വിവിധസര്‍ക്കാര്‍ ജോലികൾ വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നായി ഒരു കോടിയിലേറെ രൂപയും സ്വർണാഭരണങ്ങളും തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതിയായ യുവതി ചെങ്ങന്നൂർ പൊലിസിൻ്റെ പിടിയിലായി. ചെങ്ങന്നൂർ താലൂക്കിലെ പുലിയൂർ സുജിത ഭവനിൽ മനോജ് കുമാറിൻ്റെ ഭാര്യ സുജിത സുരേഷ് (39) നെയാണ്ചെ ങ്ങന്നൂര്‍ പൊലിസ് അറസ്റ്റുചെയ്തത്. മാന്നാര്‍ ബുധനൂർ സ്വദേശിയായ യുവതി ആയുര്‍വേദ ആശുപത്രിയിലോ, കേരളാ വാട്ടർ അതോറിറ്റിയിലോ സര്‍ക്കാര്‍ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2023 ഫെബ്രുവരിയിൽ നാലേകാൽ ലക്ഷം രൂപ വാങ്ങിയെടുത്ത ശേഷം നാളിതുവരെ പണം തിരികെ കൊടുക്കുകയോ ജോലി നൽകുകയോ ചെയ്യാതെ വഞ്ചിച്ചതിന് ചെങ്ങന്നൂര്‍ പൊലിസ് സ്റ്റേഷനിൽ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.
താൻ ആയുര്‍വേദാശുപത്രിയിലെ ജോലിക്കാരിയാണെന്നും പണം കൊടുത്താണ് ജോലിയിൽ കയറിയതെന്നും പ്രതി കേസിലെ പരാതിക്കാരിയെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. വിശ്വാസം ഉറപ്പിക്കുന്നതിനായി വ്യാജമായി ചമച്ച സർവീസ് തിരിച്ചറിയൽ ടാഗും പ്രതി പ്രദർശിപ്പിച്ചിരുന്നു. പുലിയൂര്‍ സ്വദേശിയായ മറ്റൊരു യുവതിയുൾപ്പെടെ നിരവധി പേരെ സമാന രീതിയിൽ വഞ്ചന ചെയ്തതിന് പ്രതിക്കെതിരെ ചെങ്ങന്നൂര്‍ , വെണ്മണി പൊലിസ് സ്റ്റേഷനുകളിൽ കേസ് നിലവിലുണ്ട്.
തൊഴിൽ വാഗ്ദാനത്തിനു പുറമെ ചെങ്ങന്നൂരിലെ ശക്തി ബിൽഡേഴ്സ് എന്ന നിർമ്മാണക്കമ്പനിയുടെ പാര്‍ട്ണർ ആണ് താനെന്നും കമ്പനിയിൽ ഇന്‍വെസ്റ്റ് ചെയ്താൽ കൂടുതൽ ലാഭം ലഭിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ കബളിപ്പിച്ച് എടുത്തതിനുള്ള മറ്റ് രണ്ടു കേസുകളും പ്രതിക്കെതിരെയുണ്ട് . കബളിപ്പിക്കപ്പെട്ട നിരവധിയാളുകൾ കോടതികളിൽ കൊടുത്തിട്ടുള്ള ചെക്കു കേസുകളും പ്രതിക്കെതിരായുണ്ട്. ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി. എം.കെ. ബിനുകുമറിന്റെ നിർദ്ദേശാനുസരണം ചെങ്ങന്നൂര്‍ എസ്.എച്ച്.ഒ. വിപിൻ എ.സി.യുടെ നേതൃത്വത്തിൽ എസ്.ഐ.മാരായ മധുകുമാര്‍, ഗീതു, നിധിന്‍ രാജ്, സീനിയർ സിപിഒ ഹരികുമാര്‍, സിപിഒ മാരായ കണ്ണൻ, ബിന്ദു എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
0 Comments