പാലാ രൂപതാ ബൈബിള്‍ കണ്‍വെന്‍ഷന്‍ സമാപിച്ചു
സ്വന്തം ലേഖകൻ
ആത്മീയ നവീകരണത്തിലൂടെ സ്വയം
ദൈവേഷ്ടത്തിനു വിധേയമായി ഉണ്ണിമിശിഹായുടെ തിരുപ്പിറവിക്ക് ഒരുങ്ങാന്‍ ആഹ്വാനം ചെയ്ത് അഞ്ച് ദിവസമായി പാലാ സെന്റ്‌തോമസ് കോളേജ് മൈതാനത്ത് നടന്ന് വന്ന പാലാ രൂപതാ ബൈബിള്‍കണ്‍വെന്‍ഷന്‍ സമാപിച്ചു.
അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.ഡൊമിനിക് വാളന്മനാലും ടീമും നയിച്ച കണ്‍വെന്‍ഷന് ദിവസവും പതിനായിരങ്ങളാണ് ഒത്തുകൂടിയത്.
സമാപന ദിവസത്തെ ദിവ്യബലിക്ക് ഫാ. ഡൊമിനിക് വളമ്മനാല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നല്‍കി. അതിനുശേഷം നടന്ന വചനപ്രഘോഷണത്തിലും ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും പതിനായിരങ്ങള്‍ സാക്ഷിയായി. കണ്‍വന്‍ഷന്റെ രണ്ടാം ദിനം മുതല്‍ കൗണ്‍സലിങ് ശുശ്രൂഷ തുടങ്ങിയിരുന്നു. അവസാന രണ്ടു ദിവസങ്ങളിലായി നടന്ന വിടുതല്‍ ശുശ്രൂഷയ്ക്ക് അയ്യായിരത്തോളം പേര്‍ പങ്കെടുത്തു.
യുവജനവര്‍ഷാചരണത്തിന്റെ ഭാഗമായി ബൈബിള്‍ കണ്‍വെന്‍ഷനോടനുബന്ധിച്ച് ഒരുക്കിയ യുവജനസംഗമം ഏല്‍റോയ് രൂപതയിലെ പതിനായിരക്കണക്കിന് യുവജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണവും സുവിശേഷ വത്കരണ വര്‍ഷാരഭത്തിന്റെ ഉദ്ഘാടനവും ഇതിനോടനുബന്ധിച്ച് നടന്നു.
കണ്‍വെന്‍ഷന്‍ ശുശ്രൂഷകള്‍ക്ക്
കണ്‍വെന്‍ഷന്‍ ജനറല്‍ കോഓര്‍ഡിനേറ്റര്‍ മോണ്‍. സെബാസ്റ്റ്യ.ന്‍ വേത്താനത്ത്, ജനറല്‍ കണ്‍വീനര്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍,രൂപതാ ഇവാഞ്ചലൈസേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ.ആല്‍ബിന്‍ പുതുപ്പറമ്പില്‍, ജോര്‍ജ്കുട്ടി ഞാവളളില്‍, സണ്ണി പള്ളിവാതുക്കല്‍, പോള്‍സണ്‍ പൊരിയത്ത്, സെബാസ്റ്റ്യന്‍ കുന്നത്ത്, മാത്തുക്കുട്ടി താന്നിക്കല്‍, ബാബു തട്ടാമ്പറമ്പില്‍, സി.ലിസ പള്ളിവാതുക്കല്‍ എസ് എച്ച്, സി. ടെസിന്‍ എസ്.എച്ച്, സി. ആലിസ് എസ്. എച്ച്, സി.ടോണിയ എസ് എച്ച്, സി.ലിസ എസ് എച്ച്, മാത്യു വാളിയാങ്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
സമ്മാനങ്ങള്‍ വിതരണം ചെയ്തു
കണ്‍വെന്‍ഷന്റെ വിജയത്തിനു വേണ്ടി മികച്ച ധനശേഖരണം നടത്തിയ വ്യക്തികളെയും ഇടവകകളെയും കണ്‍വെന്‍ഷന്‍ വേദിയില്‍ ആദരിച്ചു. ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വ്യക്തിഗതവിഭാഗത്തില്‍ സിസ്റ്റര്‍ ജെയ്‌സി സി എം സി മുട്ടുചിറ, സിസ്റ്റര്‍ ബിജി എഫ് സി സി എന്നിവര്‍ക്കും ഇടവക എ വിഭാഗത്തില്‍ അരുണാപുരം സെന്റ് തോമസ്, കുടക്കച്ചിറ സെന്റ് ജോസഫ്‌സ്, ബി വിഭാഗത്തില്‍ സെന്റ് മേരിസ് ളാലം, സെന്റ്. തോമസ് രത്‌നഗിരി, സി വിഭാഗത്തില്‍ സെന്റ് തോമസ് കത്തീഡ്രലും സെന്റ് മേരീസ് ഭരണങ്ങാനവും സമ്മാനാര്‍ഹരായി.
വചനത്തില്‍ ഊന്നിയ ക്രിസ്തീയ ജീവിതമാണ് ഏറ്റവും വലിയ സമ്പത്ത്: ഫാ.ഡൊമിനിക് വാളന്മനാല്‍.
വചനത്തില്‍ ഊന്നിയുള്ള ക്രിസ്തീയ ജീവിതമാണ് ഏറ്റവും വലിയ സമ്പത്തെന്ന് അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളന്മനാല്‍. പാലാ രൂപതാ ബൈബിള്‍ കണ്‍വെന്‍ഷന്‍ മധ്യേ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.ഒരു മനുഷ്യന്റെ നിലനില്‍പ്പിന് ദൈവം നല്‍കിയിരിക്കുന്ന അടിസ്ഥാനമാണ് ദൈവവചനം. എല്ലാവര്‍ക്കും സ്വന്തമാക്കാന്‍ കഴിയുന്ന ഈ അമൂല്യ നിധി പലപ്പോഴും നമ്മുടെ പ്രവര്‍ത്തികളുടെ ദൂഷ്യം കൊണ്ട് വിട്ടുപോകുന്നു. ദൈവ വചനങ്ങളില്‍ നിന്ന് മാറിപ്പോയാല്‍ നമ്മുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കും. ദൈവവചനംമനസില്‍പേറി ജീവിക്കാന്‍ നമുക്ക് കഴിയണം, അതു പ്രചരിപ്പിക്കാനും മറ്റുള്ളവരെ വചനത്തില്‍ ജീവിക്കാന്‍ പ്രേരിപ്പിക്കാനും നമുക്ക് കഴിയണം.വിശുദ്ധി എന്ന പുണ്യം തലമുറയെ അനുഗ്രഹിക്കും.നമ്മുടെ വസ്ത്രധാരണം നമ്മുടെ പഞ്ചേന്ദ്രിയങ്ങളുടെ നിയന്ത്രണത്തിന്റെ ആവശ്യകതയും വിശുദ്ധിയും പാലിക്കാന്‍ ഏറ്റവും അടിസ്ഥാനമാണ്. മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം തലമുറയെ നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
0 Comments