പാലാ നഗരത്തിലുള്ള സിവിൽ സ്റ്റേഷൻ മന്ദിരത്തിൽ സ്ഥലപരിമിതി മൂലം വീർപ്പുമുട്ടുന്ന റവന്യൂ വകുപ്പിൻ്റെ കീഴിലുള്ള ഏതാനും ഓഫീസുകൾ കുറവിലങ്ങാട് റോഡിൽ നെല്ലിയാനിയിൽ നിർമിച്ചിട്ടുള്ള പുതിയ മന്ദിരത്തിലേക്ക് മാറ്റി പ്രവർത്തിപ്പിക്കുന്നതിനായുള്ള നടപടികൾക്ക് തുടക്കമായി.
ഇക്കഴിഞ്ഞ ആഴ്ച്ച പാലായിൽ നടന്ന പരാതി പരിഹാര അദാലത്തിൽ പൊതുപ്രവർത്തകനായ ജയ്സൺമാന്തോട്ടം നൽകിയ പരാതിയെ തുടർന്നാണ് നടപടികൾ ആരംഭിച്ചത്.
അദാലത്തിൽ പങ്കെടുത്ത മന്ത്രി റോഷി അഗസ്റ്റ്യൻ്റെ നിർദ്ദേശത്തെ തുടർന്ന് ജില്ലാ കളക്ടർ തഹസിൽദാർ, വാട്ടർ അതോറിട്ടറി, കെ.എസ്.ഇ.ബി അധികൃതർക്കും വെള്ളവും വൈദ്യുതിയും ഉടൻ ലഭ്യമാക്കുവാൻ കർശന നിർദ്ദേശം നൽകിയിരുന്നു.
വാട്ടർ അതോറിട്ടറി അധികൃതർ കെട്ടിടത്തിൽ വെള്ളം എത്തിക്കുന്നതിനായുള്ള പരിശോധന നടത്തി. എത്രയും വേഗം വാട്ടർ കണക്ഷൻ ലഭ്യമാക്കുമെന്ന് തഹസിൽദാരെ അറിയിച്ചു.
തഹസിൽദാർ ലിറ്റി മോൾ തോമസിൻ്റെ നേതൃത്വത്തിൽ താലൂക്ക് റവന്യൂ അധികൃതൽ കെട്ടിടവും പരിസരവും സന്ദർശിച്ചു.
ഇവിടേയ്ക്ക് മാറ്റുന്ന ഓഫീസുകൾക്കായി ഓരോ ഓഫീസുകൾക്കുംപ്രത്യേകം വൈദ്യുതി കണക്ഷനുകൾക്കായി ഉടൻ അപേക്ഷ സമർപ്പിക്കുമെന്ന് അറിയിച്ചു.
കോമ്പൗണ്ടിൽ കിടക്കുന്ന മണ്ണ് ലേലം ചെയ്ത് നീക്കുമെന്നും പറഞ്ഞു..വർഷങ്ങൾക്ക് മുമ്പ് പണി തീർത്ത കെട്ടിടത്തിലേയ്ക്ക് വളളിപടർപ്പുകൾ കയറി കിടക്കുകയാണ്.
കെട്ടിട പരിസരം കാട് വെട്ടിത്തെളിച്ച് ശുചീകരണം നടത്തുവാൻ നടപടി സ്വീകരിക്കുമെന്ന് ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ ചുമതല വഹിക്കുന്ന ആനന്ദ് ചെറുവള്ളിയും ഗ്രാമപഞ്ചായത്ത് അംഗം ജിജി ജേക്കമ്പും, കാണിയേക്കാട് റസിഡൻസ് അസോസിയേഷനും ഉറപ്പു നൽകി.
മുത്തോലി സഹകരണ ബാങ്ക് പ്രസിഡണ്ട്
ടോബിൻ കെ.അലക്സ്, ആനന്ദ് ചെറുവള്ളി, ജയ്സൺമാന്തോട്ടം, ചാക്കോ താന്നിയാനിക്കൽ, ജിജി ജേക്കബ്, സാജൻ ഈരൂരിക്കൽ എന്നിവരും റവന്യൂ അധികൃതരുമായി ചർച്ച നടത്തി. നാട്ടുകാരുടെ പൂർണ്ണ സഹകരണം അവർ ഉറപ്പു നൽകി. കളക്ടർക്ക് റിപ്പോർട്ട് ഉടൻ നൽകുമെന്നും ഇവിടേയ്ക്കായി നിശ്ചയിക്കപ്പെട്ട ഓഫീസ് മേധാവികളുടെ പ്രത്യേക യോഗം ഉടൻ വിളിച്ചു ചേർത്ത് തുടർ നടപടികൾ സ്വീകരിക്കുമെന്നും തഹസിൽദാർ ലിറ്റി മോൾ തോമസ് പറഞ്ഞു.
0 Comments