അതുല്യയുടെ ആഗ്രഹം സഫലം... വൈക്കം വിജയലക്ഷ്മിയെ കണ്ടു, ഒപ്പം പാടി... വീഡിയോ ഈ വാര്‍ത്തയോടൊപ്പം.



സുനില്‍ പാലാ

അങ്ങനെ ആ കൂടിക്കാഴ്ച ഇന്നലെ നടന്നു; ''അങ്ങ് വാന കോണില് മിന്നി നിന്നൊരമ്പിളി...'' എന്ന പാട്ടിലൂടെ ഒരു കോടിയോളം മലയാള സംഗീതാസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റിയ കടുത്തുരുത്തി സെന്റ് മൈക്കിള്‍സ്  സ്‌കൂള്‍ 8-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി അതുല്യ പ്രശാന്തും ഈ ഗാനം എ.ആര്‍.എം. എന്ന സിനിമയില്‍ പാടിയ സാക്ഷാല്‍ വൈക്കം വിജയലക്ഷ്മിയും തമ്മില്‍ കണ്ടുമുട്ടിയതും സംഗീതമയമായി.

അതുല്യമോളുടെ പാട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലാണെന്ന് അറിഞ്ഞ ഗായിക വിജയലക്ഷ്മി, കുട്ടിയെ കാണാന്‍ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. അതുല്യയും അമ്മയും സഹോദരിയും ബന്ധുക്കളും അധ്യാപകരും ചേര്‍ന്നാണ് വിജലക്ഷ്മിയുടെ വൈക്കത്തെ വീട്ടില്‍ ഇന്നലെയെത്തിയത്.

വീഡിയോ ഇവിടെ കാണാം...👇👇👇👇
 


കയറിച്ചെന്നയുടന്‍ ''മോളെ പാട്ട് ഗംഭീരമായിരിക്കുന്നു'' എന്നുപറഞ്ഞ് വിജയലക്ഷ്മി അതുല്യയെ ചേര്‍ത്ത് പിടിച്ചു. 'മോള്‍ ആ പാട്ട് ഒന്നുകൂടി പാടിക്കേ ....... എന്ന് വിജയലക്ഷ്മി. അടുത്തിരുന്ന്  അതുല്യ പാടി. ''അങ്ങ് വാന കോണില്; ...... ചരണം കഴിഞ്ഞപ്പോഴെ വിജയലക്ഷ്മിയും അതുല്യയുടെ പാട്ടിനൊപ്പം ചേര്‍ന്നു. വീട് സംഗീതമയം. കണ്ടുനിന്ന അധ്യാപകരും അതുല്യയുടെ ബന്ധുക്കളും താളം പിടിച്ചു.

പാട്ടുപാടി തീര്‍ത്തയുടന്‍ വിജലക്ഷ്മിയുടെ കാല്‍തൊട്ട് അനുഗ്രഹം വാങ്ങിയ അതുല്യയുടെ ശിരസ്സില്‍ കൈവച്ച് വിജയലക്ഷ്മി പറഞ്ഞു; 'പാട്ടു പഠിക്കാത്ത മോള്‍ എത്ര നന്നായി പാടുന്നു. ഇനി പാട്ട് പഠിക്കണം. ഇടയ്ക്കിടയ്ക്ക് ഇവിടെ വരണം....... '   


പിന്നീട് നാടന്‍പാട്ടുകള്‍ അതുല്യ പാടി. വിജലക്ഷ്മിയും പാടി. കേട്ടുനിന്ന സെന്റ് മൈക്കിള്‍സ് സ്‌കൂളിലെ സംഗീതാധ്യാപിക നിമിഷ മുരളി ഒരു കീര്‍ത്തനം ആലപിച്ചു.തുടര്‍ന്ന് അതുല്യയ്ക്കും അധ്യാപകര്‍ക്കും അതുല്യയുടെ ബന്ധുക്കള്‍ക്കുമെല്ലാമൊപ്പം വിജയലക്ഷ്മി ഫോട്ടോയ്ക്ക് പോസ് ചെയ്തു.

അതുല്യ ക്ലാസില്‍ പാടിയ പാട്ട് വീഡിയോയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ സംഗീത അധ്യാപിക നിമിഷ മുരളി പങ്കുവച്ചത് ''യെസ് വാര്‍ത്ത'' ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.


സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സുജാമേരി തോമസിന്റെ നേതൃത്വത്തിലാണ് അതുല്യയും അമ്മ മഞ്ജുവും അമ്മമ്മ കുഞ്ഞുമോളും അനിയത്തി അലേഹ്യയും മറ്റ് ബന്ധുക്കളും അധ്യാപകരായ ബിജു സി ജെ, ജിനോ തോമസ്, നിമിഷാ മുരളി, രാഹുല്‍ ദാസ് കെ ആര്‍, മാത്യൂസ് ജോര്‍ജ് എന്നിവരും വിജയലക്ഷ്മിയെ കാണാന്‍ എത്തിയത്.

''അതുല്യമോള്‍ നന്നായി പാടി. മോളെക്കുറിച്ച് ഇന്നലെ വന്ന വാര്‍ത്തയും ഞാന്‍ വായിച്ചുകേട്ടു. സംഗീതം ശാസ്ത്രീയമായികൂടി പഠിപ്പിക്കാന്‍ കഴിഞ്ഞാല്‍ അതുല്യമോള്‍ നല്ലൊരു ഗായികയാവും''- വൈക്കം വിജയലക്ഷ്മി പറഞ്ഞു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments