പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വര്‍ഷത്തിന്റെയും ഡി സി എം എസ് സംഘടനയുടെ സപ്തതി വര്‍ഷാചരണത്തിന്റെയും ഭാഗമായി രാമപുരം കുഞ്ഞച്ചന്‍ നഗറില്‍ വച്ചു നടത്തപ്പെട്ട ക്രൈസ്തവ മഹാസമ്മേളനത്തിനു കുഞ്ഞച്ചന്റെ കബറിടത്തില്‍ ദീപം തെളിയിച്ചുകൊണ്ട് സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കാര്‍ഡിനല്‍ മാര്‍ ക്ലിമീസ് കാതോലിക്ക ബാവ ആരംഭം കുറിച്ചു. തുടര്‍ന്ന് സമ്മേളന വേദിയില്‍ മുഖ്യാഥിതിയായി പ്രസംഗിച്ച കര്‍ദിനാള്‍ രാജ്യവും ഭരണഘടനയും പൗരന്മാര്‍ക്ക് നല്‍കുന്ന സുരക്ഷിതത്വബോധത്തില്‍ മുറിവുകള്‍ ഉണ്ടാക്കരുതെന്നു ആവശ്യപ്പെട്ടു. മതത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്നത് ഭരണഘടനയ്ക്കുതന്നെ അപമാനമാണ്. ദളിത് സമൂഹത്തിന്റെ പിന്നോക്കാവസ്ഥ ഒരു പോലെ കാണണം. അതിനാല്‍ ദളിത് ഇന്ത്യന്‍ എന്ന പ്രയോഗമാണ് ഉണ്ടാകേണ്ടത്. ദളിത് ക്രൈസ്തവരോടൊപ്പം ഹൃദയം കൊണ്ടു കേരളസഭ ചേര്‍ന്നു നില്‍ക്കുന്നുവെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. നമ്മുടെ ദേശം എല്ലാവരും ഏകോദര സഹോദരരരെ പോലെ ജീവിക്കുന്ന ഇടം ആകട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമൂഹിക സാഹചര്യങ്ങള്‍ ഒരുപോലെ നിലനില്‍ക്കുന്ന ഒരു രാജ്യത്ത് സംവരണത്തിലെ വിവേചനം നീതിരഹിതവും മനുഷ്യത്വരഹിതവുമാണെന്ന് ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍ പറഞ്ഞു.
രാമപുരത്ത് നടന്ന ക്രൈസ്തവ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ ഒരു ജനസമൂഹം അവഗണിക്കപ്പെടുകയും മതത്തിന്റെ പേരില്‍ പ്രത്യേക നിയമങ്ങള്‍ ഒരേ സമുദായത്തില്‍ പെട്ടവര്‍ക്ക് നിര്‍മ്മിക്കുന്നത് ഒരു രാജ്യത്തിനു ഭൂഷണമല്ലെന്നും പറഞ്ഞു. പൊതുസമൂഹത്തെ വളര്‍ത്തിയ ക്രൈസ്തവ സമൂഹം എല്ലാവരും മനുഷ്യരാണെന്നു പഠിപ്പിച്ചു. സമത്വത്തിന്റെ ബാലപാഠങ്ങള്‍ പൊതുസമൂഹത്തെ പഠിപ്പിച്ചത് ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. പൊതു സമൂഹത്തെ വളര്‍ത്തിയ നമ്മള്‍ സ്വയം വളര്‍ന്നോ എന്നു ചിന്തിക്കേണ്ട സമയമാണിത്. നഷ്ടപ്പെടുന്ന അവകാശങ്ങളെയും നന്മകളെയും കുറിച്ച് അറിവില്ലെങ്കില്‍ അത് ആ സമൂഹത്തിന്റെ പരാജയത്തില്‍ അവസാനിക്കുമെന്നും കൂട്ടത്തില്‍ അവസാനിക്കാതെ കൂട്ടായ്മയില്‍ വളരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. ഡിസിഎംഎസ് പാലാ രൂപതയുടെ ഹൃദയഭാഗമാണെന്നും രൂപതാംഗങ്ങളില്‍ ആറില്‍ ഒരു ഭാഗം ദളിത് ക്രൈസ്തവരാണെന്നും അദ്ദേഹം പറഞ്ഞു. ദളിത് കത്തോലിക്കര്‍ക്കു വേണ്ടി രൂപത നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി. ചരിത്രത്തില്‍ വിമോചന സമരം, വിദ്യാഭ്യാസ സമരം, മദ്യം,മയക്കുമരുന്ന് എന്നിവക്കെതിരെയുള്ള മുന്നേറ്റങ്ങള്‍, പാരിസ്ഥിതിക,കാര്‍ഷിക പ്രശ്‌നങ്ങള്‍ എന്നിവയില്‍ ഉടനീളം രൂപത ഇടപെട്ടുകൊണ്ടിരുന്നു. പാലാ രൂപത നിഷ്‌ക്രിയമായിരുന്നില്ല. ഉറങ്ങാത്ത കാവല്‍ക്കാരനായി നാലു ലക്ഷത്തോളം വരുന്ന രൂപതാംഗങ്ങളെ കരങ്ങള്‍ക്കുള്ളില്‍ കാത്തു സംരക്ഷിച്ചുകൊണ്ടിരുന്നു. ഇതുപോലെതന്നെ, ദളിത് ജനവിഭാഗത്തെയും സംരക്ഷിക്കുകയും അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും ചെയ്യുന്നു. അതിന്റെ ഭാഗമാണ് ഈ മഹാസമ്മേളനവും സിമ്പോസിയവും ബിഷപ്പ് തുടര്‍ന്നു പറഞ്ഞു. വാഴ്ത്തപ്പെട്ട കുഞ്ഞച്ചനില്‍നിന്ന് മാമോദീസാ സ്വീകരിക്കുകയും കുഞ്ഞച്ചന്റെ സംസ്‌കാര ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിക്കുകയും ചെയ്ത മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ സന്നിഹിതനായിരുന്നു.
സമ്മേളനത്തില്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ അപ്രേം അനുഗ്രഹ പ്രഭാഷണം നടത്തി. മന്ത്രി റോഷി അഗസ്റ്റ്യന്‍ ജൂബിലി സന്ദേശം നല്‍കി. എം.പി മാരായ ജോസ് കെ. മാണി, ആന്റോ ആന്റണി, എംഎല്‍എമാരായ മോന്‍സ് ജോസഫ്, സെബാസ്‌റ്യന്‍ കുളത്തുങ്കല്‍, പാലാ രൂപത പ്രോട്ടോ-സിഞ്ചല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍, വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, മോണ്‍. ജോസഫ് കണിയോടിക്കല്‍, ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജെയിംസ് ഇലവുങ്കല്‍,ഡിസിഎംഎസ് രൂപത പ്രസിഡന്റ് ബിനോയി ജോണ്‍, ബിന്ദു സെബാസ്റ്റ്യന്‍, രാജീവ് കൊച്ചുപറമ്പില്‍, ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, ഫാ. ജോസ് വടക്കേക്കുറ്റ്, ബിന്ദു ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
0 Comments