പുതിയ ഡാം പണിയുമെന്ന മന്ത്രി റോഷി അഗസ്റ്റിന്റെ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളി : മുല്ലപ്പെരിയാര്‍ ടണല്‍ സമര സമിതി

 

കേരളവും തമിഴ്നാടും തമ്മില്‍ സമവായമുണ്ടായാല്‍ പുതിയ ടണല്‍ നിര്‍മിക്കാന്‍ എല്ലാ സാങ്കേതിക സഹായവും നല്‍കാന്‍ സന്നദ്ധമാണെന്ന് സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അജിത് കട്ടാറിയ അറിയിച്ചതായി മുല്ലപ്പെരിയാര്‍ ടണല്‍ സമരസമിതി ഭാരവാഹികള്‍ അറിയിച്ചു. തമിഴ്നാടിന് ജലം കൊണ്ടുപോകാന്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ ചുവട്ടില്‍ നിന്നും 50 അടി ഉയരത്തില്‍ പുതിയ ടണല്‍ നിര്‍മിക്കുകയാണ് വേണ്ടത്. ഇതോടെ ഡാമിലെ ജലനിരപ്പ് പകുതിയിലും താഴെയെത്തിക്കാനും തമിഴ്നാടിന് കൂടുതല്‍ ജലം കൊണ്ടുപോകാനും കഴിയും. സംഭരണ ശേഷിയുടെ പകുതിയില്‍ താഴെ മാത്രം ജലമുള്ള ഡാമുകളെ ഡീ കമ്മിഷന്‍ ചെയ്തവയായാണ് പരിഗണിക്കുന്നത്. ഇതിന് പകരം മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുന്നത് ജനങ്ങളുടെ തലയ്ക്ക് മുകളില്‍ മറ്റൊരു ജലബോംബ് പ്രതിഷ്ഠിക്കുന്നതിന് തുല്യമാണെന്ന് സമിതി കുറ്റപ്പെടുത്തി. 2014ലെ സുപ്രീംകോടതി വിധിയില്‍ പുതിയ ടണല്‍ നിര്‍മാണമാണ് ഏറ്റവും പ്രായോഗികമായ പരിഹാരമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. 


എന്നാല്‍ പിന്നീടുവന്ന സര്‍ക്കാരുകളൊന്നും ഈ സാധ്യത പരിഗണിച്ചിട്ടേയില്ല. സുപ്രീം കോടതി നിര്‍ദ്ദേശിച്ച ടണല്‍ എത്രയും വേഗം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി നവംബര്‍ 24ന് സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന് കത്ത് അയച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. പുതിയ ഡാം എന്ന കേരളത്തിന്റെ പിടിവാശി ദുരൂഹമാണ്. മുല്ലപ്പെരിയാര്‍ പ്രശ്ന പരിഹാരത്തിന് പുതിയ ടണല്‍ മാത്രമാണ് ഏക പരിഹാരം എന്നിരിക്കെ പുതിയ ഡാം പണിയുമെന്ന മന്ത്രി റോഷി അഗസ്റ്റിന്റെ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കേരളത്തിലെ 40 ഓളം നിയമസഭാ മണ്ഡലങ്ങളിലുമുള്ള തമിഴ് വോട്ട് ബാങ്കിനെ പ്രീതിപ്പെടുത്താനാണ് വിഷയത്തില്‍ കൃത്യമായ പരിഹാരത്തിലേക്ക് പോകാന്‍ രാഷ്ട്രീയക്കാര്‍ മടിക്കുന്നതിനു കാരണം. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് എറണാകുളം വൈപ്പിനില്‍ ടണല്‍ സമരസമിതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന റിലേ സമരം 79 ദിവസം പിന്നിട്ടതായും ഭാരവാഹികള്‍ പറഞ്ഞു. 


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments