ഊന്നുവടി ബലത്തില്‍ അയ്യനെ കാണാന്‍ വിഷ്ണുദാസ് ശബരിമലയ്ക്ക്



സുനില്‍ പാലാ 
 
അയ്യന്‍ ശരണം, ഊന്നുവടി ബലം. 72-കാരനായ വിഷ്ണുദാസ് സ്വാമി കാനനവാസനെ കാണാന്‍ ''കാല്‍നടയായി'' പുറപ്പെട്ടു.

ഒരു കാല്‍ നഷ്ടപ്പെട്ട ഈ അയ്യപ്പഭക്തന്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഊന്നുവടിയുടെ സഹായത്തോടെയാണ് മല ചവിട്ടുന്നത്. ഒറ്റക്കാലിലുള്ള ഈ യാത്ര ഗുരുവായൂരില്‍ നിന്നാണ്. എല്ലാ വര്‍ഷവും 20 മുതല്‍ 25 വരെ ദിവസമെടുത്താണ് വിഷ്ണുദാസ് സ്വാമി ഗുരൂവായൂരില്‍ നിന്ന് ശബരിമലയില്‍ എത്തുന്നത്. 




കൊല്ലം പാരിപ്പള്ളി സ്വദേശിയായ വിഷ്ണുദാസ് കഴിഞ്ഞ 30 വര്‍ഷമായി ഗുരുവായൂര്‍ ക്ഷേത്രപരിസരത്താണ് താമസം. 27 വര്‍ഷം മുമ്പ് പാരിപ്പള്ളിയിലുണ്ടായ ഒരു വാഹനാപകടത്തെ തുടര്‍ന്നാണ് കാലുകളിലൊന്ന് മുറിച്ചുമാറ്റേണ്ടി വന്നത്. ആശുപത്രിയില്‍ നിന്ന് വിട്ടയുടന്‍ ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് സ്ഥിരതാമസമാക്കുകയായിരുന്നു. ഗുരുവായൂരിലെത്തുന്ന ഭക്തര്‍ക്ക് അവരവരുടെ ചിത്രങ്ങള്‍ വരച്ചുനല്‍കിയാണ് നിത്യവൃത്തിക്ക് വക കണ്ടെത്തുന്നതെന്ന് വിഷ്ണുദാസ് സ്വാമി പറയുന്നു.

കാലില്ലാത്തതിന്റെ വല്ലായ്കയുണ്ടെങ്കിലും ഒറ്റക്കാലില്‍ കല്ലും മുള്ളും ചവിട്ടി കാനനവാസനെ കാണാനുള്ള യാത്രയ്ക്ക് കുറവു വരുത്തിയിട്ടേയില്ല. ഇരുമുടിക്കെട്ട് തോളില്‍ മാറാപ്പാക്കിയാണ് യാത്ര. മാലയിട്ട് വൃതമെടുത്ത് പുലര്‍ച്ചെ യാത്ര തുടങ്ങും. ഉച്ചവെയില്‍ ശക്തമാകുന്നതോടെ വിശ്രമിക്കും. വൈകിട്ട് വീണ്ടും യാത്ര തുടരും. പോകുന്ന വഴികളിലെ ക്ഷേത്രങ്ങളിലാണ് രാത്രി താമസം. യാത്രക്കിടെ പലപ്പോഴും പലരും ഭക്ഷണം എത്തിച്ചുകൊടുക്കാറുമുണ്ട്. 


എല്ലാം അയ്യപ്പസ്വാമിയുടെയും ഗുരുവായൂരപ്പന്റെയും അനുഗ്രഹം.

''എല്ലാം അയ്യപ്പസ്വാമിയുടെയും ഗുരുവായൂരപ്പന്റെയും അനുഗ്രഹമാണ്. കഴിയുന്നിടത്തോളം കാലം മല ചവിട്ടി മണികണ്ഠനെ കാണും. അതെന്റെ ജീവിതാഭിലാഷമാണ്''. വിഷ്ണുദാസ് സ്വാമി പറഞ്ഞു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments