പൊന്നിനേക്കാള്‍ മൂല്യമുണ്ട് നസ്‌റുദ്ദീന് ഈ മോതിരം.... സമ്മാനിച്ചത് ഗായകന്‍ മുഹമ്മദ് റാഫി


സുനില്‍ പാലാ

''ഓ മേരെ ഷാഹെ ഹുബാ, ഓ മേരി ജാനേ ജനാനാ...'' 57 ആണ്ടുകള്‍ക്ക് മുമ്പ് പാലാ  സെന്റ് തോമസ് കോളജിന്റെ അങ്കണത്തില്‍ സാക്ഷാല്‍ മുഹമ്മദ് റാഫിക്ക് മുന്നില്‍ ഈ പാട്ടുപാടിയ ഓര്‍മ്മ സ്വരരാഗ പ്രവാഹമായി കാഞ്ഞിരപ്പള്ളി മഠത്തില്‍ വീട്ടിലെ എം.എ. നസ്‌റുദ്ദീന്റെ മനസ്സിലിന്നുമുണ്ട്. 
 
മുഹമ്മദ് റാഫി തന്നെ അക്കാലത്തിറങ്ങിയ ലൗ ഇന്‍ ടോക്കിയോ
എന്ന സിനിമയ്ക്കുവേണ്ടി പാടിയ ഈ ശോകഗാനം സിനിമ റിലീസ് ആയപ്പോള്‍ മുതല്‍ പ്രസിദ്ധമാണ്. ആ പാട്ടാണ് സാക്ഷാല്‍ റാഫിക്ക് മുന്നില്‍ അന്ന് പ്രിഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്ന നസ്‌റുദ്ദീന്‍ പാടിയത്. പാട്ടുകേട്ടയുടന്‍ കൈയില്‍ കിടന്ന വെള്ളിമോതിരം ഊരി മുഹമ്മദ് റാഫി നസ്‌റുദ്ദീനെ അണിയിച്ചു. എന്നിട്ട് കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു. വളരെ നന്നായി, തീര്‍ച്ചയായും ഇനിയും പാട്ട് പഠിക്കണം. 
 


57 വര്‍ഷം മുമ്പ് കൃത്യമായി പറഞ്ഞാല്‍ 1967 ജനുവരി 19-ാം തീയതി നടന്ന ഈ അവിസ്മരണീയ മുഹൂര്‍ത്തം ഒര്‍ത്തെടുത്തുകൊണ്ട് നസ്‌റുദ്ദീന്‍ പാലാ സെന്റ് തോമസ് കോളേജിലെ പ്ലാറ്റിനം ജൂബിലിയോട് ചേര്‍ന്നുള്ള ആഗോള പൂര്‍വ്വവിദ്യാര്‍ത്ഥി മഹാസംഗമത്തില്‍ ഇന്നും ഈ പാട്ട് പാടും; ''ഓ മേരെ ഷാഹെ ഹുബാ, ഓ മേരി ജാനേ ജനാനാ...''.

അന്ന് കോളേജില്‍ പത്ത് ദിവസം നീണ്ടുനിന്ന ആഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് അന്നത്തെ സൂപ്പര്‍ഹിറ്റ് പാട്ടുകളുടെയെല്ലാം രാജഗായകനായ മുഹമ്മദ് റാഫി എത്തിയത്. അന്ന് കോളേജിലുണ്ടായിരുന്ന മ്യൂസിക് ക്ലബ്ബില്‍ അംഗമായിരുന്ന നസ്‌റുദ്ദീന്‍ സ്റ്റേജിലും പിന്നണിയിലുമെല്ലാം റാഫിക്കുവേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുത്തു. 
 
 

ഇതിനിടയിലാണ് സ്റ്റേജിന് പിന്നില്‍ വച്ച് ലൗ ഇന്‍ ടോക്കിയോ എന്ന സിനിമയിലെ പാട്ട് ഒന്ന് പാടിക്കോട്ടെയെന്ന് സാക്ഷാല്‍ റാഫിയോട് ചോദിച്ചത്. തോളില്‍ തട്ടി അനുമതി നല്‍കിയ റാഫി നസ്‌റുദ്ദീന്റെ ഗാനമാധുരിയില്‍ വല്ലാതെ ലയിച്ചുപോയി. പാട്ടുകഴിഞ്ഞ ഉടന്‍ തന്റെ വിരലിലണിഞ്ഞിരുന്ന മോതിരം നസ്‌റുദ്ദീനെ അണിയിക്കുകയായിരുന്നു. 
 
 
 
തുടര്‍ന്ന് നസ്‌റുദ്ദീന്‍ നീട്ടിയ ഓട്ടോഗ്രാഫില്‍ സ്വന്തം പേരെഴുതി വര്‍ഷവും മാസവും തീയതിയും മുഹമ്മദ് റാഫി കുറിച്ചുകൊടുത്തു. അതും അന്നത്തെ മോതിരവും തന്റെ ഏറ്റവും വിലപിടിപ്പുള്ള വസ്തുവായി കരുതി ഇന്നും സൂക്ഷിക്കുകയാണ് നസ്‌റുദ്ദീന്‍.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments