പാലാ നഗരത്തിലെ ഓടയ്ക്ക് മുകളിലെ ഇരുമ്പ് ഗ്രില്ലുകള്‍ ഭീഷണി.... വീണുപോയാല്‍ കാലുപോകും!


 
സുനില്‍ പാലാ

പാലാ നഗരത്തിലെ വിവിധയിടങ്ങളില്‍ ഓടമൂടിയുള്ള ഇരുമ്പ് ഗ്രില്ലുകള്‍ തുരുമ്പിച്ചും പഴക്കത്താല്‍ വളഞ്ഞൊടിഞ്ഞും ഇരിക്കുന്നത് അപകടഭീഷണി സൃഷ്ടിക്കുന്നു.

പാലാ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റിന് എതിര്‍വശത്തുള്ള മര്‍ത്തോമാ ചര്‍ച്ച് റോഡിന്റെ തുടക്കത്തില്‍ തന്നെ ഇരുമ്പ് ഗ്രില്ലുകള്‍ തുരുമ്പെടുത്ത് പൊളിഞ്ഞിരിക്കുന്നത് കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇതുവഴി സഞ്ചരിക്കുന്ന വാഹനങ്ങളുടെ ടയര്‍ കീറുന്നതും പതിവായി. കഴിഞ്ഞ ദിവസം ഇതുവഴി കാല്‍നടയാത്രയായി എത്തിയ ഒരു വയോധികന്റെ കാല്‍ തുരുമ്പിച്ച ഇരുമ്പ് ഗ്രില്ലില്‍ കൊണ്ട് മുറിവേറ്റ സംഭവവുമുണ്ടായി. കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റിലേക്കും ചാവറ സ്‌കൂളിലേക്കും കിഴതടിയൂര്‍ പള്ളിയിലേക്കുമൊക്കെയുള്ള കാല്‍നടയാത്രക്കാര്‍ ഇതുവഴിയാണ് കടന്നുപോകുന്നത്. 
 

തുരുമ്പെടുത്ത ഗ്രില്ലുകള്‍ ഇരയെകാത്ത് വാപിളര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരാളുടെ കാലുമുറിഞ്ഞ സംഭവംകൂടി ഉണ്ടായതിനെ തുടര്‍ന്ന് സമീപവാസികള്‍ ഇവിടെ കല്ലുനിരത്തി കാട്ടുപള്ളകള്‍ കുത്തി അപകടസൂചക അറിയിപ്പും വച്ചു.
 


ഈ ഭാഗത്ത് മാത്രമല്ല ടൗണ്‍ ബസ് സ്റ്റാന്റിന് സമീപത്തും സെന്റ് തോമസ് സ്‌കൂളിന് സമീപത്തും റിവര്‍വ്യൂ റോഡിലുമൊക്കെ ഇങ്ങനെ തുരുമ്പിച്ച ഗ്രില്ലുകള്‍ കാണാം. യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്താത്തതും തീരെ പൊളിഞ്ഞ ഗ്രില്ലുകള്‍ മാറ്റിസ്ഥാപിക്കാത്തതുമാണ് വിനയായത്.  


തുരുമ്പിച്ച ഗ്രില്ലുകള്‍ മാറ്റാന്‍ നടപടി സ്വീകരിക്കും - ചെയര്‍മാന്‍
 

 

നഗരത്തില്‍ മര്‍ത്തോമ ചര്‍ച്ച് റോഡിലെ തുരുമ്പിച്ച ഗ്രില്ലുകള്‍ അപകടമുണ്ടാക്കിയ സാഹചര്യത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാജു വി. തുരുത്തന്‍ ഇന്നലെ സ്ഥലം സന്ദര്‍ശിച്ചു. ഇവിടം ഉള്‍പ്പെടെ തകര്‍ന്നിരിക്കുന്ന മുഴുവന്‍ ഗ്രില്ലുകളും മാറ്റി സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments