പയപ്പാര്‍ അമ്പലം ബസ് സ്റ്റോപ്പിലെ വെയ്റ്റിംഗ് ഷെഡ് ഉദ്ഘാടനം ചെയ്യാന്‍ കുരുന്നുകള്‍!



സുനില്‍ പാലാ
 
പയപ്പാര്‍ അമ്പലം ബസ് സ്റ്റോപ്പിലെ വെയ്റ്റിംഗ് ഷെഡ് ഉദ്ഘാടനം ചെയ്യാന്‍ കുരുന്നുകള്‍! പാലാ - ഏഴാച്ചേരി - രാമപുരം റൂട്ടിലുള്ള പ്രസിദ്ധമായ പയപ്പാര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്ര ജംഗ്ഷനില്‍ ആദ്യമായി പണി തീര്‍ത്ത വെയ്റ്റിംഗ് ഷെഡ്ഡ് കുരുന്നുകള്‍ തിരിതെളിച്ച് ഉദ്ഘാടനം ചെയ്തത് കൗതുക കാഴ്ചയായി.

കലാസംഘമായ പയപ്പാര്‍ കലാക്ഷേത്രയുടെ സാരഥി ചെറുവള്ളിയില്ലം സി.ഡി. നാരായണന്‍ നമ്പൂതിരിയാണ് ഈ വെയ്റ്റിംഗ് ഷെഡ് പണിത് നാടിന് സമര്‍പ്പിച്ചത്. 250-ഓളം കുടുംബങ്ങള്‍ പയപ്പാര്‍ ക്ഷേത്ര പരിസരത്ത് താമസിക്കുന്നുണ്ട്. എന്നാല്‍ നാളിതുവരെ ഇവിടെയൊരു വെയ്റ്റിംഗ് ഷെഡ് ഉണ്ടായിരുന്നില്ല. പയപ്പാര്‍ അമ്പലം ബസ് സ്റ്റോപ്പില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് പാലാ, രാമപുരം പ്രദേശങ്ങളിലേക്ക് ഇവിടെ നിന്ന് ബസ് കയറി പൊയ്‌ക്കൊണ്ടിരിക്കുന്നത്. ക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തര്‍ ബസ് ഇറങ്ങുന്നതും ഇവിടെ തന്നെ.
 


പയപ്പാര്‍ അമ്പലത്തിന് മുന്നില്‍ ഒരു വെയ്റ്റിംഗ് ഷെഡ് എന്ന ലക്ഷ്യം പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കലാക്ഷേത്ര സാരഥി ചെറുവള്ളിയില്ലം സി.ഡി. നാരായണന്‍ നമ്പൂതിരി പറഞ്ഞു. പുതുതലമുറ നാടിന്റെ വികസന കാര്യത്തിലേക്ക് മുന്നോട്ടുവരട്ടേയെന്ന കാഴ്ചപ്പാടോടുകൂടിയാണ് കൊച്ചുകുട്ടികളെ കൊണ്ട് വെയ്റ്റിംഗ് ഷെഡ്ഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

എട്ടുവയസ്സില്‍ താഴെയുള്ള കുട്ടികളായ സൂരജ് ആര്‍. നായര്‍, സൗരഭ് ആര്‍. നായര്‍, കേശവ് എ. നായര്‍, മാധവ് അജേഷ് കുമാര്‍, നിവേദ്യ അജിത് എന്നീ അഞ്ച് കുട്ടികള്‍ ചേര്‍ന്നാണ് ഇന്നലെ രാവിലെ വെയ്റ്റിംഗ് ഷെഡ് ഉദ്ഘാടനം ചെയ്തത്. നാടിന് പ്രയോജനപ്രദമായ വെയ്റ്റിംഗ് ഷെഡ്ഡ് ഉദ്ഘാടനം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നായിരുന്നു കുരുന്നുകളുടെ പ്രതികരണം.

കരൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ശൈലജ രവീന്ദ്രന്‍ നാട മുറിച്ചു. വെയ്റ്റിംഗ് ഷെഡ് നാടിന് നിര്‍മ്മിച്ച് നല്‍കിയ സി.ഡി. നാരായണന്‍ നമ്പൂതിരിയെ കരൂര്‍ പഞ്ചായത്ത് മെമ്പര്‍ ലിന്റണ്‍ ജോസഫ് അനുമോദിച്ചു. വി.എസ്. ഹരിപ്രസാദ്, കരൂര്‍ പഞ്ചായത്ത് മെമ്പര്‍ ലിന്റണ്‍ ജോസഫ്, അജേഷ് കുമാര്‍, സി.ഡി. നാരായണന്‍ നമ്പൂതിരി, രവീന്ദ്രന്‍ നായര്‍, ആശാ മനോജ്, പ്രദീപ് നന്ദകുമാര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments