അപകടകരമായ ജനവിരുദ്ധ നിര്‍ദ്ദേശങ്ങള്‍ നിറഞ്ഞിരിക്കുന്ന കേരള വന നിയമ ഭേദഗതി കരട് വിജ്ഞാപനം പിന്‍വലിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു. പോലീസിന്റെ അധികാരം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന വിധത്തിലാണ് ഭേദഗതി നിര്‍ദ്ദേശം. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ആരെ വേണമെങ്കിലും കസ്റ്റടിയിലെടുക്കാനും തടങ്കലില്‍ വെയ്ക്കാനും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇതിലൂടെ സാധിക്കും. ഇത് ജനങ്ങളില്‍ ഭീതി ജനിപ്പിക്കുന്നതാണ്. അതോടൊപ്പം കുറ്റാരോപിര്‍ തന്നെ കേസ് തെളിയിക്കണമെന്നും പറയുന്നത് വനം വകുപ്പിനെ സമാന്തര സര്‍ക്കാരായി പ്രവര്‍ത്തിക്കാന്‍ ഇടയാക്കുന്നതുമാണന്ന് അദ്ദേഹം പറഞ്ഞു. കര്‍ഷകന്റെ ഭൂമിയെ ബഫര്‍ സോണ്‍ ആയി വേര്‍തിരിക്കുകയും അതിനു ശേഷം വനഭൂമിയാക്കി മാറ്റാനുമുള്ള ഗൂഡ തന്ത്രമാണ് ഇതിന്റെ പിന്നിലുള്ളത്. വനാതിര്‍ത്തി വര്‍ധിച്ചാല്‍ അത് കാര്‍ഷിക മേഖലയെ ബാധിക്കും. ഇപ്പോള്‍ തന്നെ ഒട്ടേറെ വെല്ലുവിളികളെ അതിജീവിച്ചാണ് കര്‍ഷകര്‍ കൃഷി ചെയ്ത് വരുന്നത്.
കൃഷി ചെയ്ത് വരുന്ന കര്‍ഷകരെ അവരുടെ കൃഷി ഭൂമിയില്‍ നിന്ന് ഇറക്കി വിടുക എന്നതാണ് ഈ നിയമം മൂലം സംജാതമാകുന്നതെന്ന് പി.ജെ ജോസഫ് പറഞ്ഞു. മലയോര മേഖലയിലെ എഴുപത് ശതമാനം ആളുകളും വനം വകുപ്പുമായി ബന്ധപ്പെട്ട് ആണ് ജീവിച്ച് വരുന്നത്. ഈ നിയമ പ്രകാരം വനാതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ വനത്തില്‍ നിന്ന് വിറക് ശേഖരിച്ചാലും പുഴകളില്‍ നിന്ന് മീന്‍ പിടിച്ചാലും വനത്തിലൂടെ സഞ്ചരിച്ചാലും അതെല്ലാം വലിയ കുറ്റകൃത്വത്തിന്റെ ഭാഗമാകുകയും വലിയ പിഴ അടക്കേണ്ടതായും വരുമെന്നും പി.ജെ. ജോസഫ് വ്യക്തമാക്കി.വനാതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ താമസിക്കുന്ന ഭൂരിപക്ഷം ആളുകളെയും ഈ ഭേദഗതി ദോഷകരമായി ബാധിക്കും. സര്‍ക്കാര്‍ കൊണ്ടുവരുന്ന ഓരോ നിയമങ്ങളും ഈ മേഖലകളിലെ കര്‍ഷരെ ദ്രോഹിക്കുന്ന വിധത്തിലാണ്. വന്യമൃഗങ്ങള്‍ നാട്ടലിറങ്ങി കൃഷിയിടങ്ങള്‍ നശിപ്പിക്കുകയും കര്‍ഷരെ കൊല്ലുകയും ചെയ്യുന്ന സ്ഥിതി വിശേഷത്തെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കോതമംഗലത്ത് ഉണ്ടായ മരണമെന്ന് പി.ജെ.ജോസഫ് പറഞ്ഞു.
0 Comments