മന്ത്രിമാർ താലൂക്ക്തലത്തിൽ ജനങ്ങളുടെ അരികിലെത്തി പരാതികൾ കേട്ട് ഉടനടി പരിഹാരനടപടി കൈക്കൊള്ളുന്ന കരുതലും കൈത്താങ്ങും പരാതിപരിഹാര അദാലത്തിന് കോട്ടയം ജില്ലയിൽ സമാപനം. 537 കുടുംബങ്ങൾക്ക് ആശ്വാസമേകിയാണ് അഞ്ചുദിവസങ്ങളിലായി നടന്ന അദാലത്ത് സമാപിച്ചത്. അഞ്ചു താലൂക്കുകളിലായി നടന്ന അദാലത്തിൽ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവനും ജലസേചന വകുപ്പു മന്ത്രി റോഷി അഗസ്റ്റിനും മുഴുവൻ സമയവും പങ്കെടുത്ത് പരാതിക്കാരെയും അപേക്ഷകരെയും കേട്ടു.
ജില്ലയിൽ മൊത്തം 1675 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 537 എണ്ണത്തിന് അദാലത്തിൽവച്ചു തന്നെ പരിഹാരമുണ്ടാക്കി. 1138 അപേക്ഷകൾ 15 ദിവസത്തിനകം തീർപ്പാക്കി അപേക്ഷകരെ രേഖാമൂലം അറിയിക്കുന്നതിന് വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. ഓൺലൈനായി അപേക്ഷകൾ വിവിധ വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ട്. അടിയന്തരമായി പരാതികൾ പരിഗണിച്ച് തീർപ്പാക്കാനാണ് സർക്കാർ വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികൾക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്.
കാഞ്ഞിരപ്പള്ളി താലൂക്കിൽ ചൊവ്വാഴ്ച നടന്ന അദാലത്തിൽ മൊത്തം 288 പരാതികളാണ് ലഭിച്ചത്്. ഇതിൽ 138 അപേക്ഷകൾ ഉടൻ തീർപ്പാക്കി. മറ്റു പരാതികൾ 15 ദിവസത്തിനകം തീർപ്പാക്കി അപേക്ഷകനെ അറിയിക്കും. സാമൂഹിക ക്ഷേമ പെൻഷൻ അനുവദിക്കൽ, അപകടകരമായ മരങ്ങൾ മുറിക്കൽ, മുൻഗണന റേഷൻ കാർഡ് അനുവദിക്കൽ, സർവേ, വീടുകൾക്ക് സംരക്ഷണം ഒരുക്കൽ, ഭൂമിസംബന്ധമായ പരാതികൾ തുടങ്ങി വിവിധ വിഷയങ്ങളിലുള്ള പരാതികൾ അദാലത്തിലൂടെ തീർപ്പാക്കി. എല്ലാ വകുപ്പുകളുടെയും ജില്ലാതല ഉദ്യോഗസ്ഥരും പരാതികളുമായി ബന്ധപ്പെട്ട വിവിധ വകുപ്പ് ഉദ്യോഗസ്ഥരും അദാലത്തിൽ സന്നിഹിതരായി. ജില്ലാ കളക്ടർ ജോൺ വി. സാമുവലിന്റെ നേതൃത്വത്തിൽ വിപുലമായ സംവിധാനങ്ങളാണ് അദാലത്തിനായി ഒരുക്കിയിരുന്നത്. ദീർഘകാലമായി ചുവപ്പുനാടയിൽ കുടുങ്ങിക്കിടന്ന പല പരാതികൾക്കും പരിഹാരവേദിയായി അദാലത്ത്.
0 Comments