ജീവിതം ഇവിടെ 'കട്ട്'' ആകരുത്!... വെള്ളിലാപ്പള്ളിയില്‍ ഭീഷണിയായി റോഡരുകിലെ കട്ടിംഗ്..




സുനില്‍ പാലാ

ആളെ കൊല്ലാനാണോ ഈ കട്ടിംഗ്... പാലാ - രാമപുരം റൂട്ടില്‍ വെള്ളിലാപ്പള്ളി കവലയ്ക്കും സെന്റ് ജോസഫ്‌സ് യു.പി. സ്‌കൂളിനും ഇടയിലുള്ള ഭാഗത്തെ റോഡുവക്കിലെ കട്ടിംഗ് വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ അപകടഭീതി സൃഷ്ടിക്കുകയാണ്. ഇവിടെ റോഡുവക്കില്‍ ടാറിംഗ് തീരുന്ന ഭാഗത്തോടു ചേര്‍ന്ന് ഒരടി താഴ്ചയില്‍ നെടുനീളെ കുഴിയാണ്. ഇതുവഴി യാത്ര ചെയ്യുന്ന ആര്‍ക്കും ഏതു നിമിഷവും അപകടം സംഭവിക്കാവുന്ന അവസ്ഥ.

പാലായില്‍ നിന്ന് രാമപുരത്തേക്കുള്ള ഏറ്റവും പ്രധാന വഴിയിലാണ് അധികാരികള്‍ സൃഷ്ടിച്ച ഈ കെണിയുള്ളത്. കഴിഞ്ഞ ഒന്നര മാസത്തിനിടെ ഈ ഭാഗത്ത് ചെറുതും വലുതുമായ ഒട്ടേറെ അപകടങ്ങളാണ് ഉണ്ടായത്. പലരും ഭാഗ്യവശാല്‍ നിസാര പരിക്കുകളോടെ രക്ഷപെടുകയായിരുന്നു. ഇന്നലെ രാത്രിയിലും ഒരു കാര്‍ ഈ കട്ടിംഗില്‍ പെട്ടു. കാറിന്റെ അടിഭാഗത്തിന് തകരാര്‍ സംഭവിക്കുകയും ചെയ്തു. 


സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് യാത്രക്കാര്‍ കാല്‍നടയായി സഞ്ചരിക്കുന്ന വഴിയുമാണിത്. ശബരിമല തീര്‍ത്ഥാടകരുടെയും തിരക്കുണ്ട്. വഴിയറിയാതെ വരുന്ന ഡ്രൈവര്‍മാര്‍ ഈ ഭാഗത്തുവച്ച് വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കേണ്ടി വന്നാല്‍ പൊടുന്നനെ ഈ കുഴിയിലേക്ക് ചാടും. ഇരുചക്രവാഹന യാത്രികര്‍ക്കാണ് ഈ അപകടക്കെണി ഏറ്റവും കൂടുതല്‍ പേടിസ്വപ്നമായിട്ടുള്ളത്. സൈഡ് ചേര്‍ത്താല്‍ കിടങ്ങില്‍ വാഹനം മറിഞ്ഞ് അപകടമുറപ്പ്. ടാര്‍ റോഡില്‍ തലയടിച്ചാല്‍ പിന്നെ പറയുകയും വേണ്ട. 

ഈ ഭാഗത്ത് ടാറിംഗ് കട്ടിയിലിട്ട് സൈഡ് ചേര്‍ക്കാത്തപ്പോള്‍ തന്നെ യാത്രക്കാരും സമീപവാസികളും പരാതി പറഞ്ഞിരുന്നതാണ്. എന്നാല്‍ ആരും കേട്ടില്ല. ഇവിടെ വലിയൊരു അപകടമുണ്ടായെങ്കിലേ ഇനി അധികാരികള്‍ ഉണരുകയുള്ളോ എന്നാണ് യാത്രക്കാരുടെ ചോദ്യം.



അപകടക്കെണി എത്രയുംവേഗം ഒഴിവാക്കണം


വെള്ളിലാപ്പള്ളി ജംഗ്ഷന് സമീപമുള്ള ടാര്‍ റോഡിന്റെ വശത്തെ അപകടക്കെണി എത്രയും വേഗം ഒഴിവാക്കണം. വെള്ളിലാപ്പള്ളി കാര്‍ത്യായനി ദേവീക്ഷേത്രം, ശക്തീശ്വരം മഹാദേവക്ഷേത്രം, പുതിയകാവ് ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള ഭക്തര്‍ സഞ്ചരിക്കുന്ന വഴിയുമാണിത്. ഇവിടം നന്നാക്കാന്‍ അധികാരികള്‍ എത്രയുംവേഗം തയ്യാറാകണം
- രാജു കിഴക്കേക്കര, പൊതുപ്രവര്‍ത്തകന്‍.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments