ശൈത്യകാലമാരംഭിച്ചതോടെ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണവും വര്‍ധിച്ചു. ശൈത്യകാലമാരംഭിച്ചതോടെ മൂന്നാറിനും പതിയെ തണുത്ത് തുടങ്ങിയിരിക്കുന്നു. കാര്‍മേഘം പൂര്‍ണ്ണമായി നീങ്ങാത്തതിനാല്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് പ്രഭാതങ്ങള്‍ക്കല്‍പ്പം കുളിര് കുറവുണ്ടെങ്കിലും തെളിഞ്ഞ ആകാശവും താഴെ പരന്ന കാഴ്ച്ചകളും തീര്‍ക്കുന്ന വശ്യമനോഹാരിതക്ക് തെല്ലും കുറവില്ല.
പുല്‍നാമ്പുകളില്‍ മഞ്ഞിന്‍ കണങ്ങള്‍ പറ്റിപിടിച്ച് തുടങ്ങിയിരിക്കുന്നു. വരും ദിവസങ്ങളില്‍ താപനില വീണ്ടും താഴുകയും ശൈത്യമേറുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ മുമ്പില്‍ കണ്ട് സഞ്ചാരികളെ വരവേല്‍ക്കാന്‍ മൂന്നാറിലെ റിസോര്‍ട്ടുകളും ഹോംസ്റ്റേകളും ഹോട്ടലുകളും ഒരുങ്ങി കഴിഞ്ഞു.
മഴക്കാലമെത്തിയതോടെ കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ വരവ് കുറഞ്ഞിരുന്നു. ഇത് വ്യാപാര മേഖലക്കുള്‍പ്പെടെ വരുമാന കുറവിന് ഇടവരുത്തിയിരുന്നു. വിനോദ സഞ്ചാര മേഖലയുമായി ചേര്‍ന്ന് വരുമാനം കണ്ടെത്തുന്ന ആളുകളും പ്രതിസന്ധി നേരിടുകയായിരുന്നു.
ഓണം, ദീപാവലി, പൂജാവധി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് മുമ്പ് മൂന്നാറില്‍ സഞ്ചാരികളുടെ തിരക്കനുഭവപ്പെട്ടിരുന്നു. ഇതിന് ശേഷമാണിപ്പോള്‍ മൂന്നാറില്‍ വിനോദ സഞ്ചാര സീസണാരംഭിച്ചിട്ടുള്ളത്. വിദേശ വിനോദ സഞ്ചാരികളും കേരളത്തിനകത്ത് നിന്നും പുറത്ത് നിന്നുമുള്ള സഞ്ചാരികളും മൂന്നാറിലേക്കെത്തി തുടങ്ങിയിട്ടുണ്ട്.
ശൈത്യമേറുന്നതോടെ കൂടുതല്‍ സഞ്ചാരികളെത്തുകയും ക്രിസ്തുമസ് പുതുവത്സര കാലത്ത് മെച്ചപ്പെട്ട വരുമാനം ലഭിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയാണ് മൂന്നാറിന്റെ വിനോദ സഞ്ചാര മേഖലക്കാകെ ഉള്ളത്.
0 Comments