ലോകപ്രശസ്ത ബ്രിട്ടീഷ് ചരിത്രകാരനും അന്താരാഷ്ട്ര പുരസ്‌കാര ജേതാവും ജയ്പൂർ സാഹിത്യോത്സവത്തിന്റെ സഹസ്ഥാപകനുമായ വില്യം ഡാല്‍റിംപിൾ പാലാ സെന്റ് തോമസ് കോളേജ് ഓട്ടോണമസിന്റെ പ്ലാറ്റിനം ജൂബിലിയോട നുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന Gravitas പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം 2024 ഡിസംബർ 2 തിങ്കളാഴ്ച രാവിലെ 10.30 ന് ബിഷപ് വയലിൽ ഹാളിൽ നിര്‍വ്വഹിക്കും. പ്രാചീന ഇന്‍ഡ്യ എങ്ങനെ ലോകത്തെ പരിവര്‍ത്തിപ്പിച്ചു എന്ന വിഷയത്തിൽ വില്യം ഡാല്‍റിംപിൾ പ്രഭാഷണം നടത്തും. സിറ്റി ഓഫ് ഡിജിന്‍സ്, ദി ലാസ്റ്റ് മുഗള്‍, ദി അനാര്‍ക്കി തുടങ്ങിയ കൃതികളുടെ കര്‍ത്താവായ ഡാല്‍റിംപിൾ പുരാതന ഇന്ത്യാചരിത്രത്തെക്കുറിച്ചും ഇന്ത്യൻ കടല്‍പ്പാതയെക്കുറിച്ചും ഗവേഷണം ചെയ്തിട്ടുണ്ട്. പുരാവസ്തു ശാസ്ത്രത്തിന്റെയും സാമ്പത്തിക ചരിത്രത്തിന്റെയും പിന്‍ബലത്തിൽ ഇന്ത്യയെക്കുറിച്ച് അദ്ദേഹം നടത്തിയിട്ടുള്ള നിരീക്ഷണങ്ങൾ ലോകശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി.
കേരളത്തിലെ മുസിരിസ് പട്ടണത്തെക്കുറിച്ചും അദ്ദേഹത്തിന്റെ ചരിത്രപുസ്തകങ്ങളിൽ പരാമര്‍ശമുണ്ട്. പുരാതന വ്യാപാരത്തിന്റെ കാര്യത്തില്‍ ഭൂപ്രകൃതിയും കാലാവസ്ഥയും ഇന്ത്യയ്ക്ക് വലിയ ഗുണംചെയ്തു എന്ന പക്ഷക്കാരനാണ് ഇപ്പോള്‍ ബ്രിട്ടനില്‍ സ്ഥിരതാമസമാക്കിയ വില്യം ഡാല്‍റിംപിള്‍. സാധാരണ വായനക്കാരുടെ അടുക്കലേക്ക് എത്തുന്നതിൽ അക്കാദമിക് വിദഗ്ധരായ ഇന്ത്യൻ ചരിത്രകാരന്മാർ ഇപ്പോൾ ഒരു വിജയമായി മാറിയിട്ടുണ്ട് എന്ന് ഡാല്‍റിംപിൾ അഭിപ്രായപ്പെടുന്നു. ഇന്ത്യയുടെ മഹത്തായ നാഗരികതയെ ലോകത്തിനു മുമ്പില്‍ അറിയിക്കാൻ ഡാല്‍റിംപിളിന്റെ ചരിത്രഗ്രന്ഥങ്ങള്‍ക്കു സാധിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച അന്‍പതു ചിന്തകന്മാരിൽ ഒരാളായി പ്രോസ്‌പെക്ട് തിരഞ്ഞെടുത്ത വില്യം ഡാല്‍റിംപിൾ ലോകത്തിലെ ഏറ്റവും ആകര്‍ഷകമായ നഗരങ്ങളിലൊന്നായ ഡല്‍ഹി ശ്വാസംമുട്ടിക്കുന്ന മരണക്കെണിയായി മാറിയതിനെക്കുറിച്ചു പ്രകടിപ്പിച്ച ആശങ്ക ഏറെ വിവാദം സൃഷ്ടിക്കുകയുണ്ടായി.
പുരാതന ഇന്ത്യാചരിത്രത്തിലും ആധുനിക ഇന്ത്യാചരിത്രത്തിലും ഗ്രന്ഥരചനയില്‍ മുഴുകിയിരിക്കുന്ന വില്യം ഡാല്‍റിംപിൾ പുതിയ പുസ്തകമായ The Golden Road നെ പാലാ സെന്റ് തോമസ് കോളേജിലെ പ്രഭാഷണത്തില്‍ പരിചയപ്പെടുത്തും. അക്കാദമീഷ്യന്മാര്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പുറമെ പൊതുജനങ്ങള്‍ക്കും അദ്ദേഹത്തിന്റെ പ്രഭാഷണം കേള്‍ക്കാൻ കോളേജ് സൗകര്യമൊരുക്കിയിട്ടുണ്ട്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെയും ജ്ഞാനഭാരത് അഭിയാന്റെയും ഡി.സി. ബുക്‌സിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ചിട്ടുള്ള ഈ പ്രഭാഷണത്തിനുശേഷം പൊതുജനങ്ങള്‍ക്ക് ഡാല്‍റിംപിളുമായി സംവാദത്തിനുള്ള അവസരമുണ്ടായിരിക്കും. കോളേജിന്റെ രക്ഷാധികാരി പാലാ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കോളേജ് മാനേജര്‍ പ്രോട്ടോ-സിഞ്ചല്ലൂസ് വെരി റവ. ഡോ. ജോസഫ് തടത്തില്‍, കോളേജ് പ്രിന്‍സിപ്പൽ ഡോ. സിബി ജയിംസ്, വൈസ് പ്രിന്‍സിപ്പൽ റവ. ഡോ. സാല്‍വിൻ കെ. തോമസ്, ബര്‍സാർ റവ. ഫാ. മാത്യു ആലപ്പാട്ടുമേടയില്‍ എന്നിവർ സംബന്ധിക്കും.
0 Comments