാനം, ആനമുടി ദേശീയ ഉദ്യാനം, കുറിഞ്ഞിമല വന്യജീവി സങ്കേതം, ഇരവികുളം ദേശീയ ഉദ്യാനം, ചിന്നാര്‍ വന്യജീവി സങ്കേതം എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളിലായിരുന്നു കണക്കെടുപ്പ്. സമുദ്രനിരപ്പില്‍നിന്ന് 500 മുതല്‍ 2,800 മീ. വരെ ഉയരമുള്ള സ്ഥലങ്ങളില്‍നിന്നാണ് ഗവേഷകര്‍ ഇത്രയും ജീവജാലങ്ങളെ തിരിച്ചറിഞ്ഞത്. പാരിസ്ഥിതിക സന്തുലിതാവസ്ഥയുടെ ഏറ്റവും വലിയ സൂചകങ്ങളായ പക്ഷികള്‍, ചിത്രശലഭം, തുമ്പി എന്നിവയുടെ സാന്നിധ്യമാണ് പഠനവിധേയമാക്കിയത്. ആകെ 217 പക്ഷികളെ സര്‍വേയില്‍ തിരിച്ചറിഞ്ഞു. ഇതില്‍ 11 എണ്ണം പുതിയവയാണ്.
ഇതോടെ മൂന്നാറിലെ പക്ഷി ഇനങ്ങള്‍ 258 ആയി. ബ്രൗണ്‍ ഹോക്ക് ഔള്‍ (പുള്ളുനത്ത്), ബാരെഡ് ബട്ടണ്‍ ക്വയില്‍ (പാഞ്ചാലി കാട), പുള്ളി മൂങ്ങ, മോട്ടില്‍ഡ് വുഡ് ഔള്‍ (കാലങ്കോഴി), ബയ വീവര്‍ (ആറ്റക്കുരുവി), റെഡ് മുനിയ (കുങ്കുമക്കുരുവി), റിച്ചാര്‍ഡ്‌സ് പിപിറ്റ് (വലിയ വരമ്പന്‍), ജെര്‍ഡന്‍ ബുഷ്‌ലാര്‍ക്ക് (ചെമ്പന്‍പാടി), ഗോള്‍ഡന്‍ ഹെഡഡ്‌സിസ്റ്റിക്കോള (നെല്‍പൊട്ടന്‍), ലാര്‍ജ് ഗ്രേ ബാബ്ലര്‍ (ചാരച്ചിലപ്പന്‍), ചെസ്റ്റ്‌നട്ട് ബെല്ലിഡ് നട്ട്ഹാച്ച് (ഗൗളിക്കിളി) എന്നിവയാണ് പുതിയ പക്ഷികള്‍. ഇതിനുമെ നീലഗിരി മരപ്രാവ്, മൗണ്ടന്‍ ഇംപീരിയല്‍ പീജിയന്‍ (പൊകണ പ്രാവ്), ഗ്രേറ്റ് ഈയര്‍ഡ് നൈറ്റ്ജാര്‍ (ചെവിയന്‍ രാച്ചുക്ക), സ്റ്റെപ്പി ഈഗിള്‍ (കായല്‍പരുന്ത്), ബോനെല്ലിസ് ഈഗിള്‍ (ബോണ്‍ല്ലിപ്പരുന്ത്), മൊണ്‍ടാഗു ഹാരിയര്‍ (മൊണ്‍ടാഗു മേടതപ്പി), യൂറേഷ്യന്‍ സ്പാരോ ഹോക്ക് (യൂറേഷ്യന്‍ പ്രാപ്പിടിയന്‍), ലെസ്സര്‍ ഫിഷ് ഈഗിള്‍ (ചെറിയ മീന്‍പരുന്ത്), പെരെഗ്രിന്‍ ഫാല്‍ക്കണ്‍ (കായല്‍പുള്ള്), ഇന്ത്യന്‍ ഈഗിള്‍ ഔള്‍ (കൊമ്പന്‍ മൂങ്ങ), സ്‌പോട്ട് ബെല്ലിഡ് ഈഗിള്‍ഔള്‍ (കാട്ടുമൂങ്ങ),
ഇന്ത്യന്‍ ഗ്രേ ഹോണ്‍ബില്‍ (നാട്ടുവേഴാമ്പല്‍), ബ്ലൂ ഇയര്‍ഡ് കിങ്ഫിഷര്‍ (പൊടിപ്പൊന്മാന്‍), പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന നീലഗിരി പിപിറ്റ്, നീലഗിരി ബീ ഈറ്റര്‍ (നീലക്കിളി പാറ്റ പിടിയന്‍), വൈറ്റ് ബെല്ലിഡ് ഷോലക്കിളി (ആനമലൈ ഷോലക്കിളി), ബ്ലാക്ക് ആന്‍ഡ് ഓറഞ്ച് ഫ്‌ലൈകാച്ചര്‍ (കരിച്ചെമ്പന്‍ പാറ്റപിടിയന്‍) എന്നിവയുടെ സാന്നിധ്യവും തിരിച്ചറിഞ്ഞു. 166 ഇനം ചിത്രശലഭങ്ങളെ സര്‍വേയില്‍ രേഖപ്പെടുത്തി.ചിത്രശലഭങ്ങളാല്‍ സമ്പന്നമാണ് മൂന്നാര്‍. പുതിയ എട്ടെണ്ണം ഉള്‍പ്പെടെ 166 ഇനം ചിത്രശലഭങ്ങളെ സര്‍വേയില്‍ രേഖപ്പെടുത്തി. ഇതോടെ മൂന്നാറിലെ ചിത്രശലഭ ഇനങ്ങളുടെ എണ്ണം 246 ആയി. ചിന്നാറില്‍ മാത്രം 148 തരം ശലഭങ്ങളെ കാണാനായി. പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന റെഡ് ഡിസ്‌ക് ബുഷ്ബ്രൗണ്‍ (തീക്കണ്ണന്‍ തവിടന്‍), പളനി ബുഷ്ബ്രൗണ്‍ (പളനി പൊന്തത്തവിടന്‍), പളനി ഫ്രിറ്റിലറി (പളനി ചോലത്തെയ്യന്‍), പളനി ഫോര്‍ റിങ് (പളനി നാല്‍ക്കണി), നീലഗിരി ഫോര്‍ റിങ് (നീലഗിരി നാല്‍ക്കണി), നീലഗിരി ക്ലൗഡഡ് യെല്ലോ (പീതാംബരശലഭം), നീലഗിരി ടൈഗര്‍ (നീലഗിരി കടുവ) എന്നിവ ഇവിടെയും കാണാനായി.
സംസ്ഥാനത്തെ ഏറ്റവും ചെറിയ ചിത്രശലഭമായ ഗ്രാസ്ജ്യുവല്‍ ചിന്നാറില്‍ ധാരാളമുണ്ടായിരുന്നു. ഏറ്റവും വലിയ ഇന്ത്യന്‍ ചിത്രശലഭമായ സതേണ്‍ ബേര്‍ഡ് വിങ് (ഗരുഡ ശലഭം) മിക്ക ക്യാമ്പുകളിലും രേഖപ്പെടുത്തി. വൈറ്റ് ഹെഡ്ജ് ബ്ലൂ (വെള്ളവേലിനീലി), വൈറ്റ്ഡിസ്‌ക് ഹെഡ്ജ് ബ്ലൂ (ചോലവേലിനീലി), കോമണ്‍ ബാന്‍ഡഡ് പീകോക്ക് (നാട്ടു മയൂരി), പെയിന്റഡ് ലേഡി (ചിത്രിത), ഇന്ത്യന്‍ ഓള്‍ക്കിങ് (ആര രാജന്‍), യെല്ലോ സ്ട്രൈപ്പ്ഡ് ഹെഡ്ജ് ഹോപ്പര്‍ (ഷോലതുള്ളന്‍) എന്നിവയാണ് മറ്റ് ശ്രദ്ധേയ കണ്ടെത്തലുകള്‍. ഉയര്‍ന്ന പ്രദേശങ്ങളില്‍ മാത്രം കാണപ്പെടുന്ന വണ്‍സ്‌പോട്ട് ഗ്രാസ് യെല്ലോ (ചോല പാപ്പാത്തി), പല്ലിഡ് ഡാര്‍ട് (ചോല പൊട്ടന്‍) മലബാര്‍ റോസ്, സഹ്യാദ്രി ലെസ്സര്‍ ഗള്‍ (കാട്ടുപാത്ത), കോമണ്‍ ട്രീ ഫ്‌ലറ്റര്‍ (നാട്ടുമരത്തുള്ളന്‍), ബംഗാള്‍ കോമണ്‍ സിലിയേറ്റ് ബ്ലൂ (കോകിലന്‍), കാനറാ സ്വിഫ്റ്റ് (കാനറാ ശരശലഭം), ബ്ലാക്ക് ആംഗിള്‍ (കരിംപരപ്പന്‍) എന്നിവയാണ് സങ്കേതത്തിലെ പുത്തന്‍ വിരുന്നുകാര്‍.
0 Comments